ജി.രഘുനാഥ്
കൊല്ലം, ഏപ്രില്‍ 12. മാര്‍ച്ച് 24 മുതല്‍ 30 വരെ 32 കരാറുകാര്‍ കൊല്ലം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ച 5.7 കോടി രൂപയുടെ ബില്ലുകള്‍ യഥാസമയം ട്രഷറികളില്‍ എത്തിക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം വീഴ്ച വരുത്തിയതിനാല്‍ ഫണ്ട് ലാപ്‌സായിയെന്ന് ആരോപിച്ച് കരാറുകാര്‍ തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ഉല്‍ഘാടനം ചെയ്തു.അജിത് പ്രസാദ് ജയന്‍ അദ്ധ്യക്ഷത വഹിച്ചു.സര്‍വ്വ ശ്രീ എസ്.രാജു, നുജം, എം.കെ.ഷംസുദ്ദിന്‍, മന്മഥന്‍പിള്ള, സത്യരാജന്‍, പി.എച്ച്. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് 30-ന് ഓണ്‍ലൈനായി സമര്‍പ്പിച്ച ബില്ലുകള്‍ക്കു പോലും 31-ന് മറ്റ് ജില്ലകളിലെ കരാറുകാര്‍ക്ക് ട്രഷറികളില്‍ നിന്നും പണം നല്‍കി. അതിനു പോലും തടസം സൃഷ്ടിച്ച ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയുടെ നടപടി തികച്ചും പ്രതിഷേ ധാര്‍ഹമാണെന്നും ഉല്‍ഘാടകന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ ഫണ്ടില്‍ നിന്നു വേണം ലാപ്‌സായ ബില്ലുകള്‍ നല്‍കാന്‍. ഇക്കാര്യം ജനപ്രതിനിധികളെ അറിയിക്കുന്നതാണ്.2022-23 വര്‍ഷത്തെ വികസന പദ്ധതികളില്‍ 5.7 കോടി രൂപയുടെ കുറവുണ്ടാകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലും ഇത് വ്യക്തമായി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ധനകാര്യ മന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുന്നതിനും കരാറുകാരുടെ സംയുക്ത സമരസമിതി തീരുമാനിച്ചു.