തിരുവനന്തപുരം: പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡാം മാനേജ്മെന്റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജി യുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍ ഡാം മാനേജ്മെന്റില്‍ പരാജയം ഉണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ്. ഡാം മാനേജ്മെന്റില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു. 2020 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സി.എ.ജി റിപ്പോര്‍ട്ടിലും പറയുന്നത്.
സില്‍വര്‍ലൈന്‍
ഇത്രയും വലിയ കടക്കെണിയില്‍ സംസ്ഥാനം നില്‍ക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും. 1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംഘപരിവാര്‍ സര്‍ക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സര്‍ക്കാരിന്റേത്. ഇടതുപക്ഷത്തു നിന്നുള്ള നയവ്യതിയാനമാണിത്.