തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ജൽജീവൻ പദ്ധതി നടത്തിപ്പ് സംബന്ധിച്ച്, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ,പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടി അപൂർണ്ണവും തെറ്റിദ്ധാരണ പരത്തുന്നതുമായിരുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും, പൈപ്പിലൂടെ നേരിട്ട് കുടിവെള്ളം എത്തിക്കാനുള്ള 44500 കോടി രൂപയുടെ പദ്ധതി നടത്തിപ്പിൽ , കേരളം, ഇന്ത്യയിൽ 31-ാം സ്ഥാനത്താണെന്നതും , നടപ്പ് പണികളിൽ പലതും നിലയ്ക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്യുകയാണെന്നതും വകുപ്പുമന്ത്രിയുടെ പ്രസ്താവനയുടെ നിജസ്ഥിതിയിൽ സംശയം ജനിപ്പിക്കുന്നതാണ്.
1) 2024 മാർച്ച് 31 – ന് ജൽ ജീവൻ പദ്ധതിയുടെ കാലാവധി അവസാനിച്ചതാണ്. ഒരു വർഷം കൂടി ദീർഘിപ്പിപ്പു . ഇനി കുറഞ്ഞത് മൂന്നു വർഷം കൂടിയെങ്കിലും ദീർഘിപ്പിച്ചാൽ മാത്രമേ പണികൾ പൂർത്തിയാകൂ.
2) കേന്ദ്രസർക്കാർ 45%, സംസ്ഥാന സർക്കാർ 30%, ഗ്രാമ പഞ്ചായത്തുകൾ 15%, ഉപഭോക്തൃവിഹിതം 10% എന്നിങ്ങനെയാണ് ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഫണ്ട് വിഹിതം. ഗുണഭോക്തൃ വിഹിതം ഇപ്പോൾ പിരിക്കുന്നില്ല. അതിനാൽ കേന്ദ്രവും സംസ്ഥാനവും (ഗ്രാമപഞ്ചായത്ത് വിഹിതം ഉൾപ്പെടെ) തുല്യ വിഹിതം നൽകേണ്ട സ്ഥിതിയിലാണ്.
3) നാല്പത്തിനാലായിരത്തി അഞ്ഞൂറു കോടിയുടെ ഒരു പദ്ധതി നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മിനിമം മുന്നൊരുക്കങ്ങൾ പോലും വാട്ടർ അതോരിറ്റി സ്വീകരിച്ചിരുന്നില്ല. ഫെയ്സ്1, 2, 3, 4 എന്നിങ്ങനെ ഓരോ വർഷവും നടത്തേണ്ട പണികൾ ക്രമീകരിക്കുകയും, സമയബന്ധിത പൂർത്തീകരണത്തിന് യുദ്ധ കാലാടിസ്ഥാനത്തിൽ ഒരു കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്യണമായിരുന്നു. ഗ്രാമ പഞ്ചായത്തുകളുടേതുൾപ്പെടെ , സംസ്ഥാനം കണ്ടെത്തേണ്ട 22,250 കോടിയോളം രൂപ എങ്ങനെ പദ്ധതി കാലയളവിൽ സ്വരൂപീക്കുമെന്നത് സംബന്ധിച്ചും വ്യക്തമായ തയ്യാറെടുപ്പ് നടത്തണമായിരുന്നു. ഓരോ വർഷവും ആയിരത്തിൽ താഴെ കോടി രൂപ മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചത്. സംസ്ഥാനം ചെലവിടുന്നതിന് ആനുപാതികമായി മാത്രം കേന്ദ്രവും ചെലവിടണമെന്നതാണ് വ്യവസ്ഥ . അതിനാൽ ഇതുവരെ പതിനായിരത്തിൽ പരം കോടി രൂപ മാത്രമാണ് കേന്രവും സംസ്ഥാനവും കൂടി കരാറുകാർക്ക് നൽകിയിട്ടുളളതു്. നാലായിരത്തിലധികം കോടി രൂപ ഇപ്പോൾ കുടിശ്ശികയുമാണ്.
സാമ്പത്തിക വർഷാവസാനത്തിൽ കുടിശ്ശിക അയ്യായിരം കോടി രൂപയിലധികമാകും.
4) സംസ്ഥാന .വിഹിതം നൽകുന്നതിനായി 12000 – 15000 കോടി രൂപ വരെ വായ്പയെടുക്കുമെന്നാണ് കരാറുകാർക്ക് വാഗ്ദാനം നൽകിയിരുന്നത്. വായ്പയെടുക്കുന്നതിനെ, വാട്ടർ അതോരിറ്റി ജീവനക്കാരുടെ സംഘടന ശക്തമായി എതിർക്കുന്നു. സംസ്ഥാനത്തിന്റെ പരിധിയ്ക്കുള്ളിൽ നിന്ന് ഈ വായ്പ എടുക്കണമെന്നതാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയ്ക്ക് പുറമേ വായ്പയെടുക്കാൻ അനുവദിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഈ നിലപാടുകൾ തുടർന്നാൽ വായ്പ എടുപ്പ് നടക്കില്ല. ബഡ്ജറ്റ് വിഹിതമായി നൽകാനുള്ള സാഹചര്യവും ഇല്ല.
5) ജൽ ജീവൻ പദ്ധതിയിൽ കണക്ഷൻ ലഭിച്ച നിരവധിയാളുകൾ അത് വിച്ഛേദിക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
6) സംസ്ഥാന വിഹിതം (Matching Share) എങ്ങനെ യഥാസമയം സമാഹരിച്ച് നൽകാമെന്നതിനെ ആശ്രയിച്ചാണ് കേരളത്തിലെ ജൽ ജീവൻ പദ്ധതിയുടെ ഭാവി.
7) ഭരണാനുമതി നൽകിയ തുകയുടെ അടിസ്ഥാനത്തിലാണെങ്കിൽ സംസ്ഥാനം ഇനി 17250 കോടിയോളം രൂപ കണ്ടെത്തണം. മുൻ -പിൻ ആലോചിക്കാതെ 44500 കോടി രൂപയ്ക്ക് ഭരണാനുമതി നൽകുകയും ടെണ്ടറുകൾ വിളിക്കുകയും ചെയ്തിട്ട് ഇപ്പോൾ അതുമിതും പറയുന്നത് അധാർമ്മികമാണ്. കേന്ദ്രം അനുവദിക്കുന്നില്ലെങ്കിൽ, സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ നിന്ന് വായ്പയെടുത്തോ ബഡ്ജറ്റ് വിഹിതം അനുവദിച്ചോ ജൽ ജീവൻ പദ്ധതി പൂർത്തീകരിക്കണം.
8 ) എലിപ്പെട്ടിയിൽ അകപ്പെട്ട എലിയുടെ അവസ്ഥയിലാണ് കരാറുകാർ. ധാരാളം പണികൾ നിലച്ചു. പലരുടെയും അക്കൗണ്ടുകൾ മരവിച്ചു. ഫെ: 1-ന് നിർമ്മാണ ബന്ദും, സംസ്ഥാന ബഡ്ജറ്റിനു ശേഷം അനിവാര്യമെങ്കിൽ അനിശ്ചിത കാല പണി നിറുത്തിവയ്ക്കലിനും കരാറുകാർ നിർബന്ധിതരാണ്.
9) കരാറുകാരെ ഭിന്നിപ്പിക്കാനും വാട്ടർ അതോരിറ്റി ശ്രമിക്കുന്നു. സാങ്കേതിക പഴുതുകൾ സൃഷ്ടിച്ച്, ബില്ലുകളുടെ മുൻഗണനാക്രമം അട്ടിമറിയ്ക്കുകയാണ്. 288 കോടി രൂപയുടെ ബില്ലുകൾ മുൻഗണന തെറ്റിച്ച് നൽകി. ഞായറാഴ്ച ജലഭവൻ ആഫീസ് പ്രവർത്തിപ്പിച്ചാണ് , മുൻഗണന അട്ടിമറിച്ചത്. കടക്കെണിയിൽ പെട്ട് ആത്മഹത്യാ മുനമ്പിൽ നില്ക്കുന്ന കരാറുകാരെ , മൂൻഗണന തെറ്റിച്ച് പണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പല ഏജന്റന്മാരും സമീപിക്കുന്നതായി അറിയുന്നു. വൻ തുക കമ്മീഷൻ ആവശ്യപ്പെടുന്നതായും കേൾക്കുന്നു.
10) പൊതുജനങ്ങളെയും , സർക്കാരിനെ വിശ്വസിച്ച് പ്രവർത്തിക ഏറ്റെടുത്ത് , കടക്കെണിയിൽ പെട്ടിരിക്കുന്ന കരാറുകാരെയും രക്ഷിക്കുന്നതിന് കേരള സർക്കാർ ഉടനടി രംഗത്തു വരണം. ജനപ്രതിനിധികൾ കക്ഷി രാഷ്ടീയത്തിനതീതമായി ജൽ ജീവൻ കുടിവെള്ള പദ്ധതി, ഒരു മഹാദുരന്തമായി മാറാതിരിക്കാൻ , അടിയന്തിരമായി ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു.
വികാസ് മുദ്രയ്ക്കു വേണ്ടി
വർഗീസ് കണ്ണമ്പള്ളി