തിരുവനന്തപുരം, മാര്‍ച്ച് 24. പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് കരാര്‍ തുകയുടെ നിശ്ചിത ശതമാനം ബോണസ് നല്കാന് തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കരാര്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തെ തുടര്‍ന്നാണ് തീരുമാനം.
സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ നടപടി പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഗുണമേന്മ ഉറപ്പാക്കാനും സമയബന്ധിതമായി കരാര്‍ പൂര്‍ത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും 2022-2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സാങ്കേതികതയുടെ പുതിയ സാധ്യതകള്‍ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെഎച്ച്.ആര്.ഐ ആയിരിക്കും ഈ പരിശീലനം ആസൂത്രണം ചെയ്യുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവില്‍ കരാറുകാര്‍ക്കുള്ള ആശങ്ക ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കുഴിയില്ലാത്ത രീതിയില്‍ കേരളത്തിലെ റോഡുകളെ മാറ്റാന്‍ റണ്ണിംഗ് കോണ്ട്രാക്റ്റ് രാജ്യത്താദ്യമായി നടപ്പാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും ദേശീയപാത വികസനം പോലെ സില്‍വര്‍ലൈനും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.