ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കണ്ടു. കരാറുകാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.

തിരുവനന്തപുരം ആഗസ്റ്റ് 24: സർക്കാർ കരാറുകാരുടെ ഏകോപന സമിതി പ്രതിനിധികൾ മുഖ്യമന്തിക്ക് നേരിട്ട് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമാണ് മുഖ്യമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.
കരാറുകാരുടെ ജീവൽ പ്രശ്നങ്ങളടങ്ങിയ നിവേദനങ്ങൾ പല വകുപ്പുകളിലായി തീർപ്പു കല്പിക്കപ്പെടാതെ കിടക്കുകയാണ്. അതിനാൽ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി , ജലവിഭവ മന്ത്രി തദ്ദേശ സ്വയംഭരണ മന്ത്രി, വകുപ്പ് സെക്രട്ടറിമാർ , ചീഫ് എഞ്ചിനീയർമാർ ,കരാറുകാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നാൽ മാത്രമേ പ്രശ്നങ്ങൾ ഒന്നൊന്നായി ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കാൻ കഴിയൂ എന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ അറിയിച്ചു. ചർച്ച നടത്താമെന്ന് മുഖമന്ത്രി സമ്മതിച്ചു. എന്നാൽ തീയതിയും സമയവും തീരുമാനിക്കപ്പെട്ടില്ല.

വർഗീസ് കണ്ണമ്പള്ളി, പി.വി.കൃഷ്ണൻ , ആർ.രാധാകൃഷ്ണൻ , പി.എൻ . സുരേഷ് , സ്റ്റീഫൻ മോസസ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നതു്. മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ധനമന്ത്രിയുമായും പ്രതിനിധികൾ സംസാരിച്ചു. ബില്ലുകൾ പ്രൈസ് സോഫ്ട്‌വെയറിൽ കയറ്റാൻ സാധിക്കാത്ത പ്രശ്നവും 25 ലക്ഷത്തിനു മുകളിലുള്ള ചെക്കുകൾ ട്രഷറികളിൽ മാറാതിരിക്കുന്ന വിഷയവും പ്രത്യേകമായി എടുത്തു പറഞ്ഞു.
ജി.എസ്. ടി. വർദ്ധനയ്ക്കനുമ്പരിച്ച് അധിക തുക കരാറുകാർക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി അറിയിച്ചു. എന്നാൽ കുറ്റമറ്റ നടപടി ക്രമങ്ങൾ തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥതലത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും ഉടനെ പുതിയ ജി.ഒ. ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനു ശേഷം പ്രൈസ് സോഫ്ട് വെയർ പരിഷ്ക്കരിച്ച് ബില്ലുകൾ കയറ്റാൻ സാഹചര്യമുണ്ടാക്കുമെന്നും ധനമന്ത്രി ഉറപ്പു നൽകി. എന്നാൽ ബില്ലുകൾ കയറ്റാൻ താമസം വരുന്നതിനാൽ ബി.ഡി.എസ് പോലും കരാറുകാർക്ക് വൈകുമെന്ന ഭയപ്പാട് ഏകോപന സമിതി പ്രതിനിധികൾ പ്രകടിപ്പിച്ചു. ഡിപ്പോസിറ്റുവർക്കുകളുടെ പോലും ബില്ലുകൾ മാറാതെ വരുന്നതും BDSനെ ആശ്രയിക്കേണ്ടി വരുന്നതും കരാറുകാർക്ക് നഷ്ടമുണ്ടാക്കുന്ന കാര്യവും പ്രതിനിധികൾ ധനമന്ത്രിയെ അറിയിച്ചു.

രാവിലെ ശ്രീ പി.വി.കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗം ജൂലൈ 26 – 27 തീയതികളിൽ തിരുവനന്തപുരത്തു നടന്ന 24 മണിക്കൂർ നിരാഹാര സമരവും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിച്ച എല്ലാ കരാറുകാർക്കും നന്ദി രേഖപ്പെടുത്തി. നിരാഹാരം കിടന്ന കരാറുകാരെ പ്രത്യേകം അഭിനന്ദിച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ തുടർ സമരങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.
വർഗീസ് കണ്ണമ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *