ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സമരവും സെക്രട്ടറിയേറ്റ് മാർച്ചും.

ഗവ. കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിരാഹാര സമരവും സെക്രട്ടറിയേറ്റ് മാർച്ചും. ജൂലൈ 26, 27 തീയതികളിൽ.

തിരുവനന്തപുരം: ജൂലൈ 26 ന് രാവിലെ10 മണി മുതൽ 27 ന് 10 മണി വരെയാണു് പാളയം രക്തസാക്ഷി മണ്ഡപത്തിൽ 20 സംസ്ഥാന ഭാരവാഹികൾ നിരാഹാര സമരം നടത്തുക. സത്യഗ്രഹത്തിൽ അംഗ സംഘടനകളുടെ സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. തുടർന്ന് ആയിരക്കണക്കണക്കിന് കരാറുകാർ സത്യഗ്രഹിക ളുമായി സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തും. ഇന്ന് തിരുവനന്തപുരത്ത് കെ.ജി.സി.എഫ് സംസ്ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പുതിയ സമരപരിപാടി അംഗീകരിച്ചത്. സത്യഗ്രഹ പന്തലിൽ കഴിയുന്നത്ര ജനപ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രധാന ആവശ്യങ്ങൾ.

1. വിലവ്യതിയാന വ്യവസ്ഥ.

കരാർ ഉറപ്പിക്കപ്പെട്ടതിനു ശേഷം നിർമ്മാണ വസ്തുക്കളുടെ വിലകളിലുണ്ടാകുന്ന അസാധാരണ വർദ്ധന മൂലം കരാറുകാർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ശാശ്വത നടപടിയെന്ന നിലയിൽ എല്ലാ കരാറുകളിലും വില വ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തുക. നിർമ്മാണ വസ്തുക്കളുടെ ഓരോ മാസത്തെയും ശരാശരി വിപണി നിരക്കുകൾ കൃത്യമായി രേഖപ്പെടുത്താനുള്ള സ്ഥിരം സംവിധാനം പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തണം. ലോക്കൽ മാർക്കറ്റ് റേറ്റുകൾ (LMR) ‘ നിശ്ചയിക്കുന്ന ഇപ്പോഴത്തെ രീതി അശാസത്രിയമാണ്. അത് തിരുത്തണം. കരാർ ഉറപ്പിക്കപ്പെട്ടതിനു ശേഷം ഉണ്ടാകുന്ന വിലവർദ്ധനയുടെ പേരിൽ കരാറുകാരന് ഒരു രൂപയുടെ പോലും നഷ്ടം ഉണ്ടാകരുത്‌. വിലകൾ കുറഞ്ഞാൽ അതിൻ്റെ പ്രയോജനം അവാർഡർ മാക്കും ലഭ്യമാകുന്നുവെന്നതാണു് വിലവ്യതിയാന വ്യവസ്ഥയുടെ സവിശേഷത. കരാറിൽ ഉൾപ്പെടുന്ന ഇരുകക്ഷികൾക്കും തുല്യനീതി ഉറപ്പാക്കുന്ന വ്യവസ്ഥയാണിത്. വിപണി നിരക്കുകളിൽ (ബിറ്റുമിൻ, പൈപ്പുകൾ ,സ്റ്റീൽ, സിമൻ്റ് ,ഇലക്ട്രിക്കൽ & പ്ലംബിംഗ് മെറ്റീരിയൽസ് തുടങ്ങിയവ) സമീപകാലത്തുണ്ടായ അസാധാരണ വർദ്ധന മൂലം നിരവധി കരാറുകാർ കടക്കെണിയിൽ പെട്ടിരിക്കുകയാണ്. യാഥാർത്ഥ്യബോദ്ധ്യമില്ലാതെ കരാറുകാർക്കെതിരെ റിസ്ക് & കോസ്റ്റ് ,ബ്ലാക്ക് ലിറ്റിംഗ് തുടങ്ങിയ നടപടികൾ നിർദ്ദാക്ഷണ്യം സ്വീകരിക്കുകയാണ്. അവ പിൻവലിക്കണം. കരാറുകാർക്ക് മുൻകാല പ്രാബല്യത്തോടു കൂടി പ്രൈസ് ഡിഫറൻസ് നൽകി പ്രശ്നം പരിഹരിക്കണം.

2. 2021 ലെ DSR നടപ്പാക്കുക

MDSS നു പകരംCPWD സ്പെസിഫിക്കേഷൻ നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് 2013-ൽ DSR ഉം നടപ്പാക്കാൻ തീരുമാനിച്ചതു്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. കേന്ദ്ര സ്പെസിഫിക്കേഷനുകളിലെ ഭേദഗതികൾ അപ്പഴപ്പോൾ നടപ്പാക്കുമ്പോൾ കേന്ദ്ര നിരക്കുകളും തദനുസൃതമായി നടപ്പാക്കണം. നിരക്കു വർദ്ധന നിയമാനുസൃതം നടപ്പാക്കണമെന്ന് ബഹു കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. അതിനാൽ കാലഹരണപ്പെട്ട 2018ലെ DSRമാത്രമെ 2022 ലും നടപ്പാക്കുകയുള്ളുവെന്ന സർക്കാർ നിലപാട് അടിയന്തിരമായി പുനഃപരിശോധിക്കണം.

