പൊതു നിർമ്മാണ കരാറുകൾ തൊഴിലാളി സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കും മാത്രമോ ?

പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾ സംബന്ധിച്ച് ബഹു. സുപ്രീം കോടതിയുടെ വിധികളും കേന്ദ്ര വിജിലൻസ് കമ്മീഷൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിലവിലുണ്ട്. എന്നാൽ കൂലിവേലക്കാരുടെ പരസ്പര സഹായസഹകരണ സംഘങ്ങൾ എന്ന നിലയിൽ ഒട്ടനവധി ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കുന്ന തൊഴിലാളി സഹകരണ സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കും മാത്രമായി പൊതു നിർമ്മാണ കരാറുകൾ മാറ്റുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ പുരാഗമിക്കുന്നത്. ഐ.ടി.പാർക്ക് വരെ നടത്തുന്ന സംഘത്തിനും കൂലിവേലക്കാരുടെ പരസ്പര സഹായ സംഘത്തിനുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. അക്രഡിറ്റഡ് ഏജൻസികൾക്കാകട്ടെ നിർമ്മാണവകുപ്പുകളെക്കാൾ അധികാരാവകാശങ്ങളുമുണ്ട്. ഊരാളുങ്കൽ സംഘത്തിന് തൊഴിലാളി സംഘത്തിനുള്ള ആനുകൂല്യങ്ങളും അക്രഡിറ്റഡ് ഏജൻസിക്കുള്ള സൗകര്യങ്ങളും ലഭിക്കുന്നു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻ്റെ പുനർനിർമ്മാണം 672 കോടി രൂപയ്ക്ക് ഒരു വിദേശ നിർമ്മാണ കമ്പനിയുമായി കൂട്ടു സംരംഭമായിട്ടാണ് ഊരാളുങ്കൽ ഏറ്റെടുത്തിരിക്കുന്നതു്. എന്നിട്ടും അവർ കൂലിവേലക്കാരുടെ പരസ്പര സഹകരണ സംഘത്തിനുള്ള ആനുകൂല്യങ്ങൾക്ക് അർഹമാണത്രേ ! ഒരു കരാറുകാരനും, തൊഴിലാളി സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കുമുള്ള പ്രത്യേക സൗകര്യങ്ങളെ മറികടന്ന് പ്രവർത്തികൾ ഏറ്റെടുക്കാനാവില്ല. അങ്ങനെയിരിക്കുമ്പോഴാണ്, അക്രഡിറ്റഡ് ഏജൻസികൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന ടെണ്ടറുകൾ വിളിക്കന്നതും, ടെണ്ടറുകൾ ഇല്ലാതെ തന്നെ പ്രവർത്തികൾ നൽകുന്നതും.
കരാറുകാരെ ഒഴിവാക്കുന്നതിനുള്ള തീരുമാനം രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടു കൂടിയാണു് നടക്കുന്നത്. അങ്ങനെയെങ്കിൽ രാഷ്ട്രീയ നേതൃത്വങ്ങളെയാണ് തിരുത്തിക്കേണ്ടത്. സ്വയംതൊഴിൽ സംരംഭകരായ കരാറുകാരെ ഒഴിവാക്കാനുള്ള തീരുമാനമാണോ രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ളതെന്ന് അവർ വ്യക്ത്മാക്കണം.

വർഗീസ് കണ്ണമ്പള്ളി.
സംസ്ഥാന പ്രസിഡൻ്റ്
കേരളാ ഗവ. കോൺട്രാക് ടേഴ്സ് അസോസിയേഷൻ.

3 Replies to “പൊതു നിർമ്മാണ കരാറുകൾ തൊഴിലാളി സംഘങ്ങൾക്കും അക്രഡിറ്റഡ് ഏജൻസികൾക്കും മാത്രമോ ?”

  1. ഏത് സർക്കാർ വന്നാലും ഊരാളുങ്കലിനു പരിധി വിട്ടുള്ള സഹായം , ആനുകൂല്യം കിട്ടുന്നു , ഇന്നിപ്പോൾ അത് പാരമ്യത്തിലെത്തി …

  2. ഏത് തരത്തിലും എതിർക്കേണ്ട ഒരു വിഷയമാണ് അക്രെഡിറ്റഡ് ഏജൻസി ലേബർ സൊസൈറ്റി എന്നിവക്ക് നൽകുന്ന ആനുകൂല്യങ്ങൾ. കോമ്പറ്റീഷൻ കൂട്ടുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന etender സംവിധനത്തെ പോലും അട്ടിമറിക്കുന്ന രീതിയിലാണ് സൊസൈറ്റി കൾക്ക് നസൽകുന്ന 10% price priference .വേണ്ടപ്പെട്ടവർക്കെല്ലാം ഒരു അക്രെഡിറ്റഡ് ഏജൻസി.അവർക്ക് വേണ്ട വർക്കുകൾ ആ ഏജൻസിക്കു എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എത്ര ഏജൻസി ഉണ്ട് എന്ന് പോലും ആർക്കും അറിയില്ല.

    1. അക്രഡറ്റ് ഏജൻസി, സൊസൈറ്റി, സാധാരണ കരാറുകാർ എന്ന വ്യത്യാസമില്ലാതെ തുല്യ യോഗ്യതയുള്ളവർക്കെല്ലാം ടെണ്ടറിൽ തുല്യപരിഗണന ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *