ഓരോ റോഡിൻ്റെയും തുടക്കത്തിലും ഒടുക്കത്തിലും നിർമ്മാണ വൈകല്യ ബാദ്ധ്യതയുടെ കാലയളവ് രേഖപ്പെടുത്തിയ ബോർഡുകൾ വയ്ക്കാനുള്ള തീവ്ര നടപടികളിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം. നിർമ്മാണ വൈകല്യങ്ങൾ പരിഹരിക്കാനുള്ള കരാറുകാരൻ്റെ ഉത്തരവാദിത്വത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനും കർത്തവ്യ നിർവ്വഹണത്തിന് പൊതുജന സമ്മർദ്ദം കൂടി സൃഷ്ടിക്കാനുമാണ് പുതിയ ബോർഡുകൾ സ്ഥാപിക്കുന്നതെന്നും വ്യക്തം. എന്നാൽ ഓരോ റോഡിലും അനുഭവപ്പെടുന്ന ഗതാഗതപ്രശ്നങ്ങൾ പഠിക്കാനോ തിരുത്തൽ നടപടികൾ സ്വീകരിക്കാനോ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല.
ഗതാഗത തിരക്കിനനുസരിച്ചുള്ള വീതി, വാഹനങ്ങളുടെ ആക്സിൽ ലോഡ് താങ്ങാനുള്ള പ്രതലശേഷി, റോഡ് ഫർണിച്ചറുകൾ, ജാമിതീയ അപാകതകൾ പരിഹരിക്കൽ തുടങ്ങി ആധുനിക റോഡിനു വേണ്ട കാര്യങ്ങൾ ഏർപ്പെടുപ്പെടുത്താനുള്ള നടപടികളും ഒപ്പം വേണ്ടതല്ലേ.?
ഇവയൊന്നും ശ്രദ്ധിക്കപ്പെടുന്നു പോലുമില്ല.
സമീപ ഭാവിയിൽ റോഡുഗതാഗത രംഗത്ത് വലിയ വിപ്ലവമാണു് സംഭവിക്കാൻ പോകുന്നത്.പ്രധാന രാഷ്ട്രങ്ങളെല്ലാം വൻ പദ്ധതികളുമായി രംഗത്തു വരുന്നു. നമ്മുടെ ഓരോ റോഡിലും കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ എല്ലാവരും തയ്യാറാകേണ്ട സന്ദർഭമാണിത്.
ഓരോ റോഡിലെയും ന്യൂനതകളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അറിയിക്കുക.
വികാസ് മുദ്രയിൽ പ്രസിദ്ധീകരിക്കുന്നതാണ്.
എ. ഹരികുമാർ
ചീഫ് എഡിറ്റർ.