വികാസ് മുദ്ര ,കൊച്ചി. ചെല്ലാനത്തെ 7.3 കിലോമീറ്റര്‍ കടല്‍ഭിത്തിയുടെ നിര്‍മ്മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘത്തിന് ടെണ്ടറില്ലാതെ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.256 കോടിയാണ് അടങ്കല്‍. ടെട്രാ പോഡുകള്‍ നിരത്തിയാണ് നിര്‍മ്മാണം. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസേര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതു്.
പാലാരിവട്ടം മേല്പാലത്തിന്റെ അപാകതകള്‍ പരിഹരിക്കുന്നതിന് 75 ലക്ഷം രൂപ മുടക്കി ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കലിനെ നിര്‍മ്മാണച്ചുമതല ഏല്പിച്ചതു്. തോട്ടപ്പള്ളി സ്പില്‍വെയുടെ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ പഠനവും ചെന്നൈ ഐ.ഐ.ടി യാണ് 1.3 കോടി രൂപയുടെ ചെലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതു്.
കേരളത്തില്‍ തീരസംരക്ഷണം ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തിക്കാന്‍ വിപുലമായ ജലവിഭവ വകുപ്പുണ്ട്. 1957 മുതല്‍ തീരസംരക്ഷണ ജോലികള്‍ നടക്കുന്നുമുണ്ട്. ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള പണിയും നടത്തിയിട്ടുണ്ട്. അഞ്ചു കോടിയിലധികം രൂപ ചെലവ് വരുന്ന എല്ലാ പദ്ധതികളിലും കരാറുകാരന്റെ മുന്‍കൂര്‍ യോഗ്യത നിര്‍ബന്ധമാണ്. ട്രെട്രാ പോഡുകള്‍ ഉപയോഗിച്ച് സമാന രീതിയിലുള്ള ഒരു തീരസംരക്ഷണവും ഊരാളുങ്കല്‍ സംഘം നടത്തിയതായി അറിവില്ല.
ഊരാളുങ്കലിന് മുന്‍കൂര്‍ യോഗ്യതാ നിബന്ധനകള്‍ ബാധകമല്ലേ? കേരള ജലവിഭവ വകുപ്പിന് 7.3 കിലോമീറ്റര്‍ ദൂരത്തില്‍ കുറ്റമറ്റ രൂപകല്പനയും അടങ്കലും തയ്യാറാക്കാന്‍ ശേഷിയില്ലേ.? തിരുവനന്തപുരം സി.ഇ.ടിയ്ക്കും കോഴിക്കോട് എന്‍.ഐ.ടി ക്കും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കും പാലക്കാട് ഐ.ഐ.ടി ക്കും ജലവിഭവ വകുപ്പിനെ സഹായിക്കാന്‍ കഴിയില്ലേ?
പ്രഗത്ഭരായ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പാണു് ജലവിഭവ വകുപ്പ്. അതിപ്രഗത്ഭരായ എഞ്ചിനീയറന്മാരും പ്രസ്തുത വകുപ്പിന്റെ ഭാഗമായിരുന്നു. എന്നിട്ടും തീരസംരക്ഷണത്തിനുള്ള സാങ്കേതികവിദ്യയും നിര്‍മ്മാണ രീതി ശാസ്ത്രവും മേല്‍നോട്ട സംവിധാനവും സ്വായത്തമാക്കാന്‍ കേരള ജലവിഭവ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ലേ? ജലവിഭവ വകുപ്പിനെയും കേരള കരാറുകാരെയും പാര്‍ശ്വവല്‍ക്കരിച്ച് മുന്നോട്ടു പോകുന്നത്,അപകടകരമാണ് ,ഖേദകരമാണ്.