തിരുവനന്തപുരം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെയും വാട്ടർ അതോരിറ്റിയിലെ അറ്റകുറ്റ പണികളുടെയും പണം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൽ നിലപാട് വ്യക്തമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2023 സെപ്റ്റംബറിൽ മെയ്ന്റനൻസ് കരാറുകാരുടെ കുടിശ്ശിക പൂർണ്ണമായി കൊടുത്തു തീർക്കുമെന്നും തുടർന്ന് കുടിശ്ശിക രഹിത സ്ഥിതി നിലനിറുത്തുമെന്നുമാണ് , 2022 ലെ മെയ്ന്റനൻസ് കരാറുകാരുടെ സമരം ഒത്തുതീർപ്പിലെത്തിക്കുന്നതിനുള്ള ഉപാധിയായി മന്ത്രി നൽകിയ ഉറപ്പ്. വാട്ടർ ചാർജ് വർദ്ധന മൂലം വാട്ടർ അതാരിറ്റിയുടെ റവന്യൂ വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയും സർക്കാർ ഗ്രാന്റും മനസിൽ കണ്ടു കൊണ്ടാണ് അദ്ദേഹം പ്രസ്തുത ഉറപ്പ് നൽകിയതെന്ന് വ്യക്തം. ഓരോ മാസവും ഒരു മാസ ത്തെ കുടിശ്ശിക , വാട്ടർ അതോരിറ്റിയുടെ റവന്യൂ വരുമാനത്തിൽ നിന്നും നൽകണമെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. അത് കൃത്യമായി പാലിക്കപ്പെടുന്നുമുണ്ട്. എന്നാൽ 18 മാസത്തെ കുടിശ്ശിക തുടരുകയുമാണ്. സർക്കാർ ഗ്രാന്റ് ലഭിക്കാത്തതാണ് കാരണം. വൈദ്യുതി ചാർജ് കുത്തനെ വർദ്ധിപ്പിച്ചത്, വാട്ടർ അതാരിറ്റിയുടെ റവന്യൂ വരുമാന മിച്ചം ഗണ്യമായി കുറയ്ക്കും. 2022 മുതൽ മെയ്ന്റനൻസ് കരാറുകാർക്ക് നൽകി വന്ന പ്രതിമാസ ഗഡു പോലും മുടങ്ങുമെന്ന ഭയം കരാറുകാർക്കുണ്ട്. സർക്കാർ ഗ്രാന്റ് പുന:സ്ഥാപിക്കുകയോ വാട്ടർ ചാർജ് വീണ്ടും വർദ്ധിപ്പിക്കുകയോ വേണ്ടി വരും. ഇക്കാര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം.
ജെ .ജെ . എം. 44500 കോടി രൂപ അടങ്കൽ വരുന്ന ജൽ ജീവൻ കൂടി വെള്ള പദ്ധതിയിലെ 4000 കോടിയുടെ കുടിശ്ശികയെ നിസാരവൽക്കരിക്കുകയാണ് മന്ത്രി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ,ചാണ്ടി ഉമ്മൻ എ.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിൽ, ജെ.ജെ എം പദ്ധതിയിൽ ഒരു പ്രതിസന്ധിയുമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ജെ.ജെ. എം പദ്ധതി വിജയകരമായി പൂർത്തിയാക്കണമെങ്കിൽ സംസ്ഥാന സർക്കാർ 22250 കോടി രൂപ സമാഹരിച്ചു നൽകണം. പദ്ധതിയുടെ കാലാവധി അവസാനിച്ച് ഒരു വർഷം കൂടി നീട്ടിയിട്ടും സംസ്ഥാനം ആകെ ചെലവഴിച്ചത് 5000 -ൽ പരം കോടി രൂപ മാത്രം. സംസ്ഥാനത്തിന്റെ പ്രതിവർഷ ചെലവ് ആയിരത്തിൽ പരം കോടി മാത്രം. ഇങ്ങനെ പോയാൽ സംസ്ഥാനം ചെലവിടേണ്ട വിഹിതം നൽകാൻ പതിറ്റാണ്ടുകൾ ആവശ്യമാണ്. ഇപ്പോഴുള്ള കുടിശ്ശിക തീർക്കാൻ പോലും വർഷങ്ങൾ പിടിക്കും. വെള്ളത്തിനടിയിൽ മുക്കി താഴ്ത്തിയ എലിപ്പെട്ടിയിലെ എലിയുടെ അവസ്ഥയിലാണ് കരാറുകാർ. രൊക്കം പണം കിട്ടുമെന്ന പ്രതീക്ഷയിൽ കൊക്കിലൊതുങ്ങുന്നതിലധികം പണികൾ ഏറ്റെടുത്തവരാണ് പലരും. ഉദ്യോഗസ്ഥരുടെയും എം.എൽ.എമാരുടെയും സമ്മർദ്ദംമൂലം പണികൾ ഏറ്റെടുത്തവരുമുണ്ട്. ധാരാളം പണികൾ നിലച്ചു. പലതും ഇഴയുന്നു. കടക്കെണിയിൽ പെട്ട് പലരും നട്ടം തിരിയുന്നു. പദ്ധതി പുർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, വാട്ടർ അതോരിറ്റിയുടെ ഭാവി പോലും അപകടത്തിലാകും. അതു് മന്ത്രി ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നറിയാം. എങ്കിലും എന്താണ് പരിഹാരം?.
കരാറുകാർക്കുള്ള കുടിശ്ശിക ഉടനെ തീർക്കണം. തുടർ പണികളുടെ ബില്ലുകൾ ,പദ്ധതിയുടെ തുടക്കത്തിൽ
ലഭിച്ചതുപോലെ കുടിശ്ശികയില്ലാതെ കരാറുകാർക്ക് ലഭ്യമാക്കണം. പദ്ധതിയുടെ കാലാവധി 3 വർഷം കൂടിയെങ്കിലും ദീർഘിപ്പിക്കണം. അതിനുള്ളിൽ സംസ്ഥാന വിഹിതം സമാഹരിക്കണം. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് പുറമേ വായ്പയെടുക്കാനുള്ള അനുമതിയ്ക്കായി കേന്ദ്രത്തിൽ സമ്മർദ്ധം ചെലുത്തണം. അല്ലെങ്കിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയ്ക്കുള്ളിൽ നിന്നും പ്രഥമ പരിഗണന നൽകി വായ്പയെടുക്കണം. കരാറുകാർക്ക് മുൻഗണനാടിസ്ഥാനത്തിൽ പണം വിതരണം ചെയ്യണം. മുൻഗണന തെറ്റിച്ചാൽ അഴിമതി കൊടികുത്തി വാഴും. ഇപ്പോൾ തന്നെ പലരും വാഗ്ദാനങ്ങളുമായി കരാറുകാരെ സമീപിക്കുന്നതായി അറിയുന്നു. പന്ത് മന്ത്രി റോഷി അഗസ്റ്റിന്റെ കൈകളിലാണ്. അദ്ദേഹം നിലപാട് വ്യക്തമാക്കണം. കരാറുകാരുടെ ആശങ്കകൾ ഒഴിവാക്കണം. അല്ലാത്ത പക്ഷം പണികൾ പുർണ്ണമായി സ്തംഭിക്കും. ഒരു കുടിവെള്ള പദ്ധതി നാലിലൊന്നു പോലുമാകാതെ . അവസാനിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കും.
വർഗീസ് കണ്ണസള്ളി