ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയ്ക്കായി, 500 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവ് , എല്ലാവരും സ്വാഗതം ചെയ്യുന്നു. എന്നാൽ 4500 കോടിയിലധികം രൂപയുടെ കുടിശ്ശിക മൂലം, മുടങ്ങിക്കിടക്കുന്ന പ്രവർത്തികൾ, പുനരാരംഭിക്കുന്നതിന് ഇതൊന്നും പോര. കുടിശ്ശിക മൂലം ബാങ്ക് അകൗണ്ടുകൾ എൻ.പി.എ ആയവരും ജപ്തി ഭീഷണി നേരിടുന്നവരുമാണ് പണികൾ പൂർണ്ണമായി നിറുത്തി വച്ചിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ തോതനുസരിച്ച്, മറ്റുള്ളവരുടെ പണികൾ മന്ദഗതിയിലുമാണ്. 2024-25 സാമ്പത്തിക വർഷത്തിലെ കേന്ദ്ര വിഹിതം 1949 .36 കോടി രൂപയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കരാർ പ്രകാരം, 951. 94 കോടി രൂപ കൂടി കേരളം അനുവദിച്ചാൽ മാത്രമെ , ബാക്കി 951.94 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കുകയുള്ളു. അതിനാൽ,951.94 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് വാട്ടർ അതോരിറ്റി എം.ഡി. ധനവകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഇപ്പോൾ 500 കോടി രൂപ അനുവദിച്ചിരിക്കുന്നത്. (ഉത്തരവ് അനുബന്ധമായി നൽകിയിരിക്കുന്നു.) ബാക്കി 451.94 കോടി രൂപ കൂടി അടിയന്തിരമായി അനുവദിച്ച്, മാർച്ച് 31-ന് മുൻപ് ബാക്കിയുള്ള കേന്ദ്ര വിഹിതം കൂടി ലഭ്യമാക്കാൻ ധനവകുപ്പ് തയ്യാറാകണം.
കുടിശ്ശിക തീർക്കാതെ, പ്രവർത്തികൾ, മുന്നോട്ടു പോകില്ലെന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കാലാവധി 2028 മാർച്ച് 31 വരെ കേന്ദ്ര സർക്കാർ നീട്ടിയിട്ടുണ്ട്. അതിനുള്ളിൽ, കേരള പദ്ധതികൾ പൂർത്തിയാകണമെങ്കിൽ, സംസ്ഥാന സർക്കാർ വിഹിതമായി ശരാശരി 5000 കോടി രൂപ വീതം ഓരോ വർഷവും നൽകണം. 2025-26 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 560 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതു്. പിന്നിട്ട വർഷങ്ങളിൽ ശരാശരി 1000 കോടി രൂപ വീതമാണ് സംസ്ഥാന വിഹിതമായി നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട് അടുത്ത ഓരോ സാമ്പത്തിക വർഷത്തിലും 5000 കോടി രൂപ വീതം കടമെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാതെ പ്രതിസന്ധി പരിഹരിക്കപ്പെടില്ല. എന്നാൽ പദ്ധതി തുടങ്ങിയപ്പോൾ മുതൽ, വായ്പ എടുക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നു. നടപടി ഉണ്ടാകാത്തതു മൂലമാണ് പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 44500 കോടി രൂപയുടെ ജൽ ജീവൻ പദ്ധതി നടപ്പാക്കാർ കേരള സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ പകുതി തുക സംസ്ഥാനം കണ്ടെത്താനുള്ള മാർഗ്ഗം ഉറപ്പിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും പദ്ധതിയുടെ സംസ്ഥാന വിഹിതം സമാഹരിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡന്റ്, കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ.