തിരുവനന്തരം, 9-1-2025.. 2025-26 ലെ സംസ്ഥാന ബഡ്ജറ്റിന്റെ പണിപ്പുരയിലാണല്ലോ? കേരള സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ പര്യാപ്തമായ ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ കേരള കരാറുകാരുടെ ജീവൽ പ്രശ്നങ്ങളിൽ കുറെയെണ്ണമെങ്കിലും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
1) വിവിധ വിഭാഗം കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക ബഡ്ജറ്റ് രേഖകളിൽ ഉൾപ്പെടുത്തണം.
പൊതു പണം ഉപയോഗിച്ച് സംസ്ഥാനത്ത് നടത്തപ്പെടുന്ന പ്രവർത്തികളിൽ കരാറുകാർക്ക് ഇപ്പോൾ നൽകാനുള്ള തുകയെക്കുറിച്ച് ആർക്കും കൃത്യമായ വിവരം ഇല്ലെന്നാണ് മനസിലാക്കേണ്ടത്. വിവരാവകാശ നിയമപ്രകാരം ധനകാര്യപ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപെട്ടിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല. കുടിശ്ശിക പതിനാറായിരം കോടിയോളം രൂപ വരുമെന്നാണ് അനൗദ്യോഗികമായി കണക്കാക്കപ്പെടുന്നത്. കൃത്യമായ കണക്ക് 2025-26 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. അതോടൊപ്പം ഇതുവരെയുള്ള കുടിശ്ശിക ബില്ലുകളുടെ പണം 2025 2026 വർഷത്തെ ബഡ്‌ജറ്റിൽ വകയിരുത്തുകയും വേണം. പുതിയ പ്രവർത്തികളുടെ വിഹിതം മുൻവർഷത്തെ കുടിശ്ശിയ്ക്ക് ഉപയോഗിക്കുന്ന പതിവുരീതി, കുടിശ്ശികയ്ക്ക് തുടർച്ചയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. അത് അവസാനിപ്പിക്കണം. ഓരോ പ്രവർത്തിയുടെയും ഭരണാനുമതി തുക അതതു് പ്രവർത്തിക്കുതന്നെ നൽകണം. യഥാസമയം പണം കൊടുക്കാൻ കഴിയുന്ന പണികൾക്കു മാത്രമേ ഭരണാനുമതി നൽകാവൂ.
2) സർക്കാരിന്റെ വീഴ്ചയോ കെടുകാര്യസ്ഥതയോ മുലം കുടിശ്ശികക്കുരുക്കിൽ പെട്ട് വിഷമിക്കുന്ന കരാറുകാരെ രക്ഷിക്കുന്നതിനു വേണ്ടി 2025-26 ലെ ബഡ്ജറ്റിൽ പ്രത്യേക ധനപാക്കേജ് കൊണ്ടുവരണം.
3) ട്രെഡ് സ് (TReDS) നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുക.
2018ലെ കേന്ദ്ര ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി.
സർക്കാരിന്റെ സാമ്പത്തിക നിലയും നടപടിക്രമങ്ങളും മൂലം കരാറുകാർക്കും സപ്ളെയേഴ്സിനും പ്രവർത്തികളുടെ സുഗമമായ നടത്തിപ്പിന് സഹായകരമായ വിധത്തിൽ പണം കൊടുക്കാൻ പ്രയാസം വരുമെന്നും അതിനാൽ . കരാറുകാരുടെയും വിതരണക്കാരുടെയും പണം തടസം കൂടാതെ നൽകുന്നതിന് ഒരു പ്രത്യ ഫ്ലാറ്റ് ഫോം ആവശ്യമാണെന്നുമാണ് അവർ നിർദ്ദേശിച്ചത്. ബില്ലുകൾക്ക് സർക്കാരിന്റെ പ്രോമിസറി നോട്ടിന്റെ മാത്രം ഉറപ്പിൽ കാര്യ സ്ഥാപനങ്ങൾ പണം നൽകുന്നു. ധനകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ , പലിശ സഹിതമുള്ള തുക നൽകി ഇടപാട് തീർക്കുന്നു. ഈ ഇടപാടിൽ കരാറുകാർക്ക് രൊക്കം പണം ലഭിക്കും. ബി.ഡി.എസിലെ പോലെ പലിശയുടെ പകുതി നൽകേണ്ടതുമില്ല. 2025-26 വർഷത്തിൽ ട്രെഡ്‌സ് (Trade Recevables, electronic Discounting System)നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കട്ടെ
4) തർക്ക പരിഹാര കമ്മീഷനും അദാലത്തും അനുവദിക്കുക.
വിവിധ കോടതികളിലായി കേരള കരാറുകാരുടെ നിരവധി കേസുകളുണ്ട്. അവ നീണ്ടുപോകുന്നതു് കരാറുകാർക്കും സർക്കാരിനും ഒരുപോലെ നഷ്ടമുണ്ടാക്കുന്നതാണ്. ഒരു അദാലത്ത് നടത്തി കേസുകൾ അവസാനിപ്പിക്കാൻ തയ്യാറാകണം. ഭാവി തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ലളിത നടപടി ക്രമങ്ങളുള ഒരു തർക്ക പരിഹാര കമ്മീഷനെയും നിയമിക്കണം.
