തിരുവനന്തപുരം, മെയ് 10. ലൈഫ് ഭവന പദ്ധതി സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ഘട്ടത്തില്‍ത്തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിര്‍വ്വഹണം ആരംഭിക്കേണ്ട അടിയന്തിര പ്രൊജക്ടുകളില്‍ ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയാതെപോയ സാഹചര്യത്തിലാണിത്.
ലൈഫ് ഭവന പദ്ധതിക്ക് പുറമേ അങ്കണവാടി പോഷകാഹാര വിതരണ പ്രൊജക്ടുകള്‍, പാലിയേറ്റീവ് കെയര്‍ പ്രൊജക്ടുകള്‍, സ്‌കൂള്‍/അംഗണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതികള്‍ എന്നിവയും അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. സുലേഖാ സോഫ്റ്റ് വെയറിലെ ‘അടിയന്തിര സ്വഭാവങ്ങള്‍ ഏറ്റെടുക്കുന്ന പ്രൊജക്ടുകള്‍-സ്‌പെഷ്യല്‍ പ്രൊജക്ടുകള്‍, എന്ന സൗകര്യം ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ഇല്ലാതെ തന്നെ വെറ്റിംഗ് ഓഫീസറുടെ അംഗീകാരത്തോടെ നിര്‍വ്വഹണ നടപടി ആരംഭിക്കാം. ഇങ്ങനെ ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളും പിന്നീട് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.