ടി.എ.അബ്ദുള്‍ റഹ്മാന് (കെ.ജി.സി.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്)
കാസറഗോഡ്, മെയ് 7. മണ്‍സൂണിന് മുന്‍പ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണ ജോലികള്‍ ഉള്‍പ്പെടെ നിറുത്തിവച്ച് കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതിയുടെ ആഹ്വാനം കരാറുകാര്‍ നടപ്പാക്കി. ടെണ്ടര്‍ വ്യവസ്ഥയില്‍ അനിവാര്യമായ മാറ്റം ആവശ്യപ്പെട്ടാണ് കരാറുകാരുടെ സംഘടനകള്‍ ഉള്‍പ്പെട്ട ഏകോപന സമിതി ഇന്ന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത്.
ടെണ്ടറില്‍ കരാറുകാരന് എഴുതുന്ന നിരക്കിന്റെ അടിസ്ഥാനത്തില്‍ അവദിക്കുന്ന തുക പണി പൂര്‍ത്തിയാകുന്നതുവരെ നിലനില്‍ക്കുന്ന രീതിയാണിപ്പോഴുള്ളത്. അതിനു പകരം വിപണി നിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റത്തിനുസരിച്ച് കരാര്‍ തുകയില്‍ മാറ്റം വരുത്തുന്ന ആധുനിക സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നാണ് കരാറുകാരുടെ ഏകോപന സമിതി ആവശ്യപ്പെടുന്നത്. ഡീസല്‍ -പെട്രോള്‍ വിലക ളിലെ അനിശ്ചിതത്വമാണ് പ്രധാന വില്ലന്‍.
വന്‍കിട ഉല്പാദകര് സംഘം ചേര്‍ന്ന് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും പ്രശ്നമാണ്. ടെണ്ടറില്‍ കരാറുകാരന് രേഖപ്പെടുത്തുന്ന തുകയ്ക്ക് നിര്‍മ്മാണ ഘട്ടത്തില്‍ പ്രസക്തി നഷ്ടപ്പെടുകയാണ്. ഇതിനെല്ലാമുള്ള പരിഹാരമാണു് വിലവ്യതിയാന വ്യവസ്ഥ. വിപണിയില്‍ വിലകള്‍ കയറുമ്പോള്‍ കരാറുകാരന് കരാര്‍ തുകയില്‍ ആനുപാതികമായ വര്‍ദ്ധന ലഭിക്കും. വിലകള്‍ കുറഞ്ഞാല്‍ സര്‍ക്കാരിനും പ്രയോജനകമായിരിക്കും. കരാറിലെ കക്ഷികള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന സംവിധാനം സൃഷ്ടിക്കുന്നതിനോട് നിര്‍മ്മാണമേഖലയുടെ സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവരും യോജിക്കുമെന്നാണു കരാറുകാര്‍ പ്രതിക്ഷിക്കുന്നത്. ഈ ലക്ഷ്യം സാര്‍ത്ഥകമാക്കാനുള്ള പരിശ്രമങ്ങളില്‍ കേരളാ ഗവ. കോണ്‍ട്രാക്ടഴ്സ് അസോസിയേഷന് ഒപ്പമുണ്ടാകും.