തിരുവനന്തപുരം, ഏപ്രില്‍ 28. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനുകുറുകെ നിര്‍മ്മിക്കുന്ന എളമരം കടവ് പാലം മെയ് 23 ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനഘട്ട പ്രവൃത്തികളിലേക്ക് കടക്കുകയാണ്. 2019 ല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രളയവും കോവിഡും നിര്‍മ്മാണത്തെ ബാധിച്ചിരുന്നു. നിലവില്‍ പ്രവൃത്തിയുടെ 90% പൂര്‍ത്തീകരിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.
പാലം നിര്‍മ്മാണത്തിന്റെ സ്ട്രക്ച്ചര്‍ പ്രവൃത്തി, പെയിന്റിംഗ് എന്നിവ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 35 മീറ്റര്‍ നീളത്തില്‍ 10 സ്പാനോടുകൂടി 350 മീറ്റര്‍ നീളമാണ് പാലത്തിനുളളത്. കോഴിക്കോട് മാവൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ബി.എം, ബി.സി പൂര്‍ത്തീകരിച്ചു. മലപ്പുറം എളമരം ഭാഗത്ത് എളമരം ജംഗ്ഷന്‍ മുതല്‍ എളമരം കടവ് വരെയുളള ബി.സി. പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മെയ് മാസം 23 ന് പാലം നാടിന് സമര്‍പ്പിക്കും.