കണ്ണൂര്‍, ജനുവരി 14. കണ്ണൂര്‍ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വൈകാതെ പരിഹാരമാകും. നഗരത്തിലെ ഗതാഗതത്തിരക്ക് പരിഹാരമായി അംഗീകരിക്കപ്പെട്ട് മേലെ ചൊവ്വ അണ്ടര്‍പാസിന്റെ സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വൈകാതെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും.
മേലെ ചൊവ്വയില്‍ അണ്ടര്‍പാസ് വരുന്നതിനോടൊപ്പം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍ നഗരത്തിന്റെ ഗതാഗത കുരുക്ക് എന്ന ദീര്‍ഘകാലത്തെ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, മന്ത്രി പറഞ്ഞു.
കണ്ണൂര്‍ നഗരത്തിന്റെ കുരുക്കഴിക്കുക എന്നത് കേരളത്തിന്റെ വികസന സ്വപ്നമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റ ശേഷം 2021 ജൂണില്‍ തന്നെ കണ്ണൂര്‍ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ പ്രധാന ആവശ്യമായ മേലെ ചൊവ്വ അണ്ടര്‍ പാസിന്റെ പ്രവര്‍ത്തന പുരോഗതിയും പരിശോധിച്ചിരുന്നു.
തുടര്‍ന്ന് 2021 ഓഗസ്റ്റ് മാസത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അണ്ടര്‍ പാസിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. മന്ത്രി ശ്രീ എം.വി ഗോവിന്ദന് മാസ്റ്റര്‍, എം.എല്‍.എ മാരായ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്, ശ്രീ കെ.വി സുമേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു, ശ്രീ റിയാസ് പറഞ്ഞു.