വര്‍ഗീസ് കണ്ണമ്പള്ളി
പ്രസിഡന്റ് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍
ടെണ്ടര്‍ സമര്‍പ്പിക്കുന്ന സമയത്തുള്ള നിര്‍മ്മാണ വസ്തുക്കളുടെ വിലകള്‍, കൂലി നിരക്കുകള്‍, ഗതാഗത ചെലവുകള്‍, മറ്റ് തന്‍ചെലവുകള്‍ എന്നിവ കണക്കാക്കിയാണ് കരാറുകാര്‍ നിരക്ക് എഴുതേണ്ടത്. എന്നാല്‍ നിരക്ക് സംബന്ധിച്ച നിയന്ത്രണങ്ങളും കഴുത്തറപ്പന്‍ മത്സരങ്ങളും മൂലം യാഥാര്‍ത്ഥ്യബോധത്തോടു കൂടി നിരക്കുകള്‍ എഴുതാന്‍ കരാറുകാര്‍ക്ക് സാധിക്കുന്നില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടങ്കല്‍ തുകയ്ക്ക് മുകളില്‍ നിരക്കുകള്‍ എഴുതാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു ഔദാര്യം പോലെ 10 ശതമാനം വരെ ഉയര്‍ന്ന നിരക്ക് അനുവദിക്കും! വിപണി നിരക്കുകളുമായി പൊരുത്തപ്പെടുന്ന വിധം ടെണ്ടര്‍ നിരക്കെഴുതാന്‍ ഇതൊന്നും പര്യാപ്തമല്ല. ഇനി വാദത്തിനു വേണ്ടി പ്രവര്‍ത്തി സുഗമമായി നടത്താനാവശ്യമായ നിരക്കാണ് കരാറുകാരന്‍ എഴുതിയതെന്ന് വിചാരിക്കുക. ടെണ്ടര്‍ സമയത്ത് നിലവിലിരുന്ന നിര്‍മ്മാണ വസ്തുക്കളുടെ വിലകള്‍ ,കൂലി നിരക്കുകള്‍, ഗതാഗത ചെലവുകള്‍ തുടങ്ങിയവയില്‍ ,പണി പൂര്‍ത്തിയാകുന്നതുവരെ കാര്യമായ വര്‍ദ്ധന ഉണ്ടാകാതിരുന്നാല്‍ മാത്രമേ അപ്പോഴും നഷ്ടം കൂടാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിയൂ.
നഷ്ടസാദ്ധ്യത ഒഴിവാക്കുക മാത്രമല്ല ന്യായമായ ലാഭം കരാറുകാരന് ഉറപ്പാക്കുക കൂടി ചെയ്താല്‍ മാത്രമേ ഗുണമേന്മയും വേഗതയും ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന സത്യം എല്ലാവര്‍ക്കും ബോദ്ധ്യപ്പെടുകയും വേണം.
വന്‍കിട നിര്‍മ്മിതികളില്‍ ഉള്ളതുപോലെ, കരാറുറപ്പിക്കപ്പെട്ടതിനു ശേഷം ഉണ്ടാകുന്ന വിലവ്യതിയാനങ്ങള്‍ക്കനുസരിച്ച് കരാര്‍ തുകയില്‍ മാറ്റം വരുത്തുന്ന വിലവ്യതിയാന വ്യവസ്ഥ, ചെറുകിട-ഇടത്തരം പ്രവര്‍ത്തികളുടെ കരാറുകളിലും ഉള്‍പ്പെടുത്തണം.
ഇതു് ഫലപ്രദമായി നടപ്പാക്കക്കണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ അനിവാര്യമാണ്.
1. ഷെഡ്യൂള്‍ നിരക്കുകള്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കണം.
2. ഷെഡ്യൂളിലെ സാധന വിലകളോടൊപ്പമുള്ള ജി.എസ്.ടി വിഹിതം ഒഴിവാക്കണം.
3. ഷെഡ്യൂളിലുള്ള എല്ലാ ഇനങ്ങളുടെയും വിപണി നിരക്കുകളുടെ ഓരോ മാസത്തെയും ശരാശരി രേഖപ്പെടുത്തുന്നതിന് സംവിധാനമുണ്ടാക്കണം.
4. യഥാര്‍ത്ഥ വിപണി നിരക്കുകള്‍ ,പ്രവര്‍ത്തിയുടെ പ്രത്യേകത, സൈറ്റ് കണ്ടീഷന്‍ എന്നിവ കണക്കിലെടുത്ത് ടെണ്ടര്‍ നിരക്ക് അംഗീകരിക്കണം.
5, ടെണ്ടര്‍ നിരക്കിന് പരിധി നിശ്ചയിക്കുന്നതു് ഒഴിവാക്കണം.
നിര്‍മ്മാണമേഖലയില്‍ ഗുണമേന്മ, വേഗത സുതാര്യത എന്നിവയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരിനും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ നിരാകരിക്കാന്‍ കഴിയില്ല. വിപണി നിരക്കുകള്‍ ഉള്‍ക്കൊണ്ട് ടെണ്ടര്‍ നിരക്കെഴുതാന്‍ കരാറുകാരും , വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് കരാര്‍ തുക അംഗീകരിക്കാനും ഭേദഗതി വരുത്താനും സര്‍ക്കാരും തയ്യാറാകണം. യാഥാര്‍ത്ഥ്യങ്ങളില്‍ ചുവടുറപ്പിച്ചു കൊണ്ടു മാത്രമേ ,ഗുണമേന്മ ,വേഗത ,സുതാര്യത എന്നിവ കൈവരിക്കാനാകൂ.
ബിറ്റുമിന്റെ കാര്യത്തില്‍ വില വ്യതിയാനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പോലും അനിശ്ചിതത്വത്തിലാണ്.
ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കിയതിനെ ചോദ്യം ചെയ്ത് ചില കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചതും അവര്‍ക്കനുകൂലമായി വിധി ഉണ്ടായതുമാണ് പ്രശ്‌നമായിരിക്കുന്നത്.
ഉത്തരവിന് മുന്‍കാല പ്രാബല്യമില്ലെങ്കില്‍, യഥാര്‍ത്ഥ നഷ്ടം സംഭവിച്ചവര്‍ക്ക് പരിഹാരം ലഭിക്കില്ല.
ബിറ്റുമിന്‍ സംബന്ധിച്ച ഉത്തരവിനും വില വ്യതിയാന വ്യവസ്ഥ ഏര്‍പ്പെടുത്താനുള്ള ഉത്തരവ് ഇറക്കുകയാണെങ്കില്‍ അതിനും മുന്‍കാല പ്രാബല്യം കൂടിയേ തീരൂ. കോടതി വിധി മറികടക്കുകയെന്നത് ഒരു കടമ്പയാണ്. അതിനുള്ള ഒരു നിര്‍ദ്ദേശം കേരളാ ഗവ കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിഗണിക്കുമെന്നും വിശ്വസിക്കുന്നു
Well said
തീർച്ചയായും ന്യായമായ ആവശ്യങ്ങൾ