തിരുവനന്തപുരം, ഫെബ്രുവരി 15. എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രാ പ്രമോഷന്‍ സെല്‍ വഴി ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ സംരഭകര്‍ക്ക് അനുവദിച്ച പദ്ധതികളില്‍ മൂന്നെണ്ണത്തിന്റെ ഇംപ്‌ളിമെന്റേഷന്‍ എഗ്രിമെന്റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ആകെ 12.75 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതാണ് പദ്ധതികള്‍.
പാലക്കാട് ആറ്റിലയില്‍ ദര്‍ശന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ആറു മെഗാവാട്ട് വീതം സ്ഥാപിതശേഷിയുള്ള രണ്ടു പദ്ധതികള്‍, ഇടുക്കി കാങ്ങാപ്പുഴയില്‍ നെല്‍സണ്‍സ് റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ്‌ലിമിറ്റഡിന്റെ 0.75 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഒരു പദ്ധതി എന്നിവയുടെ ഇംപ്ലിമെന്റേഷന്‍ എഗ്രിമെന്റാണ് ഒപ്പുവച്ചത്. ഈ കമ്പനികള്‍, പദ്ധതിയുടെ സാങ്കേതിക – സാമ്പത്തിക – പ്രായോഗികതാ റിപ്പോര്‍ട്ടുകള്‍ക്ക് അനുമതി ലഭിച്ച് 36 മാസത്തിനുള്ളില്‍ പദ്ധതി കമ്മിഷന്‍ ചെയ്യണം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്്് ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ കരാറില്‍ ഒപ്പുവച്ചു.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വഴി 50.11 മെഗാവാട്ട് ശേഷിയുള്ള എട്ട് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ ആനക്കംപോയില്‍, അരിപ്പാറ എന്നിവ (മൊത്തം 12.5 മെഗാവാട്ട് ശേഷിയുള്ളവ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കമ്മിഷന്‍ ചെയ്തവയാണ്.
ചടങ്ങില്‍ കമ്പനികളെ പ്രതിനിധീരിച്ച് ടി. കെ. സുന്ദരേശന്‍, അജയ് സുന്ദരേശന്‍, ജയദീപ് സുന്ദരേശന്‍, വൈ. സ്ലീബാച്ചന്‍, നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരും ഇ.എം.സി. ഡയറക്ടര്‍ ഡോ ആര്‍. ഹരികുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.