പത്തനംതിട്ട, ഏപ്രില്‍ 22. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പിടിവാശിയും ആഭ്യന്തര കലാപവും ഒഴിവാക്കി, ആരോഗ്യകരമായ സംവാദവും റഫറണ്ടവും നടത്താന്‍ എല്ലാ വിഭാഗങ്ങളും സമവായത്തിലെത്തണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും തല്‍സംബന്ധമായ നിവേദനം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയില്‍, ജില്ലാ പ്രസിഡന്റ് അനില്‍ ഉഴത്തില്‍ ,സെക്രട്ടറി അജികുമാര്‍ വള്ളിക്കോട്, മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.പി ഗോപാലകൃഷ്ണന്‍, സെക്രട്ടറി സാബു കണ്ണംകുഴയത്ത് എന്നിവര്‍ അറിയിച്ചു.
അതിവേഗ ഗതാഗതവും സംയോജിത ഗതാഗതവും കാലഘട്ടത്തിന്റെ ആവശ്യമാണ്.സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി , മുന്‍ഗണനകള്‍ എന്നിവയും പ്രധാനമാണ്. മേയ് മാസത്തില്‍ എല്ലാ ജില്ലകളിലും സംവാദങ്ങള്‍ സംഘടിപ്പിക്കും.ആരോഗ്യകരമായ സംവാദങ്ങളും റഫറണ്ടവും സംസ്ഥാനത്തിന്റെ വികസനത്തിനു് ശരിയായ ദിശാബോധം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിലവ്യതിയാന വ്യവസ്ഥ.
നിര്‍മ്മാണ വസ്തുക്കളുടെ വിലകള്‍, കൂലികള്‍, ഗതാഗത ചെലവുകള്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് കരാര്‍ തുകയിലും മാറ്റം വരുത്തണം. പെട്രോള്‍-ഡീസല്‍ വിലകളില്‍ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം നിര്‍മ്മാണ ചെലവില്‍ ബഹുതല മാറ്റമാണുണ്ടാക്കുന്നതു്. വന്‍കിട ഉല്‍പ്പാദകര്‍ സംഘം ചേര്‍ന്ന് ബിറ്റുമിന്‍, സ്റ്റീല്‍ , സിമന്റ്, പൈപ്പുകള്‍, ഇലക്ട്രിക്കല്‍ – പ്ലംബിംഗ് സാധനങ്ങള്‍, ക്വാറി ക്രഷര്‍ ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ചെറുകിട-ഇടത്തരം ക്വാറികളുടെ മേല്‍ അതിസങ്കീര്‍ണ്ണ വ്യവസ്ഥകള്‍ അടിച്ചേല്പിച്ച് പ്രവര്‍ത്തനരഹിതമാക്കിയതും സ്ഥിതി ഗുരുതരമാക്കുന്നു.
മുന്‍കാല പ്രാബല്യത്തോടു കൂടി വിലവ്യതിയാന വ്യവസ്ഥ നടപ്പാക്കുകയാണ് ഏക പരിഹാരം.