അഴിമതിക്കുള്ള സാദ്ധ്യതകളും ഇല്ലാതാക്കണം.

ഉദ്യോഗസ്ഥരിലെ സത്യസന്ധരുടെയും അഴിമതിക്കാരുടെയും പട്ടികകൾ പ്രത്യേകം തയ്യാറാക്കാനുള്ള വിജിലൻസ് നീക്കം സ്വാഗതാർഹമാണ്. സംശുദ്ധമായ സിവിൽ സർവ്വീസ് സൃഷ്ടിക്കാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമാണ് ഈ നടപടിയെങ്കിൽ അതിന് വലിയ പ്രാധാന്യമുണ്ട്.
ഭരണ സംവിധാനം കാര്യക്ഷമവും അഴിമതി രഹിതവുമാക്കുകയെന്നതാണ് ഏതൊരു ജനാധിപത്യ സർക്കാരിൻ്റെയും പ്രാഥമിക കടമ. ജലം ഒഴുകുന്നതു പോലെ അഴിമതിയും മുകളിൽ നിന്നും താഴേയ്ക്കാണു് വ്യാപിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് നമ്മുടെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്ന ഘടകങ്ങൾ. ഉദ്യോഗസ്ഥരെ അഴിമതി രഹിതരും മികവുറ്റ വരുമാക്കി നിലനിർത്താൻ ഭരണകൂടങ്ങൾ നിതാന്ത ജാഗ്രത പുലർത്തണം. അതോടൊപ്പം അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമുള്ള സാഹചര്യങ്ങൾ ഒഴിവാക്കപ്പെടുകയും വേണം.

കോട്ടയത്ത് ഒരു എഞ്ചിനീയർക്കെതിരെ പരാതി ഉയർന്നപ്പോൾ, വിജിലൻസ് അവരെ ഒരു
ഒരു മാസത്തോളം നിരീക്ഷിച്ച് സ്വഭാവം വിലയിരുത്തിയതിനു ശേഷമാണ് അറസ്റ്റിലേയ്ക്ക് കടന്നത്.
നിരപരാധികൾ കെണിയിൽപെടാതിരിക്കാനുള്ള മുൻകരുതലാകണം മൂന്നു മാസത്തെ നിരീക്ഷണത്തിനു ശേഷമുള്ള പട്ടിക തയ്യാറാക്കൽ. നിരീക്ഷണം സത്യസന്ധമായിരിക്കണം. പട്ടിക കുറ്റമറ്റതും.
അഴിമതിയുടെ സാദ്ധ്യകൾ ഇല്ലാതാക്കുക എന്നതും വളരെ പ്രധാനമാണ്. അതിനു്, നടപടിക്രമങ്ങൾ പരിഷ്ക്കരിക്കൽ, സുതാര്യത സൃഷ്ടിക്കൽ, നിയമ നടപടികൾ തുടങ്ങിയവ അത്യന്താപേക്ഷിതമാണ്.

സർക്കാർ കരാറുകാരുടെ ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്ന കാലമുണ്ട്.
ഭരണത്തിൽ തലതൊട്ടപ്പന്മാർ ഉണ്ടായിരുന്നവർക്ക് മുൻഗണ തെറ്റിച്ചും പണം ലഭിക്കുമായിരുന്നു.
പ്രവർത്തിയുടെ ഹെഡ്ഡ് മാറ്റുക, പണം അനുവദിക്കുന്നതിൽ ജില്ലകളോടും വകുപ്പുകളോടും വിവേചനം കാണിക്കുക തുടങ്ങിയവ സാധാരണമായിരുന്നു. എന്നാൽ ആദ്യം ചെയ്ത പണിക്ക് ആദ്യം പണം എന്ന ആവശ്യം ഉന്നയിച്ച് ജി.അനിരുദ്ധനും ഈ ലേഖകനും ചേർന്ന് അഡ്വ.കെ.എം.ജോസഫ് (ഇപ്പോൾ ബഹു. സുപ്രീം കോടതി ജഡ്ജി ) കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധിയുണ്ടാകുകയും സൂപ്രീം കോടതി, വിധി അംഗീകരിക്കുകയും ചെയ്തതു് ഫണ്ട് അനുവദിക്കുന്നതിലുണ്ടായിരുന്ന അഴിമതി പൂണ്ണമായി അവസാനിപ്പിച്ചു. സംസ്ഥാന തല സീനിയോരിറ്റി ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണു് ഇപ്പോൾ പൊതുമരാമത്ത് കരാറുകാരുടെ ബില്ലുകൾക്ക് പണം നൽകുന്നത്.

പ്രവർത്തികൾ ഗുണമേന്മയിയും വേഗത്തിലും ചെയ്യാനാവശ്യമായ നിരക്കിൽ ടെണ്ടറുകൾ പാസാക്കുക, സമയബന്ധിതമായി ബില്ലുകൾക്ക് പണം നൽക, അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുക, എഞ്ചിനീയറന്മാർക്ക് കൺസൾട്ടൻസികളിലൂടെ മികവും അധിക വരുമാനവും നേടാനുള്ള അവസരം നൽകുക തുടങ്ങിയവയും അനിവാര്യമാണ്.

One Reply to “അഴിമതിക്കുള്ള സാദ്ധ്യതകളും ഇല്ലാതാക്കണം.”

Leave a Reply

Your email address will not be published. Required fields are marked *