5) ലൈസൻസ് ഫീസ് വർദ്ധന പിൻവലിക്കണം.
കുടിശ്ശിക , ടെണ്ടറിൽ നേരിടുന്ന കടുത്ത മത്സരം, അർഹമായ നിരക്കിൽ പണികൾ ലഭിക്കാനുള്ള പ്രയാസം തുടങ്ങിയവ നിലനില്ക്കുമ്പോൾ , ലൈസൻസുകളുടെ സെക്യൂരിറ്റി തുക മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതു് പിൻവലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓരോ ക്ലാസിന്റെയും പ്രവർത്തികൾ ഏറ്റെടുക്കാനുള്ള പരിധിയും തത്തുല്യമായി വർദ്ധിപ്പിക്കണം. ഡി.ക്ലാസിന് 75 ലക്ഷം വരെയും സി.ക്ലാസിന് മുന്നു കോടി വരെയും ബി. ക്ലാസിന് 7.5 കോടി രൂപ വരെയും അടങ്കലുകളുള്ള പ്രവർത്തികൾ ഏറ്റെടുക്കാൻ അനുവദിക്കണം. എ.ക്ലാസുകാർക്ക് 15 കോടി വരെ അടങ്കലുള്ള പണികൾ മുൻകൂർ യോഗ്യതയില്ലാതെ ഏറ്റെടുക്കാനും അനുവദിക്കണം. ലൈസൻസ് കാലാവധി 9 വർഷവുമാക്കണം.
6) ജൽ ജിവൻ മിഷൻ പദ്ധതി, പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം.
വികസന പ്രവർത്തികൾ ഓരോന്നും രാജ്യത്തിന്റെ സമ്പത്താണ്. ആവശ്യങ്ങൾ മുൻകൂർ കണ്ടറിഞ്ഞ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയണം. സംസ്ഥാന ബഡ്ജറ്റ് വിഹിതവും കേന്ദ്ര സഹായവും മാത്രം മതിയാകില്ല. ആസ്തിവികസന പദ്ധതികൾക്കുവേണ്ടി ബഡ്ജറ്റിതര വിഭവ സമാഹരണത്തിന് കടുത്ത നിയന്ത്രണം വയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടി അശാസ്ത്രിയമാണ്.എങ്കിലും ജൽജീവൻമിഷൻ പദ്ധതി, നബാർഡ് പ്രവർത്തികൾ, പി.എം.ജി.എസ്.വൈ പദ്ധതി, തദ്ദേശ സ്വയം ഭരണ പദ്ധതികൾ തുടങ്ങിയവ മുടങ്ങാതിരിക്കാൻ ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന്റെ വായ്പാ പരിധിയ്ക്കുള്ളിൽ നിന്നാണെങ്കിലും സമാഹരിക്കാൻ ആവശ്യമായ ക്രമീകരണം സംസ്ഥാന ബഡ്ജറ്റിൽ സ്വീകരിക്കണം.
7) അറ്റകുറ്റപണികൾക്കും നവീകരണജോലികൾക്കും കൂടുതൽ ഫണ്ട് അനുവദിക്കണം.
പുതിയ പ്രവർത്തികൾക്ക് നൽകുന്ന പ്രാധാന്യം നിലവിലുള്ളവയുടെ അറ്റകുറ്റപണികൾക്കും നവീകരണത്തിനും നൽകുന്നില്ല. ഇത് നിർമ്മിതികളുടെ അകാല നാശത്തിനു കാരണമാകുന്നു. 2025-26 ലെ സംസ്ഥാന ബഡ്ജറ്റ് അറ്റകുറ്റപണികൾക്കും നവീകരണജോലികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കണം.
8) വാറ്റിൽ നിന്നും ജി എസ്.ടിയിലേയ്ക്ക് മാറ്റപ്പെട്ട പ്രവർത്തികൾക്ക് ധനവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുക പുതിയ ബഡ്ജറ്റിൽ ഉൾപ്പെടുത്തണം.
9) ലൈസൻസുകൾ കമ്പനിയാക്കാൻ അനുവദിക്കണം.
കേരളത്തിലെ കരാറുകാർ ഒറ്റയാൻ പാട്ടാളങ്ങൾ ആണെന്ന ആക്ഷേപമുണ്ട്. പ്രൊഫഷണലിസം കൈവരിക്കുന്നതിനും പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനും വ്യക്തി ലൈസൻസുകൾ, കമ്പനിയാകുന്നതോടുകൂടി സാധിക്കും. ഒരു വ്യക്തിയുടെ ഡി.ക്ലാസ് ലൈവൻസ് ഉൾപ്പെടെ അടിസ്ഥാനമാക്കി പുതിയ കമ്പനിയുണ്ടാക്കാൻ അനുവദിക്കണം.