വടകര, ഫെബ്രുവരി 8. പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നവീകരിക്കുന്ന ചേലക്കാട് – വില്യാപ്പള്ളി – വടകര റോഡിന്റെ സ്ഥലം മാര്‍ക്ക്ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റിയടിക്കല്‍ ഉദ്ഘാടനം എം.എല്‍.എ ഇ.കെ.വിജയന് നിര്‍വഹിച്ചു. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നവീകരിക്കാന്‍ 58 കോടിരൂപയാണ് വകയിരിത്തിയിട്ടുള്ളത്. വടകര നാഷണല്‍ ഹൈവേയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. നാദാപുരം, ആയഞ്ചേരി, പുറമേരി, എന്നീ പഞ്ചായത്തുകളിലൂടെയും വടകര മുനിസിപ്പാലിറ്റികളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
ഇതിനിടെ റോഡ് വികസനത്തില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുണമെന്ന് ഭൂമി ഉടമസ്ഥരുടെ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അതു പോലെ 12 മീറ്റര്‍ വീതി ആവശ്യമില്ലെന്നും, വീതി പത്തുമീറ്ററായി കുറയ്ക്കണമെന്നും അവര്‍ പറയുന്നു. എന്നാല്‍ പത്തു മീറ്ററായി കുറച്ചാല്‍ റോഡ് വികസനത്തിന്റെ ലക്ഷ്യം നഷ്ടപ്പെടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് രജീന്ദ്രന്‍ കപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എം.സി. സുബൈര്‍, അംഗങ്ങളായ പി.പി. ബാലകൃഷ്ണന്, നിഷ മനോജ്, സുനിത എടവലത്തുകണ്ടി, ഉമയ പാട്ടത്തില്‍, ആയിഷ ഗഫൂര്‍, റോഷ്ന പിലാക്കാട്ട്, കെ.ആര്.എഫ്.ബി എന്‍ജിനിയര്‍ കെ.ആര്.വിഷ്ണു, പ്രൊജക്ട് മാനേജര്‍ ലിബിന് പ്രമോദ് എന്നിവര്‍ പങ്കെടുത്തു.