തിരുവനന്തപുരം, മാര്‍ച്ച് 19. കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് അവസാന വാരത്തിലാണ് നിക്ഷേപ സംഗമം നടക്കുക.
അതിന് മുന്നോടിയായി നിക്ഷേപ സംഗമത്തിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഏപ്രില്‍ ആറ് രാവിലെ 11ന് ‘പ്രിസം’ (Preliminary Rally of Investors in Shipping & Maritime) ഓണ്‍ലൈന്‍ മീറ്റ് നടക്കും. മാരിടൈം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങള്‍ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വെയര്‍ഹൗസ്, ഡ്രൈഡോക്ക്, വാട്ടര്‍ സ്പോര്‍ട്സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്മെന്റ് യൂണിറ്റ്, പായ്ക്കപ്പല്‍, സീപ്ലൈന്‍, ഇന്‍ലാന്റ് മരീനാ, റോ-റോ സര്‍വ്വീസ്, ക്രൂയിസ്ഷിപ്പിംഗ്, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, സാന്റ് പ്യൂരിഫേക്കേഷന്‍ യൂണിറ്റ്, ഫിഷ് ഇംപോര്‍ട്ട് ആന്‍ഡ് പ്രൊസസ്സിംഗ് യൂണിറ്റ്, എല്‍.പി.ജി ടെര്‍മിനല്‍, ബങ്കര്‍ പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍, ഉരു സര്‍വ്വീസ് എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
കേരളത്തിലെ തുറമുഖങ്ങളില്‍ പശ്ചാത്തല വികസനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയാകും. നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ തുറമുഖ മേഖലയില്‍ നിക്ഷേപിക്കുവാന്‍ താല്പര്യമുള്ള മുഴുവന്‍ സംരംഭകരും പ്രീ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. 500 ഓളം തൊഴില്‍ സാധ്യതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് നിക്ഷേപസംഗമത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.