തിരുവനന്തപുരം, ഫെബ്രുവരി 21. രാമനാട്ടുകര മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള അലൈന്‍മെന്റ്, ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്കായി 33.70 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രാമനാട്ടുകര മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ രാമനാട്ടുകര മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസിപ്പിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ റോഡ് വികസനത്തോട് കൂടി നാട് നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മന്ത്രി പറഞ്ഞു.
വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നതായി ശ്രീ റിയാസ് ചൂണ്ടിക്കാണിച്ചു. പ്രത്യേകമായി യോഗം വിളിച്ച് ചേര്‍ത്ത് റോഡ് വികസനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.