പണം മുടക്കി തൊഴിൽ ചെയ്യുന്ന എല്ലാ കേരളീയരും മേയ് 10, 11 തീയതികളിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുന്ന കർഷക മഹാ പഞ്ചായത്തിനെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ, സാമ്പത്തിക ഭദ്രതയിൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി, ഉൾപ്പെടുന്ന കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, ചെറുകിട – ഇടത്തരം സംരംഭകരെയാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്നതു്. സർക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ കടക്കെണിയിൽ പെടുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. സാമ്പത്തിക ഇടപാടുകളിൽ മാതൃക കാണിക്കേണ്ട സർക്കാർ , തികഞ്ഞ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സർക്കാരിന് ലഭിക്കാനുള്ള പണം ഈടാക്കാൻ വട്ടിപലിശക്കാരനെ വെല്ലുന്ന സമീപനം. സർക്കാർ കൊടുക്കാനുള്ള പണത്തിന്റെ കാര്യത്തിൽ അക്ഷന്ത്യവ്യമായ ഉദാസീനത !. ചെറുകിട – ഇടത്തരം .കർഷകർ, വ്യാപാരികൾ, വ്യവസായികൾ, കരാറുകാർ , തുടങ്ങിയവർ പാർശ്വവൽകരിക്കപ്പെടുകയാണ്. എന്നിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ച്, ഗാരവതരമായ ഒരു ചർച്ചയും എങ്ങും നടക്കുന്നില്ല. കർഷക മഹാ പഞ്ചായത്ത്, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സംരംഭക സംഘടനകളുടെയും പ്രതിനിധികളെ അണിനിരത്തിയുള്ള ചർച്ചയ്ക്ക് വേദി ഒരുക്കുകയാണ്. ഏതെങ്കിലും ഒരു കക്ഷിയേയോ നേതാവിനെയോ ബലിയാടാക്കാനല്ല, യഥാർത്ഥ വസ്തുതകളും പരിഹാര മാർഗ്ഗങ്ങളും കണ്ടെത്തുന്നതിനാകട്ടെ, കർഷക മഹാ പഞ്ചായത്ത് നേതൃത്വം കൊടുക്കുന്നത്.. മറ്റ് സംരംഭക വിഭാഗങ്ങൾക്കും മാതൃകയാക്കാവുന്ന സ്വതന്ത്ര സമീപനമാണ് കർഷക സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളെന്ന നിലയിൽ, പ്രവർത്തിക്കുന്ന സംഘടനകളുടെ പരിമിതികൾ എല്ലാവർക്കും ബോധ്യമുള്ളതാണ്. തികച്ചും സ്വതന്ത്രമായി , സത്യസന്ധമായി നിലപാട് എടുക്കുവാനാണ് ഓരോ സംരംഭക സംഘടനയും മുന്നോട്ടു വരേണ്ടത്. കർഷക മഹാ പഞ്ചായത്ത് അത് കാണിച്ചുതരും. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളുമാണ് സംരംഭകരെയും പൊതുജനങ്ങളെയും ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. ” മാറ്റുവിൻ ചടങ്ങളെ , അല്ലെങ്കിൽ മാറ്റുവതവ നിങ്ങളെ തന്നെ” എന്ന് പ്രഖ്യാപിക്കുവാൻ ചങ്കൂറ്റമുള്ള സ്വതന്ത്ര പ്രസ്ഥാനം അനിവാര്യമാണ്. തൊഴിൽ മേഖലയിൽ കാലാനുസൃതമായ നവീകരണവും അത്യന്താപേക്ഷിതമാണ്.

നിർമ്മാണ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, മറ്റൊരു തൊഴിൽ കൂടി കണ്ടെത്താനാണ് കേരളാ ഗവ കോൺടാക്ഴ്സ് അസോസിയേഷൻ അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ആഗോള വിപണി ലക്ഷ്യമാക്കി ആയിരം സംരംഭങ്ങളെങ്കിലും 2025-26 സാമ്പത്തിക വർഷം സാർത്ഥകമാക്കാനാണ് സംഘടന ആഗഹിക്കുന്നത്. , മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, മറ്റ് സംരംഭക സംഘടനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികൾ തുടങ്ങിയവയുടെ സഹകരണം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിഭാഗം സംരംഭകർ ഒന്നിച്ചു നിന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിൽ (KVK ) നടന്ന ശാംസ്ത്രോപദേശക സമിതി യോഗത്തിൽ കേരളാ ഗവ. കോൺടാക്ടേഴ്സ് അസോസിയേഷന്റെ കാർഷിക സംരംഭക പദ്ധതി സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അവതരിപ്പിക്കുന്നു.
വികാസ് മുദ്രയ്ക്ക് വേണ്ടി
ഹരിദാസ്