ഗുരുവായൂർ ബസ് ടെർമിനൽ നിർമ്മാണ ടെണ്ടറിൽ നിന്നും കരാറുകാരെ ഒഴിവാക്കി

11 കോടിയിൽപരം രൂപ മുടക്കി ഗുരുവായൂർ മുനിസിപ്പാലിറ്റി നിർമ്മിക്കുന്ന ബസ് ടെർമിനലിൻ്റെ ടെണ്ടർ, അക്രെഡിറ്റഡ് ഏജൻസികൾക്കു മാത്രമായി പരിമിതപ്പെടുത്തി. ബസ് ടെർമിനലുകൾ മികച്ച രീതിയിൽ നിർമ്മിച്ച് മുൻകൂർ യോഗ്യത നേടിയ മറ്റ് കരാറുകാർക്ക് ടെണ്ടറിൽ, പങ്കെടുക്കാൻ അനുമതിയില്ല.

പൊതുമരാമത്ത് ലൈസൻസിൻ്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്ന സമീപനമാണിതു്. 5 ലക്ഷത്തിൽ താഴെ അടങ്കലുകൾ വരുന്ന പ്രവർത്തികൾക്കു പോലും ഇ-ടെണ്ടർ നിർബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്, രണ്ട് അക്രഡിറ്റഡ് ഏജൻസികൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുംവിധം 11 കോടിയുടെ ടെണ്ടർ വിളിക്കപ്പെടുന്നത്.

മികച്ച അക്രഡിറ്റഡ് എജൻസികളെ ടെണ്ടറിൽ പങ്കെടുപ്പിക്കുന്നതിനെ കരാറുകാർ എതിർക്കുന്നില്ല. എന്നാൽ അക്രഡിറ്റഡ് ഏജൻസികളെക്കാൾ യോഗ്യതയുള്ള സർക്കാർ കരാറുകാരെ ടെണ്ടറിൽ നിന്നും മന: പൂർവ്വം ഒഴിവാക്കുന്നതു് ന്യായികരിക്കാൻ കഴിയില്ല. അക്രഡിറ്റഡ് ഏജൻസികൾക്കും ലേബർ കോൺട്രാക്ടേഴ്സ് സഹകരണ സംഘങ്ങൾക്കും സ്വയംസംരംഭകരായ സർക്കാർ കരാറുകാരെക്കാൾ കുറഞ്ഞ നിരക്കിൽ പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്യാൻ കഴിയേണ്ടതാണ്. കാരണം, കരാറുകാർക്കില്ലാത്ത ഒട്ടനവധി ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. സാധാരണ സർക്കാർ കരാറുകാരൻ നേരിടുന്ന പ്രശ്നങ്ങളൊന്നും അക്രഡിറ്റഡ് ഏജൻസികൾക്കും ലേബർ കോൺട്രാക്ടേഴ്സ് സഹകരണ സംഘങ്ങൾക്കും നേരിടേണ്ടതുമില്ല. അതിനാൽ ടെണ്ടറിൽ പങ്കെടുത്ത് അവയുടെ ശേഷിയ്ക്കനുസരിച്ച് പ്രവർത്തികൾ ഏറ്റെടുക്കാവുന്നതാണ്.

ടെണ്ടറിലെ റിസർവേഷനും മൊണോപ്പോളിയും പ്രൈസ് ഫറൻസും ഒഴിവാക്കുകയും യോഗ്യതയും മികവുമുള്ള കരാറുകാർക്കും അക്രഡിറ്റഡ് ഏജൻസികൾക്കും ലേബർ സംഘങ്ങൾക്കും തുല്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ടെണ്ടറിൽ പങ്കെടുത്തു പ്രവർത്തികൾ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ തയ്യാറാകണം. അക്രഡിറ്റഡ് ഏജൻസികളെ മാത്രം പങ്കെടുപ്പിക്കുന്ന എല്ലാ ടെണ്ടറുകളും റദ്ദാക്കണം.

വർഗീസ് കണ്ണമ്പള്ളി.
സംസ്ഥാന പ്രസിഡൻ്റ്
കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *