sub urban rail oommen chandy

വിഴിഞ്ഞം റെയില്‍ പൂര്‍ത്തിയാക്കാത്ത സര്ക്കാരെങ്ങനെ സില്‍വര്‍ലൈന്‍ പണിയും?: ഉമ്മന്‍ ചാണ്ടി

വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കര്‍ ഭൂമി ആവശ്യമുള്ളതുമായ വിഴിഞ്ഞം റെയില്‍ കണക്ടീവിറ്റി പാത 6 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടതുസര്‍ക്കാരാണ് 2 ലക്ഷം കോടി രൂപ ചെലവും 530 കിമീ ദൈര്‍ഘ്യവും 3417 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുമായ സില്‍വര്‍ലൈന്‍ പദ്ധതി നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പറയുന്നത്!

വികസന പ്രവര്‍ത്തനങ്ങളില്‍ വമ്പന്‍ പരാജയമായ പിണറായി സര്‍ക്കാരിന് സില്‍വര്‍ലൈന്‍ പോലൊരു പദ്ധതി നടപ്പാക്കാനുള്ള കാഴ്ചപ്പാടോ, ഇച്ഛാശക്തിയോ ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ ലൈന്‍ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. ഇന്ത്യന്‍ റെയില്‍വെ ഏറ്റവുമൊടുവില്‍ പ്രോത്സാഹിപ്പിക്കുതും ഈ പദ്ധതിയെയാണ്.

1) സബര്‍ബന്‍ റെയില്‍
യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്.

വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. നിര്‍മാണ പൂര്‍ത്തിയാകുമ്പോള്‍ സില്‍വര്‍ ലൈന് 2 ലക്ഷം കോടി രൂപ ചെലവു വരുമെന്നു പ്രതീക്ഷിക്കുന്നു. 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 3417 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ ലൈനെതിരേ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റില്‍ സില്‍വര്‍ ലൈനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍ പ്രാഥമിക പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു.

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂര്‍വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികള്‍.

ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട്160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുത്താല്‍ 300 ഏക്കറോളം സ്ഥലവും മതി.

മുംബൈ റെയില്‍ കോര്‍പറേഷന്റെ സഹായത്തോടെ തയാറാക്കിയ സബര്‍ബന്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് അയച്ചുകൊടുത്തു. സബര്‍ബന്‍ ഉള്‍പ്പെടെയുള്ള വിവിധ റെയില്‍ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരും (49%) സംസ്ഥാന സര്‍ക്കാരും (51%) ചേര്‍ന്ന് സംയുക്ത സംരംഭത്തിന് (കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ) പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ മുന്നോട്ടുപോകാനായില്ല.

റെയില്‍വേയുടെ പിന്മാറ്റം
തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നു സൂചിപ്പിച്ച് റെയില്‍വെ മന്ത്രാലയം കേരളത്തിനു കത്തുനല്കിയത് 2017 ഡിസം 7നാണ്. 2014ല്‍ കേന്ദ്രത്തിലും 2016ല്‍ കേരളത്തിലും ഭരണമാറ്റം സംഭവിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം ഉണ്ടായത്. ഇരു സര്‍ക്കാരുകളും താത്പര്യം കാട്ടാതിരുന്നപ്പോള്‍ മാത്രമാണ് റെയില്‍വെ ഇങ്ങനെയൊരു നിലപാട് എടുത്തത്. സിപിഎമ്മിന്റെ റെയില്‍വേ യൂണിയന്‍ തൊഴിലാളികള്‍ പദ്ധതിക്കെതിരേ വന്‍ പ്രചാരണവും നടത്തി.

പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നല്കിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്.

വീണ്ടും സബര്‍ബന്‍
എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ നിര്‍മാണച്ചെലവ് താങ്ങാനാവാത്തതാണെന്നു കണ്ടെത്തിയ റെയില്‍വെ പുതിയ പാതയ്ക്കു പകരം എറണാകുളം- ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ 316 കോടി രൂപ ചെലവില്‍ എറണാകുളം- പൂങ്കുന്നം സെക്ഷനില്‍ ഓട്ടോമാറ്റിക് സിഗ്‌നലിന് അനുമതി തേടി. കൂടുതല്‍ ട്രെയിനുകള്‍ വേഗതയില്‍ ഓടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതു സബര്‍ബന്‍ റെയിലേക്കുള്ള റെയില്‍വെയുടെ ചുവടുമാറ്റമാണ്.

2) വിഴിഞ്ഞം റെയില്‍പാത
വെറും 10.7 കിമീ ദൂരമുള്ളതും 16.2 ഏക്കര്‍ ഭൂമി ആവശ്യമുള്ളതുമായ വിഴിഞ്ഞം റെയില്‍ കണക്ടീവിറ്റി പാത 6 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിവില്ലാത്തവരാണ് 2 ലക്ഷം കോടി രൂപ ചെലവും 530 കിമീ ദൈര്‍ഘ്യവും 3417 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുമായ കെ റെയില്‍ പദ്ധതി 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.

വിഴിഞ്ഞം കരാര്‍ പ്രകാരം 2018ല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി 2022 മെയ്മാസം പാതപണി പൂര്‍ത്തിയാക്കണം. കരാറിലെ വ്യവസ്ഥ പ്രകാരം റെയില്‍വെയുമായി ചേര്‍ന്ന് റെയില്‍ കണക്ടീവിറ്റി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ ഇതില്‍ ഒരടി പോലും മുന്നോട്ടുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.

റെയില്‍ കണക്ടീവിറ്റിക്കായുള്ള വിശദ പഠന റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷന്റെ സഹായത്തോടെ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നതു മാത്രമാണ് ഏക നേട്ടം. എന്നാല്‍ ഇതിന് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഇതുവരെ സാധിച്ചില്ല. 1070 കോടി രൂപയാണ് പദ്ധതി ചെലവ്.

ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിവയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ഡിപിആര്‍ പ്രകാരം 16.2 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 9 കിമീ തുരങ്കം ഉള്‍പ്പെടെ 10.7 കിമീ ആണ് പാതയുടെ നീളം.

വിഴിഞ്ഞം റെയില്‍ പാതയുടെ പുരോഗതി വിലയിരുത്തുവര്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എത്ര ബാലിശവും അപ്രായോഗികവുമാണെന്നു വ്യക്തം. ഈ പദ്ധതിക്ക് ഒരു കല്ലെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് വയ്ക്കാന്‍ കഴിയുമോ എന്നുപോലും സംശയമാണ്. വിഴിഞ്ഞം പദ്ധതിയുടെ വിജയത്തിന് റെയില്‍പാത അനിവാര്യമാണ്.

വിഴിഞ്ഞം പദ്ധതി തന്നെ സമയക്രമം തെറ്റിച്ചുമുന്നോട്ടു പോകുകയാണ്. 2019 ഡിസം 3നു പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് പല തവണ സമയം പുന:ക്രമീകരിച്ചു നല്കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഏറ്റവും നല്ല ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതിയുടെയും അതോടൊപ്പമുള്ള വിഴിഞ്ഞം റെയില്‍ പാതയുടെയും ഇപ്പോഴെത്ത അവസ്ഥ.

3) തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ
യുഡിഎഫ് സര്‍ക്കാര്‍ 6,728 കോടിയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകള്‍ക്ക് ടെണ്ടര്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള ഇടക്കാല കസള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയമിച്ചു. കേന്ദ്രാനുമതിക്ക് ഡിപിആര്‍ സമര്‍പ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയെ പൂര്‍ണമായി അവഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *