കേരള കരാറുകാർ എവിടെ?

Share this post:

ലേബർ സംഘങ്ങൾ, അക്രെഡിറ്റഡ് ഏജൻസികൾ, അതിഥി കരാറുകാർ എന്നിവർക്കിടയിൽ, സംസ്ഥാന നിർമ്മാണ കരാർ മേഖലയിൽ , കേരള കരാറുകാരുടെ പങ്കെന്താണ്.?

എണ്ണത്തിൽ ഇപ്പോഴും കേരള കരാറുകാരാണ് മുന്നിൽ. ഇപ്പോഴത്തെ രീതിയിൽ കൊഴിഞ്ഞു പോക്ക് തുടർന്നാൽ, ഏതാനും വർഷങ്ങൾ കൊണ്ട് , അംഗസംഖ്യയിൽ കേരള കരാറുകാർ ചെറു നൂനപക്ഷമാകും. എന്നാൽ ഏറ്റെടുക്കുന്ന പ്രവർത്തികളുടെ ആകെ അടങ്കൽ തുക പരിശോധിച്ചാൽ, കേരള കരാറുകാരുടെ സ്ഥിതി പരിതാപകരമാണ്.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തികളുടെ എൻപത് ശതമാനത്തിലധികവും മേൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളാണ് ചെയ്യുന്നത്. എഗ്രിമെന്റുകളുടെ എണ്ണത്തിലല്ല, എഗ്രിമെന്റ് തുകയുടെ അടിസ്ഥാനത്തിലാണത്. ഊരാളുങ്കലിന് , കൂലി വേലക്കാരുടെ പരസ്പര സഹായ സഹകരന്ന സംഘം എന്ന നിലയിൽ മാത്രമല്ല, അക്രെഡിറ്റഡ് ഏജൻസി എന്ന പരിഗണനയിലും ആനുകൂല്യങ്ങൾ ലഭിക്കുന്നു. മറ്റ് സംഘങ്ങൾക്കും അക്രെഡിറ്റഡ് ഏജൻസികൾക്കും ഇല്ലാത്ത പല പ്രിവിലേജുകളും ഊരാളുങ്കലിനുണ്ട്. മുൻകൂർ യോഗ്യതയിൽ പോലും ഊരാളുങ്കലിന് ഇളവുണ്ട്. സഹകരണ വകുപ്പാണ്, (എഞ്ചിനീയറിംഗ് വകുപ്പുകളല്ല,) ഊരാളുങ്കലിന്റെ ടെണ്ടറിൽ പങ്കെടുക്കാനുള്ള യോഗ്യത നിശ്ചയിക്കുന്നത്! ലേബർ സംഘം പങ്കെടുക്കുന്ന ടെണ്ടറിൽ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർക്ക് ടെണ്ടർ അംഗീകരിച്ച് ലഭിക്കുവാൻ കഴിയാതിരുന്ന കാലം പോലുമുണ്ടായിരുന്നു. ടെണ്ടർ തുറന്നു കഴിയുമ്പോൾ, ഏറ്റവും കുറഞ്ഞ നിരക്കെഴുതിയ കരാറുകാരനെക്കാൾ പത്ത് ശതമാനം ഉയർന്ന നിരക്കിൽ പണി ചെയ്യാമോ എന്ന് ലേബർസംഘത്തോട് ചോദിക്കും. അവർ നാദ്ധ്യമല്ലെന്ന് രേഖാമൂലം അറിയിച്ചാൽ മാത്രമേ, ഏറ്റവും കുറഞ്ഞ നിരക്കുകാരന് എഗ്രിമെന്റ് വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ.ഡോ എം.കെ.മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് അതിന് അറുതി വരുത്തിയത്.

ലേബർസംഘങ്ങൾക്കും അക്രെഡിറ്റഡ് ഏജൻസികൾക്കും നൽകുന്ന പ്രത്യേക സൗജന്യങ്ങൾ മൂലം ഓരോ വർഷവും എത്ര കോടി രൂപ വീതമാണ് സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാകുന്നതെന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. അന്യായ പിഴകളും കർശന ശിക്ഷകളും ചുമത്തപ്പെടുന്ന സാധാരണ കരാറുകാർക്കില്ലാത്ത വമ്പൻ ആനുകൂല്യങ്ങൾ ലേബർസംഘങ്ങൾക്കും അക്രെഡിറ്റഡ് ഏജൻസികൾക്കും നൽകേണ്ടതിന്റെ ആവശ്യകതയും സർക്കാർ പരിശോധിക്കണം. ലേബർ സംഘങ്ങളിലുള്ളതിനെക്കാൾ എത്രയോ ഇരട്ടി യഥാർത്ഥ തൊഴിലാളികളാണ് കേരള കരാറുകാരോടൊപ്പം ഉള്ളതെന്ന് സർക്കാർ തിരിച്ചറിയണം. കേരള കരാറുകാർ അതിഥി കരാറുകാരുടെ മുമ്പിൽ കിതയ്ക്കുന്നതിന്റെ കാരണങ്ങൾ കരാറുകാരും പരിശോധിക്കണം.

സർക്കാർ എഞ്ചിനീയറിംഗ് വകുപ്പുകളും കരാറുകാരും പാർശ്വവൽക്കരിക്കപ്പെട്ട് ഇല്ലാതാകുന്നദിനം അനതിവിദൂരമല്ല.

വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *