E.O.D.B. അഥവാ,ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്.

Share this post:

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഇൻഡ്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണെന്ന സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കരാറുകാർ, കച്ചവടക്കാർ, കർഷകർ തുടങ്ങി ,സർക്കാരുമായി ഇടപാട് നടത്തുവർക്ക് , വിശ്വസിക്കാൻ ഇത്തിരി പ്രയാസമാണ്. അനായാസമായി തൊഴിൽ കൊണ്ടുനടക്കാൻ പറ്റിയ മികച്ച സംസ്ഥാനമെന്നല്ലേ , മന്ത്രിയുടെ അവകാശവാദത്തിന്റെ അർത്ഥം.? ഊരാളുങ്കൽ ഉൾപ്പെടെയുള്ള അക്രെഡിറ്റഡ് ഏജൻസികൾ, അദാനിയെപ്പോലെയുള്ള വൻകിട സംരംഭകർ, രാഷ്ട്രീയ നേതാക്കൾ തല തൊട്ടപ്പന്മാരായിട്ടുള്ള മറ്റ് സംരംഭങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ സംഗതി ശരിയായിരിക്കും. കേരളീയരായ ഒരു കരാറുകാരനും ഇത് അംഗീകരിക്കില്ല.

ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടമെന്നാണ് കരാറുകാരുടെ അനുഭവം. വ്യാപാരി -വ്യവസായികളിൽ എത്രപേർ , ഇതിനോട് യോജിക്കും? കർഷകരുടെ സ്ഥിതി എന്താണ്.? ഏത് സർക്കാർ ആഫീസിൽ നിന്നാണ് സംരംഭകർക്ക് ലളിതവും സുതാര്യവും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുക.? കേരളീയരിൽ സംരംഭകത്വം വളരണമെങ്കിൽ നമ്മുടെ ഭരണ സംവിധാനം ആദ്യം പരിഷ്കരിക്കണം. സംരംഭകരെ,(പണം മുടക്കുന്നവരെ ) മനസിലാക്കുന്ന, അവരുടെ മൂലധനത്തിനും സമയത്തിനും വില കല്പിക്കുന്ന ഭരണ സംവിധാനമാണ് വേണ്ടത്. പിഴിഞ്ഞ് അവരുടെ ചാറ് വാങ്ങുകയും സംരംഭം പൂട്ടിക്കുകയും ചെയ്യുന്ന ചൂഷകരെ ഒഴിവാക്കാൻ കഴിയണം. കേരളത്തിന് പുറമേ നിന്നും നമ്മൾ സംരംഭകരെ ആകർഷിക്കണം. എന്നാൽ പുറമേ നിന്നുള്ളവർ വന്ന് നമ്മുടെ സമ്പത്ത് ഘടന മെച്ചപ്പെടുത്തുമെന്ന് കരുതരുത്.

രണ്ടായിരമാണ്ടു മുതൽ ഇന്ത്യയിൽ ദേശീയ പാതകളുടെ വികസനം നടക്കുന്നു. അതിൽ കേരളീയ സംരംഭകരുടെ പങ്ക് എത്രയോ തുച്ഛമാണ്. സംരംഭക ഉച്ചകോടിയിലൊന്നും ആരും ഇതു് ഉന്നയിച്ചതായി കാണുന്നില്ല. അതുപോലെ ഓരോ മേഖലയിലെയും സ്ഥിതി സത്യസന്ധമായി വിലയിരുത്തപ്പെടണം. സംരംഭങ്ങളിലുടെ സുരക്ഷിതവും മാന്യവുമായ തൊഴിൽ ഉറപ്പാകും എന്ന വിശ്വാസം ഓരോ മലയാളിയിലും ഉണ്ടാകണം. തൊഴിലാളി കേന്ദ്രീകൃതമായ നമ്മുടെ സാമൂഹ്യ വ്യവസ്ഥയിൽ മാറ്റം വരുത്താൻ എല്ലാവരും ഒന്നിയ്ക്കണം. തൊഴിലാളി താല്പര്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവർ , സംഘടിത തൊഴിലാളികൾ ഏറ്റവും വലിയ ചൂഷകരായത് കണ്ണടച്ചു. സംരംഭകരും സംരംഭകത്വവും അനാകർഷകമായി. “വിനാശ കാലേ, സംരംഭകത്വബുദ്ധി” എന്ന സ്ഥിതിയായി. സംരംഭകർ, കഷ്ടപ്പെട്ട് സമാഹരിക്കുന്ന മൂലധനത്തിനും ,അവരുടെ വിലപ്പെട്ട സമയത്തിനും സംഘാടക മികവിനും അംഗീകാരം ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. ഓരോ സംരംഭകർക്കും താങ്ങാവുന്ന സേവന-വേതന വ്യവസ്ഥകൾ ഉറപ്പാക്കണം. ഭരണാധികാരികൾ, ഉദ്യോഗസ്ഥർ, രാഷ്ടിയ പ്രവർത്തകർ തുടങ്ങിയവരുടെ മനോഭാവത്തിൽ തദനുസൃതമായ മാറ്റം ഉണ്ടാകണം. ആഭ്യന്തര-ദേശിയ – ആഗോള വിപണികളെ ലകഷ്യം വച്ച് പ്രവർത്തി ക്കാൻ സംരംഭകർക്ക് പ്രോത്സാഹനം ലഭിക്കണം. സ്റ്റാർട്ട് അപ്പുകൾക്ക് മാത്രമല്ല, സ്റ്റാർട്ടഡ് അപ്പുകൾക്കും ചുവപ്പ് പരവതാനി ഉറപ്പാക്കണം. നല്ല സംരംഭകത്വത്തിന്റെ മുൻ ഉപാധികളിലൊന്ന് നല്ല സിവിൾ സർവ്വീസ് ആണെന്ന ബോധ്യം ഭരണാധികാരികൾ തിരിച്ചറിയണം.

വികാസ് മുദ്രയ്ക്ക് വേണ്ടി
വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *