തിരുവനന്തപുരം, ഏപ്രില്‍ 10. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ മലയോര, തീരദേശ ഹൈവേ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു. എന്‍ എച്ച് 66 ന്റെ വികസനത്തോടൊപ്പ ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയാകുന്നതോടുകൂടേ കേരളത്തിന്റെ ഗതാഗത മേഘലയില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. കേരളത്തിലെ റോഡുകളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടു കൂടി പരിഹാരമാവും.
കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന മലയോര ഹൈവേ വികസന പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നന്ദാരപ്പടവ്-ചേവാര്‍, ചെറുപുഴ-വളളിത്തോട്, പുനലൂര്‍ കെഎസ്ആര്‍ടിസി-ചല്ലിമുക്ക് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ 93.69 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. 755.1 കിലോമീറ്റര്‍ പാതയുടെ ഡീറ്റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായി. അതില്‍ 652.64 കിലോമീറ്റര്‍ പ്രവൃത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രക്ക് ഇന്റര്‍ലോക്ക് ടൈല്‍ പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മലയോരഹൈവ പദ്ധതി. വാഹന യാത്രക്കാര്‍ക്ക് വേ സൈഡ് അമിനിറ്റി സെന്റര്‍, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഷെല്‍ട്ടര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. റോഡ് നിര്‍മ്മാണ രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഹൈവേയുടെ പണികള്‍ പുരോഗമിക്കുന്നത്. തിരക്കുകളില്‍ നിന്നും മാറി പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള സുഗമയാത്രയാണ് മലയോര ഹൈവേ പദ്ധതിയിലൂടെ സാധ്യമാകുന്നത്. മാത്രമല്ല, മലയോരനിവാസികളുടെ ഗതാഗത സൗകര്യം വര്‍ധിക്കുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനക്കും ഹൈവെ വികസനം വലിയ മാറ്റം ഉണ്ടാക്കും. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതി കൂടിയാണിത്.
തീരദേശ ഹൈവെ
623 കിലോമീറ്റര്‍ ദൂരത്തില്‍, 14 മീറ്റര്‍ വീതിയോടെ, 6500 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്.
തീരദേശ ഹൈവേ പദ്ധതിയുടെ ഡിപിആര്‍ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ തീരദേശ ഹൈവേ നിര്‍മ്മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചുകഴിഞ്ഞു. മലപ്പുറം പടിഞ്ഞാറേക്കര പാലം മുതല്‍ ഉണ്യാല്‍ ജങ്ഷന്‍ വരെയുള്ള 15 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പുരോഗതിയിലാണ്.
നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിര്‍മ്മാണങ്ങള്‍ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാര്‍പാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.