Kerala PWD minister to hold discussions with contractors

മഴക്കാലത്ത് റോഡുകളുടെ പരിരക്ഷയ്ക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുളള പദ്ധതികള്‍

മഴക്കാലത്ത് കേരളത്തിലെ റോഡുകളിലെ തകരാറുകള്‍ പ്രത്യേകിച്ച് കുഴികള്‍, പരിഹരിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് ആവിഷ്‌ക്കരിച്ചു് നടപ്പാക്കികൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ വിവരം വെളിപ്പെടുത്തിയത്

റോഡിന്റെ നിലവാരം ഉയര്‍ത്തുകയാണ് പ്രധാനം . അതിന് കൂടുതല്‍ റോഡുകള്‍ ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തും, മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 7700 കിലോ മീറ്റര്‍ പി ഡബ്ല്യുഡി റോഡുകള്‍ ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തി. ഈ സര്‍ക്കാര്‍ 15000 കിലോ മീറ്റര്‍ റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ ആലോചിക്കുകയാണ്, ശ്രീ റിയാസ് പറഞ്ഞു.

ഡിഫക്ട് ലയബിലിറ്റി പീരിയഡ് (ഡിഎല്‍പി) സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ഡിഎല്‍പി ഇല്ലാത്ത റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ സ്ഥിരം സംവിധാനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എസ്റ്റിമേറ്റ്, ടെണ്ടര്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പ്രവൃത്തി വൈകാന്‍ ഇത് ഇടയാക്കുന്നു. ഇതിനായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കും, അദ്ദേഹം പറഞ്ഞു.

അതുപോലെ ഡി എല്‍ പിയിലുള്ള റോഡുകളില്‍ അത് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ സംവിധാനം ഒരുക്കും. കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേര് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. റോഡിന്റെ രണ്ട് ഭാഗത്തും അത് എഴുതി വെയ്ക്കും. കാലവര്‍ഷ സമയങ്ങളില്‍ പ്രവൃത്തി തുടങ്ങുന്നത് ഒഴിവാക്കാന്‍ വര്‍ക്കിംഗ് കലണ്ടര്‍ ഉണ്ടാക്കും. ഓരോ പ്രവര്‍ത്തനവും ഏത് സമയങ്ങളില്‍ പൂര്‍ത്തിയാക്കണമെന്ന് ഈ കലണ്ടറില്‍ രേഖപ്പെടുത്തും, മന്ത്രി പറഞ്ഞു.

കോര്‍ റോഡ്‌നെറ്റ്വര്‍ക്കില്‍പ്പെട്ട റോഡുകളുടെ നിര്‍മ്മാണത്തെ പരാമര്‍ശിക്കവേ ഔട്ട് പുട്ട് ആന്റ് പെര്‍ഫോമെന്‍സ് ബേസ്ഡ് റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തി കോര്‍ റോഡ് നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട റോഡുകളുടെ പ്രവൃത്തി നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അഞ്ച് പാക്കേജുകളിലായി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

കരാറുകള്‍ ടെര്‍മിനേറ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ റീടെണ്ടര്‍ നടപടികള്‍ സമയബന്ധിതമായി നടത്തുമെന്ന് ഉറപ്പാക്കും, ശ്രീ റിയാസ് പറഞ്ഞു. നൂതന സാങ്കേതികവിദ്യകളായ വൈറ്റ് ടോപ്പിംഗ് നിര്‍മ്മാണ രീതി, ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ടെക്‌നോളജി. കോള്‍ഡ് ഇന്‍പ്ലേസ് റീസൈക്ലിംഗ് നിര്‍മ്മാണ രീതി തുടങ്ങിയവ ഉപയോഗിച്ചുള്ള പുതിയ നിര്‍മ്മാണ രീതികള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *