തിരുവനന്തപുരം, ഫെബ്രുവരി 24. ആലപ്പുഴ – കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം മാര്‍ച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കായംകുളം കായലിനു കുറുകെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം തൊക്കെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ 3 ബോ സ്ട്രിംഗ്ആര്ച്ച് പാലമായിരിക്കും എന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് അവകാശപ്പെട്ടു.
2016 മാര്‍ച്ച് 4 ന് നിര്‍മ്മാണം ആരംഭിച്ച പാലത്തിന് 1216 മീറ്റര്‍ നീളവും 29 സ്പാനുകളുമുണ്ട്. നിര്‍മാണ ചെലവ് ഏതാണ്ട് 140 കോടി രൂപയാണ്. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ കടന്നു പോകാന്‍ സാധിക്കും. പാലം ഉദ്ഘടനം ചെയ്യുന്നതോടുകൂടി ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കല്‍ നിന്നും ആലപ്പാട് പഞ്ചായത്തിലേക്കുള്ള ദൂരം 28 കിലോമീറ്ററില്‍ നിന്നും ഒരു കിലോമീറ്ററായി കുറയുമെന്ന് പത്രക്കുറിപ്പ് അറിയിച്ചു. കായംകുളം പൊഴിയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന പാലത്തില്‍ നിന്നും സൂര്യാസ്തമനം കാണാന്‍ പ്രത്യേക സൗകര്യങ്ങളുണ്ട്. ഈ മേഖലയിലെ ടൂറിസം വികസനത്തിന് ഇത് സാഹായകരമാകും എന്ന് കരുതപ്പെടുന്നു.