2025 മാർച്ച് 31 – ന് കാലാവധി അവസാനിച്ച കേരള കരാറുകാരുടെ ലൈസൻസുകൾ പുതുക്കാനുള്ള അവസാന തീയതി മാർച്ച് 31 ആയിരുന്നു. ലൈസൻസ് ഫീസും സെക്യൂരിറ്റിയും മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചതും നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധിയും മൂലം നിരവധി കരാറുകാർ ലൈസൻസുകൾ പുതുക്കാൻ ശ്രമിച്ചില്ല.
എങ്ങനെയെങ്കിലും ഈ മേഖലയിൽ പിടിച്ചു നില്ക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച പലർക്കും പുതുക്കൽ സംബന്ധിച്ച എല്ലാ കാര്യങ്ങളും മാർച്ച് 31 – ന് മുൻപ് പൂർത്തിയാക്കാനും കഴിഞ്ഞില്ല. മാർച്ച് മാസത്തിലെ തിരക്കും ട്രഷറി നിയന്ത്രണവുമാണ് പലർക്കും വിനയായത്. ഈ സാഹചര്യത്തിൽ പുതുക്കൽ തീയതി 2025 ജൂൺ 30 വരെ ദീർഘിപ്പിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നജീബ് മണ്ണേൽ കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ പി.എൻ. സുരേഷ് പൊറ്റക്കാടും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മറ്റ് സംഘടനകളും സമാന ആവശ്യം ഉന്നയിക്കുമെന്നാണറി
യിയുന്നത്.
ലൈസൻസ് ഫീസും സെക്യൂരിറ്റിയും മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചപ്പോൾ , ബിഡ്ഡ് കപ്പാസിറ്റിയും വർദ്ധിപ്പിക്കേണ്ടതായിരുന്നു വെന്ന് നജീബ് മണ്ണേലും ആർ. രാധാകൃഷ്ണനും ചൂണ്ടിക്കാണിച്ചു. A – ക്ലാസുകാർക്ക് മുൻകൂർ യോഗ്യതയില്ലാതെ ഏറ്റെടുക്കാവുന്ന പ്രവർത്തിയുടെ അടങ്കൽ ഇപ്പോൾ 5 കോടി മാത്രമാണ്. വർദ്ധിപ്പിച്ച ഫീസിന്റെയും സെക്യൂരിറ്റിയുടെയും അടിസ്ഥാനത്തിൽ ഇത് 15 കോടിയാക്കണം. B – ക്ലാസ് ലൈസൻസിക്ക് ഇപ്പോൾ 2.5 കോടി വരെയുള്ള പ്രവർത്തികൾ മാത്രമേ ഏറ്റെടുക്കാനാവൂ. അത് 7.5 കോടിയാക്കണം. C -ക്ലാസ്, D – ക്ലാസ് കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തികളുടെ പരിധി യഥാക്രമം മൂന്ന് കോടിയും 75 ലക്ഷവുമാക്കി വർദ്ധിപ്പിക്കണം. കരാറുകാർ ചേർന്ന് രൂപീകരിക്കുന്ന കമ്പനികൾക്ക് ഇപ്പോൾ പരമാവധി സി-ക്ലാസ് ലൈസൻസ് മാത്രമേ ആദ്യം നൽകുന്നുള്ളൂ. ഇതു് അപര്യാപ്തമാണ്. കമ്പനിയുടെ ഭാഗമായ കരാറുകാരുടെ ലൈസൻ സുകളുടെയും മുൻകൂർ യോഗ്യതകളുടെയും അടിസ്ഥാനത്തിൽ, കമ്പനിക്ക് തുടക്കം മുതൽ പ്രവർത്തികൾ ഏറ്റെടുക്കാൻ കഴിയണം. ഇതിനു മുൻപ് രൂപീകരിക്കപ്പെട്ട കരാറുകാരുടെ കമ്പനികൾക്ക് പ്രവർത്തിക്കാൻ കഴിയാതെ വന്നത് സി-ക്ലാസ് എന്ന കടുംപിടു ത്തം കൊണ്ടാണ്. ലേബർ കോൺട്രാക്ട് സഹകരണസംഘങ്ങൾക്കും അക്രെഡിറ്റഡ് ഏജൻസികൾക്കും ലൈസൻസ് നിർബന്ധമാക്കണം. ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവയുടെ ബിഡ്ഡ് കപ്പാസിറ്റിയും മുൻകൂർ യോഗ്യതയും നിർണ്ണയിക്കാനാവൂ. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളുടെ ബിഡ്ഡ്കപ്പാസിറ്റിയും മുൻകൂർ യോഗ്യതയും നിശ്ചയിക്കുന്നത് സഹകരണ വകുപ്പാണ്. അക്രെഡിറ്റഡ് ഏജൻസികൾക്ക് ഇതൊന്നും ബാധകവുമല്ല.
ടീം വികാസ് മുദ്ര