3. ജി.എസ്. .ടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക.

2017 ജൂലൈ 1 -ന് വാറ്റിൽ നിന്നും പൂർണ്ണമായോ ഭാഗീകമായോ ജി.എസ്.ടിയിലേയ്ക്ക് മാറ്റപ്പെട്ട പ്രവർത്തികളിൽ കരാറുകാർക്കുണ്ടായ നഷ്ടം ഇതു വരെ നികത്തപ്പെട്ടിട്ടില്ല. സംസ്ഥാന ധനവകുപ്പ്, കരാറുകാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് നിർമ്മാണ വകുപ്പുകൾ അവഗണിക്കുകയാണ്. അതോരിറ്റികൾ , ബോർഡുകൾ, തുടങ്ങിയവയിലെ പ്രവർത്തികൾക്കുള്ള ജി.എസ്.ടി
2022 ജനുവരി 1 മുതലും, കേന്ദ്ര-സംസ്ഥാന തദ്ദേശിയ സർക്കാരുകൾ നേരിട്ട് നടത്തുന്ന പ്രവർത്തികളുടേത് 2022 ജൂലൈ 18 മുതലും ,18 ശതമാനമാക്കിയിരിക്കുകയാണ്. വർദ്ധന പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ചെയ്യുന്ന പ്രവർത്തികൾക്ക് കരാറുകാർ അധിക നികുതി നൽകണം. അതിനാൽ അവാർഡർമാർ, 12-ശതമാനത്തിൽ നിന്നും 18 ലേയ്ക്ക് മാറ്റപ്പെട്ട പ്രവർത്തികൾക്ക് 6 ശതമാനവും 5 -ൽ നിന്നും 12ലേയ്ക്ക് മാറ്റപ്പെട്ടവയ്ക്ക് 7 ശതമാനവും അധിക നികുതി വിഹിതം കൂടി കരാറുകാർക്ക് യഥാസമയം നൽകണം.

4. അഞ്ച് ലക്ഷത്തിൽ താഴെ അടങ്കലുകൾ വരുന്ന എല്ലാ പ്രവർത്തികളെയും ഇ-ടെണ്ടറിൽ നിന്നും ഒഴിവാക്കുക.

ടെണ്ടർ നിരക്കുകൾ നൽകുന്നതിന് സർക്കാർ സീലിംഗ് ഏർപ്പെടുത്തായിരിക്കുകയാണ്.തന്മൂലം ഇ-ടെണ്ടറിൻ്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. ഒന്നുകിൽ സീലിംഗ് എടുത്തു് കളയണം, അല്ലെങ്കിൽ ഇ- ടെണ്ടർ ഉപേക്ഷിക്കണം. കേരള വാട്ടർ അതോരിറ്റി ഉൾപ്പെടെ സംസ്ഥാനത്ത് പൊതുപണം ഉപയോഗിച്ച് ടെണ്ടർ ചെയ്യപ്പെടുന്ന 5 ലക്ഷത്തിൽ താഴെ അടങ്കലുകൾ വരുന്ന എല്ലാ പ്രവർത്തികളെയും ഇടെണ്ടറിൽ നിന്നും ഒഴിവാക്കണം.

5. ഇലക്ട്രിക്കൽ കരാറുകാരുടെ തൊഴിൽ സംരക്ഷിക്കുക.

ഇലക്ട്രിക്കൽ കരാറുകാരുടെ തൊഴിൽ പൂർണ്ണമായി നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ടെണ്ടർ പരിഷ്ക്കാരമാണ് നടപ്പാക്കുന്നതു്. കരാറുകാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം.

6. PWD മാന്വലിലെയും കരാർ വ്യവസ്ഥകളിലെയും അപാകതകൾ പരിഹരിക്കുക.

കരാർ വ്യവസ്ഥകൾ സന്തുലിതവും ഏകീകൃതവുമായിരിക്കണം.

7. ഗവ – കോൺട്രാക്ടേഴ്സ് ഏകോപന സമിതി ഉന്നയിച്ചിട്ടുള്ള മറ്റ് ആവശ്യങ്ങളും ചർച്ച ചെയ്ത് നടപ്പാക്കുക.

വർഗീസ് കണ്ണമ്പള്ളി.
കെ.ജി.സി.എ.സംസ്ഥാന പ്രസിഡൻ്റ്.

Share this post: