തിരുവനന്തപുരം, ജനുവരി 6. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കേരള ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് നേരിട്ടും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇ മെയിലിലും നിവേദനം നല്‍കി.
പെര്‍ഫോമന്‍സ് ഗ്യാരണ്ടി മൂന്നു ശതമാനമാക്കിയ ഉത്തരവ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പുനസ്ഥാപിച്ചുകൊണ്ട് ഉത്തരവായി.എന്നാല്‍ മറ്റ് ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
കേരള സര്‍ക്കാരാകട്ടെ, ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇതു വരെ പുന:സ്ഥാപിച്ചിട്ടില്ല.
ധനമന്തിക്ക് നല്‍കിയ നിവേദനത്തില്‍ 2020-ലെ എല്ലാ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുകയും പുതിയൊരു സമഗ്ര പാക്കേജ് അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണ വകുപ്പുകളുടെ മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നു് അദ്ദേഹം അറിയിച്ചു.
ഇ.എം.ഡി, സെക്യൂരിറ്റി, റിട്ടന്‍ഷന്‍, സ്റ്റാമ്പ് പേപ്പര്‍ എന്നിവയിലെ ഇളവ്, കുറഞ്ഞ പലിശയ്ക്ക് വായ്പ, എന്നിവയ്ക്ക് പുറമെ വിലവ്യതിയാന വ്യവസ്ഥ ഏര്‍പ്പെടുത്തുക, കുടിശ്ശിക പൂര്‍ണ്ണമായി തീര്‍ക്കുക, അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കുക, കരാര്‍ വ്യവസ്ഥകള്‍ സന്തുലിതമാക്കുക മുതലായ ആവശ്യങ്ങളാണ് കെ.ജി.സി.എ ഉന്നയിച്ചത്.