PWD Minister Muhammad Riyaz inaugurating renovation of 12 roads and bridges

സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി

തിരുവനന്തപുരം, ഏപ്രില്‍ 4. കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നൂറുദിന പരിപാടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ 12 പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തി ഇന്ന് ആരംഭിച്ചു. 10 റോഡുകളുടെയും 2 പാലങ്ങളുടെയും നിര്‍മ്മാണോദ്ഘാടനമാണ് ഇന്ന് നടന്നത്.


പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകള്‍ സുതാര്യതയോടെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. തെറ്റായ പ്രവണത വകുപ്പില്‍ ഒരുകാരണവശാലും അനുവദിക്കുകയില്ല. കാരണം ജനങ്ങള്‍ കാവല്‍ക്കാരാണ് കാഴ്ചക്കാര്‍ അല്ല- ഇതാണ് സര്‍ക്കാരിന്റെ നയം. റോഡുകളുടെ വികസനത്തിനൊപ്പം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ആവശ്യമായിടത്ത് വികസന പദ്ധതികളും വകുപ്പ് തയാറാക്കും. റോഡിന്റെ പരിപാലനത്തിനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനെല്ലാം ജനങ്ങളുടെ പിന്തുണ വളരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


പുരോഗതിയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ ആവശ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ചെറുകോലിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് രാഷ്ട്രീയകക്ഷി വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.


പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിലെ പുല്ലുവഴി – കല്ലില്‍ റോഡ്, കുറുപ്പുംപടി – കൂട്ടിക്കല്‍ റോഡ്, ആലുവ – മൂന്നാര്‍ റോഡ്, ശബരിമല ഫെസ്റ്റിവെല്‍ – എം സി റോഡ്, കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ ചൂണ്ടി – രാമമംഗലം റോഡ്, പഴന്തോട്ടം – വടവുകോട് റോഡ്, പിറവം നിയമസഭാ മണ്ഡലത്തിലെ വാളിയപ്പാടം – വെട്ടിമൂട് റോഡ്, ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇരുട്ടുക്കാനം – മൈലാടുംപാറ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന് സമാന്തര പാലം നിര്‍മ്മാണം, കോവില്‍ക്കടവ് പാലത്തിന് സമാന്തര പാലം നിര്‍മ്മാണം,കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കുര്യനാട് – വെളിയന്നൂര്‍ റോഡ്, പിറവം – കടുത്തുരുത്തി റോഡ്, എന്നിവയാണ് നിര്‍മ്മാണപ്രവൃത്തി ആരംഭിച്ച പദ്ധതികള്‍.



Share this post: