petroleum tax cut in Kerala was done by UDF not LDF, says oomen chandy to pinarayi

കേരളം പെട്രോളിയം നികുതി കുറച്ചതായി പിണറായി, കുറച്ചത് യുഡിഎഫ്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം, ഏപ്രില്‍ 28. പെട്രോളിയം ഉല്‍പന്നങ്ങളുടെമേലുള്ള നികുതി ഏഴു വര്‍ഷത്തിലധികമായി കേരളം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും, 2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളം 4 തവണ നികുതിയില്‍ കുറവു വരുത്തിയെന്നും മുഖ്യമന്ത്രി പിണറായി. ചില സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീ പിണറായി.

എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ നടത്തുന്നത് ചക്കളത്തിപ്പോരാട്ടമാണെന്നും, ഇരു കൂട്ടരും സത്യം മറച്ചു വെയ്ക്കുകയാണെന്നും മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയത്. കേന്ദ്രം വിലകൂട്ടിയപ്പോള്‍ നാലു തവണ കേരളം വിലകുറച്ചുവെന്നു പറഞ്ഞ പിണറായി വിജയന്‍ ഏതു ഗവണ്‍മെന്റാണ് ഇപ്രകാരം കുറവ് നല്‍കിയതെന്ന് പറയാനുള്ള സത്യസന്ധത കാണിക്കണം, ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്രത്തെക്കാള്‍ നികുതി കേരളത്തിന്

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണെന്ന് ശ്രീ ചാണ്ടി അഭിപ്രായപ്പെട്ടു. പെട്രോളിയം ഉല്പങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയും കിട്ടുന്നു. കേന്ദ്രത്തേക്കാള്‍ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ പകല്‍ക്കൊള്ള, ശ്രീ ചാണ്ടി പറഞ്ഞു.

പെട്രോളിയം നികുതിയില്‍ കേന്ദ്രം അടിക്കടി വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്ന് ശ്രീ പിണറായി ചൂണ്ടിക്കാണിച്ചു. 2014 ല്‍ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നും 31.83 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ചാര്‍ജ്ജുകളും സെസ്സുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സര്‍ചാര്‍ജ്ജുകളും സെസ്സുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തില്‍പ്പെടുന്നില്ല. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നികുതിവിഹിതത്തില്‍പ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നത്, പിണറായി പറഞ്ഞു.

ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതില്‍ കാലവിളംബം നടത്തുന്നതുവഴി കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണെന്ന് ശ്രീ പിണറായി പറഞ്ഞു. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമല്ല. 14 തവണ നികുതി വര്‍ദ്ധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോള്‍ നികുതി വര്‍ദ്ധനവ് ഒരിക്കല്‍പോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദര്‍ഭികമായി വിമര്‍ശിക്കുന്നത് ഖേദകരമാണ്, പിണറായി കൂട്ടിച്ചേര്‍ത്തു.



Leave a Reply

Your email address will not be published. Required fields are marked *