നിർമ്മിതിബുദ്ധിയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകളാണ് എല്ലായിടത്തും. ഏറ്റവും ബുദ്ധിമാനായ മനുഷ്യനെക്കാൾ കേമമായി.ചിന്തിക്കാനും പ്രവർത്തിക്കാനും നിർമ്മിതബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, AI) നിഷ് പ്രയാസം സാധിക്കമെന്നാണ് ചർച്ചകളിലെ അവസാന നിഗമനം!.
ഇരുപത്തിയോരായിരം രൂപ മുടക്കുന്ന വ്യക്തിക്ക് പിറ്റേ ദിവസം മുതൽ തുടർച്ചയായി എല്ലാ ദിവസവും മുപ്പതിനായിരം രൂപ വീതം ഒരു മാസംത്തയ്ക്ക് ലഭിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയും റിസർവ്വ് ബാങ്ക് ഗവർണറും സ്വതസിദ്ധമായ ശൈലികളിൽ പറയുന്നത് വിശ്വസിക്കാതിരിക്കണമെങ്കിൽ, നിർമ്മിത ബുദ്ധിയെ വെല്ലുന്ന സാമാന്യ ബുദ്ധി (Common sense) സ്വതസിദ്ധമായി ഉണ്ടായിരിക്കണം.
കേന്ദ്ര ധനമന്ത്രിയുടെയും റിസർവ്വ് ബാങ്ക് ഗവർണറുടെയും മാനറിസങ്ങളും ശബ്ദവും കൈമോശം വരുത്താതെ നിർമ്മിത ബുദ്ധിയിലൂടെ തയ്യാറാക്കപ്പെടുന്ന വാഗ്ദാനം, സാമാന്യ ബുദ്ധി ഉപയോഗിച്ച് നിരാകരിക്കുകയെന്നതു വെല്ലുവിളി തന്നെയാണ്. ആദ്യ .ശ്രവണത്തിൽ തന്നെ, ഇത് തട്ടിപ്പ്, ശുദ്ധ തട്ടിപ്പ് എന്ന് ഉറപ്പിച്ചു പറയാൻ എത്ര പേർക്ക് കഴിഞ്ഞു? വാഗ്ദാനത്തിൽ മയങ്ങി 21000 രൂപ സംഘടിപ്പിക്കാൻ ഓടിയവർ ചുരുക്കമായിരിക്കാം. എന്നാൽ ഒരു നിമിഷമെങ്കിലും നമ്മിൽ ചിലരെ ശങ്കയിലാഴ്ത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഗൗരവമായിട്ടെടുക്കണം.
ലോട്ടറി ടിക്കറ്റ് വാങ്ങി വച്ചിട്ട് നറുക്കെടുപ്പ് ദിവസം വരെ സ്വപ്നം നെയ്യുന്നവർ നമ്മുടെ ഇടയിലുണ്ട്. പതിനായിരം രൂപ ഒറ്റത്തവണ നൽകിയാൽ, മരണാനന്തരം കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കുമെന്ന് പറഞ്ഞാൽ, കടം വാങ്ങിയാണെങ്കിലും 10000 രൂപ കൊടുക്കാൻ തയ്യാറാകുന്നവർ നമുക്കിടയിലുണ്ട്. അതിബുദ്ധിയുള്ള നമ്മൾ പലപ്പോഴും സാമാന്യ ബുദ്ധി പണയം വയ്ക്കുന്നതാണ് നമ്മുടെ പ്രശ്നം. അതിബുദ്ധിമാനും നിർമ്മിത ബൂദ്ധിയെ ഉപകരണമാക്കുന്നവനും സാമന്യബുദ്ധിയില്ലാതെ എടുത്തു ചാടുന്നതാണ് നമ്മുടെ ദുര്യോഗം.
നിർമ്മിത ബുദ്ധി എത്ര വികസിച്ചാലും സാമാന്യ ബുദ്ധി പ്രയോഗിക്കുന്നവർ ജീവിതത്തിൽ പരാജയപ്പെടില്ല. ശ്രീകൃഷ്ണനും, യേശുക്രിസ്ത്യുവും മുഹമ്മദ് നബിയും പുതിയ “പ്രബാധന” ങ്ങളുമായി ഇനി നമ്മേ സമീപിക്കാം. അപ്പോഴും സാമാന്യബുദ്ധി നമുക്ക് തുണയാകും. സാമാന്യബുദ്ധി ഇറക്കുമതി ചെയ്യാനാവില്ല. അതു് ഉള്ളിൽ സ്വയം വളർന്ന് വരണം , വളർത്തിയെടുക്കണം.
വർഗീസ് കണ്ണമ്പള്ളി.