പൊരിങ്ങല്‍കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു
ചാലക്കുടി, മെയ് 5. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചാലക്കുടി പൊരിങ്ങല്‍കുത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി.
നാളിതുവരെ 156 മെഗാവാട്ട് ശേഷിയുള്ള ഉല്‍പ്പാദന പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. 2 മെഗാവാട്ടിന്റെ അപ്പര്‍ കല്ലാര്‍, 8 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ആനക്കാംപൊയില്‍, 4.5 മെഗാവാട്ട് ശേഷിയുള്ള അരിപ്പാറ എന്നിവയാണ് തൊട്ടുമുമ്പ് കമ്മീഷന് ചെയ്ത ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ നദികളുടെ 3000 ടിഎംസി വെള്ളം ഒഴുകി പോകുന്നുണ്ട്. അതില്‍ തന്നെ 300 ടിഎംസി വെള്ളമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം 124 മെഗാവാട്ടിന്റെ പദ്ധതി പൂര്‍ത്തിയാകും. പുതിയതായി 154 മെഗാവാട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. നല്ല രീതിയില്‍ ഹൈഡ്രല്‍ പദ്ധതിയെ പിന്തുണയ്ക്കണമെന്നും ഏത് പദ്ധതിയുടെയും പ്രയോജനം ലഭിക്കേണ്ട ഗുണഭോക്താക്കള്‍ ജനങ്ങള്‍ ആയിരിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു
ജില്ലയിലെ ചാലക്കുടി താലൂക്കില്‍ അതിരപ്പിള്ളി പഞ്ചായത്തിലാണ് പൊരിങ്ങല്‍കുത്ത് പദ്ധതി സ്ഥിതി ചെയ്യുന്നത്. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയില്‍ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൊരിങ്ങല്‍കുത്ത് റിസര്‍വോയറിലെ അധിക ജലം ഉപയോഗിച്ച് സ്ഥാപിത ശേഷി 48 മെഗാവാട്ടായി ഉയര്‍ത്തുവാന്‍ സാധിക്കും.
ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പി. കെ ഡേവിസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, അതിരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, കെ എസ് ഇ ബി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി അശോക് തുടങ്ങിയവര്‍ പങ്കെടുത്തു
