നജീബ് മണ്ണേല്‍, സ്റ്റേറ്റ് ചെയര്‍മാന്‍. BAI
തിരുവനന്തപുരം, മാര്‍ച്് 25. തൈക്കാട് പി.ഡബ്‌ള്യൂ.ഡി റസ്റ്റ്ഹൗസില്‍ വച്ച് പൊതുമരാമത്ത് – ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ഇന്നലെ (മാര്‍ച്ച് 24ന് )നടത്തിയ ചര്‍ച്ച തികച്ചും ഫലപ്രദമായിരുന്നുവെന്ന്ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി ഭാരവാഹികളായ മോന്‍സ് ജോസഫ് എം.എല്‍.എ., (ചെയര്‍മാന്‍) വര്‍ഗീസ് കണ്ണമ്പള്ളി, (കണ്‍വീനര്‍) കെ.ജെ.വര്‍ഗീസ് (വര്‍ക്കിംഗ് ചെയര്‍മാന്‍), രാജേഷ് മാത്യൂ (ജോയിന്റ് കണ്‍വീനര്‍)എന്നിവര്‍ അറിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നജീബ് മണ്ണേല്‍, പോള്‍ ടി. മാത്യൂ, സണ്ണി ചെന്നിക്കര ,കെ.അനില്‍കുമാര്‍ , നിസാം തോപ്പില്‍ അഷറഫ് കടവിളാകം എന്നിവരും പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി സാമ്പശിവറാവു ഐ.എ.എസ്, ചീഫ് എഞ്ചിനീയറന്മാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുന്‍കൂര്‍ എഴുതി നല്‍കിയവ ഉള്‍പ്പെടെ 21 ആവശ്യങ്ങള്‍ കരാറുകാര്‍ ഉന്നയിച്ചു.
2021 ലെ ഡി.എസ്.ആര്‍ ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുക, ടെണ്ടറിനു ശേഷമുള്ള വില വര്‍ദ്ധനവിന് ശാശ്വത പരിഹാരമായി എല്ലാ കരാറുകളിലും വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തുക, ബിറ്റുമിന്‍, സ്റ്റീല്‍, സിമന്റ്, പൈപ്പുകള്‍ ,ഇലക്ട്രിക്കല്‍- സാനിറ്ററി , ക്വാറി- ക്രഷര്‍ ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ അസാധാരണ വില വര്‍ദ്ധന മൂലം കടക്കെണിയിലായ കരാറുകാരെ മുന്‍ കാല പ്രാബല്യത്തോടു കൂടി സഹായിക്കുക, ജി.എസ്.ടി നഷ്ടപരിഹാര ഉത്തരവ്, ബിറ്റുമിന്റെ കോസ്റ്റ് ഡിഫറന്‍സ് സംബന്ധിച്ച ഉത്തരവുകള്‍ എന്നിവ നടപ്പാക്കുക, പ്രാബല്യത്തിലുള്ള എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കലറുകളും പൊതുമരാമത്ത് മാമ്പല്‍, ക്വാളിറ്റി മാന്വല്‍, തുടങ്ങിയവയും എല്ലാ മരാമത്ത് ആഫീസുകളിലും ലഭ്യമാക്കുക,
ഓരോ മാസത്തെയും വിപണി നിരക്കുകള്‍ കൃത്യമായി ശേഖരിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ ആഫീസില്‍ പ്രത്യേക സംവിധാനം സൃഷ്ടിക്കുക, എല്‍.എം.ആര്‍ തയ്യാറാക്കുന്ന രീതി പരിഷ്‌ക്കരിക്കുക, ഇലക്ട്രിക്കല്‍-കിഫ്ബി-വാട്ടര്‍ അതോരിറ്റി -വനംവകപ്പ് കരാറുകാരുടെ പ്രത്യേക പ്രശ്നങ്ങള്‍ പരിഹരിക്കുക, എം.എസ്.എം.ഇ.ആനുകൂല്യങ്ങള്‍ എല്ലാ കരാറുകാര്‍ക്കും നല്‍കുക, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടറില്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ എടുത്തുകളയുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം മന്ത്രിക്ക് രേഖാമൂലം നല്‍കിയിരുന്നു.
ചര്‍ച്ചകള്‍ക്ക് പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍ ) എന്നിവര്‍ മറുപടി നല്‍കി. മന്ത്രി റിയാസ് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പു നല്‍കി.
1. ധനവകുപ്പിന്റെ കൂടി അംഗീകാരം അനിവാര്യമായ സംഗതികളില്‍ ധനമന്തിയുമായി ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ചര്‍ച്ച നടത്തി പരിഹരിക്കാന്‍ ശ്രമിക്കും.
2. അര്‍ഹരായ കരാറുകാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ബോണസ് നല്‍കും.
3. മാര്‍ച്ച് 31ന് ലൈസന്‍സിന്റെ കാലാവധി തീരുന്നവര്‍ക്ക് പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിക്കും. ലൈസന്‍സികള്‍ രൂപീകരിക്കുന്ന കമ്പനികളുടെ പേരിലേയ്ക്ക് ലൈസന്‍സ് മാറ്റാന്‍ അനുവദിക്കും.
4. മരാമത്ത് ആഫീസുകളില്‍ കരാറുകാര്‍ സര്‍ക്കാര്‍ ഉത്തരവുകളുമായി ചെല്ലേണ്ട സാഹചര്യം ഒഴിവാക്കും.
പണികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുസ്തകങ്ങളും എല്ലാ പൊതുമരാമത്ത് ആഫീസുകളിലും ലഭ്യമാക്കും.
5. നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ പരാതികള്‍ കരാറുകാര്‍ക്ക് മന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. പരാതി സത്യസന്ധമാണെങ്കില്‍ നടപടി ഉറപ്പ്.
6. ആധുനിക നിര്‍മ്മാണ രീതി ശാസ്ത്രവും സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും കരാറുകാര്‍ക്കും എഞ്ചിനീയറന്മാര്‍ക്കും പരിശീലനം നല്‍കും.
7. റണ്ണിംഗ് കോണ്‍ട്രാക്ടുകളില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് അനുവദിക്കുമെന്നും രാജ്യത്താദ്യമായി കുഴിയില്ലാത്ത സ്ഥിതി റോഡുകളിലുണ്ടാക്കാന്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കരാറുകാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന മന്തിക്ക് മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ മോന്‍സ് ജോസഫ് എം.എല്‍.എ ഏകോപന സമിതിക്കു വേണ്ടി നന്ദി പറഞ്ഞു.