ടീം പിണറായി സമക്ഷം, കേരള കരാറുകാര്‍ -1
വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍, ഗവ കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി)
2012-ല്‍ പുതുക്കിയ കേരള പൊതുമരാമത്ത് മാന്വലിലെ ആര്‍ട്ടിക്കിള്‍ 170 (1 ) അനുശാസിക്കുന്നത് കേരള പൊതുമരാമത്ത് പട്ടിക നിരക്കുകള്‍ ഓരോ വര്‍ഷവും ഏപ്രില്‍ 1-ന് പ്രാബല്യത്തില്‍ വരത്തക്കവിധം പുതുക്കണമെന്നാണ്. കരാറുകാരുടെ സംഘടനകളുടെ ഒന്നടങ്കമുള്ള ആവശ്യം അംഗീകരിച്ചു കൊണ്ടായി രുന്നു ,ആര്‍ട്ടിക്കിള്‍ 170 (1) മാന്വലില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ 2013-ല്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെയും നാഷണല്‍ ബില്‍ഡിംഗ് കോഡിന്റെയും മാനദണ്ഡങ്ങള്‍ക്കൊപ്പം ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സും (DSR) കേരള പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുകയുണ്ടായി.
മേല്‍ പറഞ്ഞ മൂന്നു കാര്യങ്ങളിലും അപ്പഴപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ കേരള പൊതുമരാമത്ത് വകുപ്പ് ഉള്‍ക്കൊള്ളുമെന്ന ധാരണയാണ് തല്‍സംബന്ധമായി നടത്തപ്പെട്ട മന്ത്രിതല ചര്‍ച്ചയില്‍ കരാറുകാരുടെ സംഘടനകള്‍ക്ക് ലഭിച്ചത്. എന്നാല്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെയും
നാഷണല്‍ ബില്‍ഡിംഗ് കോഡിലെയും ഭേദഗതികള്‍ അപ്പഴപ്പോള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നുണ്ട്. അതനുസരിച്ച് നിര്‍മ്മാണ രീതികളില്‍ മാറ്റം വരുത്താന്‍ കരാറുകാര്‍ ബാദ്ധ്യസ്ഥരുമാണ്.
എന്നാല്‍ ഡി.എസ്.ആറി ന്റെ കാര്യത്തില്‍ വ്യത്യസ്ഥ സമീപനമാണു് സ്വീകരിക്കപ്പെട്ടത്.
2021-ലെ ഡി.എസ്.ആര്‍ 04-01-2021 മുതല്‍ കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പ്രാബല്യത്തില്‍ വരുത്തി. കേരളമാകട്ടെ ഇപ്പോഴും 2018ലെ ഡി.എസ്.ആര്‍ പ്രകാരമാണ് അടങ്കലുകള്‍ തയ്യാറാക്കുന്നത്. തൊട്ടടുത്തുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യത്യസ്ഥ നിരക്കുകളില്‍ അടങ്കലുകള്‍ തയ്യാറാക്കുന്നതിലെ അനൗചിത്യവും തന്മൂലം കേരള കരാറുകാര്‍ക്കുള്ള ബുദ്ധിമുട്ടും കേരള സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതാണ്.
കേന്ദ്ര പങ്കാളിത്വ പദ്ധതികളില്‍ (ജല ജീവന്‍ മിഷന്‍, പി.എം.ജി.എസ് വൈ തുടങ്ങിയവ) അടങ്കല്‍ തുകയുടെ നിശ്ചിത ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതു്. കുറഞ്ഞ നിരക്കുകളില്‍ അടങ്കലുകള്‍ തയ്യാറാക്കുമ്പോള്‍ കേന്ദ്ര വിഹിതവും കുറയും. ഇതും സര്‍ക്കാര്‍ തിരിച്ചറിയണം.
2021 ലെ DSR നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ധനകാര്യ അഡീ ഷണല്‍ ചീഫ് സെക്രട്ടറി ഒരു മാസത്തിനുള്ളില്‍ നിയമാനുസൃതമായി തീരുമാനമെടുക്കണമെന്നും ബഹു കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ആകയാല്‍ 2021 ലെ ഡി.എസ്.ആര്‍ 2022 ഏപ്രില്‍ 1 മുതലും തുടര്‍ന്നുള്ള ഡി.എസ്.ആറുകള്‍ കാലവിളംബം കൂടാതെയും കേരളത്തിലും പ്രാബല്യത്തില്‍ വരുത്തണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.