Pinarayi government failed to implement budget promises says satheeshan

ബജറ്റിനെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി; നികുതി പിരിവില്‍ അമ്പേ പരാജയപ്പെട്ടു: പ്രതിപക്ഷ നേതാവ്

ബജറ്റിനെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി, നികുതി പിരിവില്‍ അമ്പേ പരാജയപ്പെട്ടു പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം, മാര്‍ച്ച് 16. കഴിഞ്ഞ ബജറ്റുകളെ പിണറായി സര്‍ക്കാര്‍ നോക്കുകുത്തയാക്കിയെന്നും, വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടതായും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേരള നിയമസഭയില്‍ ബജറ്റു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ വാചകം നോക്കിയല്ല ബജറ്റിനെ നോക്കിക്കാണേണ്ടത്. അതില്‍ പലതും നടപ്പാക്കപ്പെടാതെ പോകുന്നതാണ് പതിവ്. കഴിഞ്ഞ തവണത്തെ ബജറ്റിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്താല്‍ അതിന് 30 ശതമാനം മാര്‍ക്ക് പോലും കിട്ടില്ല. സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ബജറ്റിനെ വിലയിരുത്തേണ്ടത്. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതാണ് പ്രശ്നം. സംസ്ഥാനത്തിന്റെ ബജറ്റ് നിലവിലെ വര്‍ഷത്തെ ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റും വരാനിരിക്കുന്ന വര്‍ഷങ്ങളിലെ എസ്റ്റിമേറ്റുമാണ്.

21-22 വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തനതു വരുമാനം 71833 കോടിയായിരുന്നു. 58867 കോടി മാത്രമാണ് കിട്ടിയത്. പതിമൂവായിരം കോടിയുടെ കുറവാണ് തനതു വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. നികുതിയേതര വരുമാനം എസ്റ്റിമേറ്റിനേക്കാള്‍ 4297 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. വരുമാനം അനുസരിച്ചാണ് കടമെടുക്കേണ്ടത്. എന്നാല്‍ കടം വാങ്ങുന്ന തുക ചെലവഴിക്കുന്നതാണ് പ്രധാനം. എസ്റ്റിമേറ്റിനേക്കാള്‍ പതിനായിരം കോടിയുടെ കുറവാണ് ക്യാപിറ്റല്‍ എക്സ്പെന്റിച്ചറില്‍ ഉണ്ടായിരിക്കുന്നത്.

കിഫ്ബിയെ നിങ്ങള്‍ എതിര്‍ത്തില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ബജറ്റിന് പുറത്ത് പണം കടം വാങ്ങാനുള്ള സംവിധാനമായാണ് കിഫ്ബി ഉണ്ടാക്കിയത്. പക്ഷ ഈ പണം തിരിച്ചടയ്ക്കുന്നത് സഞ്ചിത വരുമനത്തില്‍ നിന്നാണ്. അത് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കും. പ്രതിപക്ഷത്തിന്റെ ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്നാണ് പറഞ്ഞത്. 70,762 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം പൂര്‍ത്തിയായ പദ്ധതികള്‍ വെറും 4,429 കോടിയുടെത് മാത്രമാണ്. പ്രഖ്യാപിച്ചതിന്റെ പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല.

മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും ഇന്ധന സെസില്‍ നിന്നും ലഭിക്കുന്ന സര്‍ക്കാര്‍ വരുമാനം മാത്രമാണ് പ്രധാനമായും കിഫ്ബിയുടെ തിരിച്ചടവിന് വിനിയോഗിക്കുന്നത്. 2021 ജൂണ്‍ 30 വരെ മാത്രം മോട്ടോര്‍ വാഹന നികുതിയായി 5,862 കോടി രൂപ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. എന്നിട്ടും 4,429 കോടി മാത്രമാണ് കിഫ്ബിയില്‍ നിന്നും ചെലവഴിച്ചത്. ഇതിനേക്കാള്‍ വികസനപ്രവര്‍ത്തനം കിഫ്ബി ഇല്ലാതെ നടക്കുമായിരുന്നു. ഇതിനേക്കാള്‍ മറ്റൊരു ബാധ്യതയാണ് മസാല ബോണ്ട് ഇറക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. വിപ്ലവകരമാണെന്ന് നിങ്ങള്‍ പറഞ്ഞ സംഭവം സംഭവമല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രതിപക്ഷ വിമര്‍ശനം ശെരിയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് മുന്നിലുള്ളത്.

കോവിഡിന്റെ ആശങ്ക ഐസക്കിന്റെ ബജറ്റില്‍ പ്രതിഫലിക്കാത്തതു കൊണ്ടാണ് ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞ വര്‍ഷം റിവൈസ്ഡ് ബജറ്റ് അവതരിപ്പിച്ചത്. എം.എല്‍.എ. മാര്‍ക്ക് പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ള ആസ്തിവികസനഫണ്ടില്‍നിന്നും 4 കോടി രൂപ വീതം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപണം. നോമിനേറ്റഡ് എം.എല്‍.എ. ഉള്‍പ്പെടെയുള്ള 141 എം.എല്‍.എ.മാരില്‍നിന്നും 140 മണ്ഡലങ്ങളിലായി 4 കോടി രൂപ വീതം 564 കോടി രൂപയാണ് കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനായി സമാഹരിച്ചത്. ഇതില്‍ 36.20 കോടി രൂപമാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. മൂന്നാം തരംഗവും കഴിഞ്ഞ സാഹചര്യത്തില്‍ ചെലവഴിക്കാത്ത തുക എം.എല്‍.എമാരുടെ ഫണ്ടിലേക്ക് തിരികെ നല്‍കണം.

വാക്സിന്‍ ഗവേഷണം ആരംഭിക്കുന്നതാണെന്നും ഇതിനായി 10 കോടി രൂപ വകയിരുത്തി. അതും നടന്നില്ല. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജായിരുന്നു അടുത്ത പ്രഖ്യാപനം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2500 കോടി, ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാന്‍ 8900 കോടി, സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍ക്ക് പലിശ, സബ്സിഡി എന്നിവയ്ക്ക് 8300 കോടി രൂപയും അടങ്ങിയതായിരുന്നു ഈ പാക്കേജ്. കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ വഴി 176.27 കോടി രൂപ കൊടുത്തത് മാത്രമാണ് ഇതില്‍ ആകെ നടന്നത്. അതും ആളുകള്‍ക്ക് നേരിട്ടല്ല കൊടുത്തത്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുതിനായി 1000 കോടി രൂപയും അനുബന്ധഉപകരണങ്ങള്‍ വാങ്ങുതിന് 500 കോടി രൂപയുമായിരുന്നു അടുത്ത പ്രഖ്യാപനം. വാക്സിനേഷന്‍ കേന്ദ്രം സൗജന്യമാക്കിയ പശ്ചാത്തലത്തില്‍ ഈ തുകയും ചെലവഴിക്കേണ്ടി വന്നില്ല. എവിടെ നിന്നാണ് 20000 കോടി രൂപ വരുന്നതെന്ന പ്രതിപക്ഷ ചോദ്യത്തിന് അന്ന് മറുപടിയുണ്ടായില്ല.

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പേഷന് 550 കോടി രൂപ നല്‍കിയതാണ് ഈ പ്രഖ്യാപനത്തില്‍ ആകെ നടന്നത്. അത് ഗുരുതരമായ അഴിമതി ആരോപണമായി. മുഖ്യമന്ത്രി അതിന് നല്‍കിയ മറുപടി യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അഴിമതി സംബന്ധിച്ചുള്ള കേസ് ലോകായുക്തയുടെ പരിഗണനയില്‍ ആയതുകൊണ്ട് അതിന്റെ കൂടുതല്‍ കഥകള്‍ ഇവിടെ പറയുന്നില്ല.

സംസ്ഥാനത്ത് പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതരവീഴ്ചയാണുണ്ടായത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വിഹിതമായ 7280 കോടി ഉള്‍പ്പെടെ സംസ്ഥാന പദ്ധതി വിഹിതം ഈ സാമ്പത്തികവര്‍ഷം 27610 കോടിയാണ്. അതില്‍ 19,119.72 കോടി മാത്രമാണ് മാര്‍ച്ച് 15 വരെ ചെലവഴിച്ചിട്ടുള്ളത്. 69.25 ശതമാനമാണ് ആകെ പദ്ധതി ചെലവ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 2 ആഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ പദ്ധതി വിഹിതത്തിന്റെ ചെലവ് പരമാവധി 75 ശതമാനത്തില്‍ ഒതുങ്ങും. ഇത് ഒട്ടും നീതീകരിക്കാനാവുന്നതല്ല. റീ ബില്‍ഡ് കേരളയ്ക്ക് 1830 കോടി വകയിരുത്തിയിട്ട് ചെലവഴിച്ചത് 388.13 കോടി രൂപ മാത്രമാണ്. 9432.91 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും ചെലവായത് 68.01 ശതമാനം മാത്രമാണ്. ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് ആസൂത്രണത്തില്‍ നിന്നും പ്രോജക്ടിലേക്ക് സര്‍ക്കാര്‍ മാറിയത്.

2016-ല്‍ അധികാരത്തിലേറിയപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആദ്യം ചെയ്തത് ധവളപത്രം ഇറക്കുകയായിരുന്നു. അഞ്ച് വര്‍ഷംകൊണ്ട് 30,000 കോടിരൂപ യു.ഡി.എഫ്. സര്‍ക്കാരിന് പിരിക്കാന്‍ സാധിക്കാത്തത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടാണെന്നും നികുതി വകുപ്പ്് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നുമായിരുന്നു ധവളപത്രത്തിലെ പ്രധാന കണ്ടെത്തല്‍. 2016-21 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 72608.54 കോടി രൂപയാണ് നികുതി വരുമനത്തിലെ വീഴ്ച. ഈ വര്‍ഷം അതിനും മുകളിലെത്തുമെന്ന് ഉറപ്പാണ്.

സംസ്ഥാനത്ത് 2020-21 ല്‍ ആനംസ്റ്റി സ്‌കീം പ്രകാരം ലക്ഷ്യമിട്ടിരുന്നത് 9642.25 കോടി രൂപയുടെ നികുതി കുടിശ്ശികയാണ്. എന്നാല്‍ ലഭിച്ചത് 270.37 കോടി രൂപ മാത്രം. 2017 ജൂലൈ 1 മുതലാണ് സംസ്ഥാനത്ത് ജി.എസ്.ടി.സംവിധാനം നിലവില്‍ വത്. ജി.എസ്.ടി. സംവിധാനത്തിന് അനുസൃതമായി നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുതിന് നികുതി വകുപ്പ് പുനസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2021-22 സാമ്പത്തിക വര്‍ഷം ജി.എസ്.ടി. നഷ്ടപരിഹാര തുകയായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 11426.13 കോടി രൂപയാണ്. ഇതുവരെ ലഭിച്ചത് 8739.31 കോടി രൂപ. 2686.82 രൂപയാണ് ഇനി ലഭിക്കാനുള്ളത്. 2017-18 ല്‍ 57.32 കോടി രൂപയും 2018-19 ല്‍ 25.79 കോടി രൂപയും 2020-21 ല്‍ 80.33 കോടി രൂപയും സംസ്ഥാനത്തിന് ജി.എസ്.ടി. കുടിശ്ശികയായി ലഭിക്കാനുണ്ട്. കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പദ്ധതികള്‍ നടപ്പാകുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് ബജറ്റിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *