കരാറുകാർക്ക് മുൾക്കിരീടവുമായി PWD.

Share this post:

നോമ്പുകാലത്ത് കേരള കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വക ,ഒരു മുൾക്കിരീടം കൂടി. മരാമത്ത് മാന്വലും കരാർ വ്യവസ്ഥകളും സന്തുലിതവും ഏകീകൃതവുമാക്കണമെന്ന മുറവിളികൾക്കിടയിലാണ് ഏകപക്ഷീയവും അന്യായവുമായ പുതിയ വ്യവസ്ഥകൾ അടിച്ചേല്പിക്കാൻ കേരള പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്. ടെണ്ടർ നടപടിയിലെ പരിഷ്കരണം എന്ന ഓമനപ്പേരിലാണ് പുതിയ GO (MS) 19/2025 dtd. 3/3/2025 പുറത്തിറക്കിയിരിക്കുന്നത്. മരാമത്ത് മാന്വലും കരാർ വ്യവസ്ഥകളും പരിഷ്ക്കരിക്കുന്നതിനുവേണ്ടി മസ്കറ്റ് ഹോട്ടലിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചിരുന്നു. തുടർന്ന് കരാറുകാരുടെ പ്രതിനിധികളുമായി ചീഫ് എഞ്ചിനീയർമാർ മാരത്തോൺ ചർച്ചകളും നടത്തിയിരിരുന്നു. എന്നാൽ അതിലൊന്നും അംഗീകരിക്കപ്പെടാതിരുന്ന വ്യവസ്ഥകളാണ് പുതിയ ഉത്തരവിലൂടെ പിറന്നു വീണിരിക്കുന്നത്. അതിൽ, ഏറ്റവും മാരകമായിരിക്കുന്നത്, യൂട്ടിലിറ്റി ഫിഫ്ടിംഗ് സംബന്ധിച്ച വ്യവസ്ഥയാണ്. ടെണ്ടർ വിളിക്കുന്നതിനു മുൻപ് തടസങ്ങളെല്ലാം നീക്കി സ്ഥലം ലഭ്യമാക്കുകയാണ് വേണ്ടത്. പലപ്പോഴും സ്ഥലം കൈവശം ലഭിക്കാത്തതിന്റെ പേരിലും വൈദ്യുതിലൈൻ, ടെലിഫോൺ ലൈൻ, ജലവിതരണ പൈപ്പുകൾ,. പഴയ കെട്ടിടങ്ങൾ തുടങ്ങിയവ മാറ്റിക്കിട്ടാത്തതിന്റെ പേരിലും പണികൾ താമസിക്കുന്നത് പതിവാണ്. എന്നാൽ ഉത്തരവാദിത്വം കടലാസിലെങ്കിലും ഡിപ്പാർട്ടുമെന്റിന്റെ തലയിലായിരുന്നതു കൊണ്ട് , കരാറുകാർക്ക് സമയം നീട്ടിക്കിട്ടാനെങ്കിലും അതൊരു കാരണമാകുമായിരുന്നു. ഇപ്പോഴിതാ ഡിപ്പാർട്ട്മെന്റുകൾക്ക് പൂർണ്ണമായും കൈ കഴുകാൻ അവസരമൊരുക്കിയിരിക്കുന്നു.

തടസങ്ങൾ എന്തു തന്നെയായിരുന്നാലും അതെല്ലാം കരാറുകാരന്റെ തലയിൽ അടിച്ചുറപ്പിക്കുകയാണ് , പുതിയ ഉത്തരവിലുടെ. എസ്റ്റിമേറ്റിൽ പണം വകയിരുത്തിയിട്ടില്ലെങ്കിൽ റിവൈസ്‌ഡ് എസ്റ്റിമേറ്റ് പാസാക്കിയെടുക്കണം. പണം അപര്യാപ്തമാണെങ്കിൽ നഷ്ടം സഹിക്കണം. 2018ലെ യോ 202 1 ലെയോ ഡി.എസ്.ആറിൽ യൂട്ടിലിറ്റി ഫിഫ്റ്റിനുള്ള അടങ്കൽ തയ്യാറാക്കിയാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. വൈദ്യുതി ബോർഡിന്റെയോ, വാട്ടർ അതോരിറ്റിയുടെ യോ പൊതുമരാമത്ത്
വകുപ്പിന്റെ തന്നെയോ വീഴ്ച കൊണ്ട് കാലതാമസം വന്നാൽ, കരാറുകാരൻ കനത്ത പിഴ നൽകണം. ടെർമിനേഷനും കരിമ്പട്ടികയും വരെ വരാം. സൈറ്റ് ലഭ്യമല്ലെങ്കിൽ, അതും കരാറുകാരൻ കൈവശപ്പെടുത്തി നൽകണമെന്ന വ്യവസ്ഥ കൂടി ഉത്തരവിൽ ചേർക്കാൻ വിട്ടു പോയതാകും!. എന്തൊരു കഷ്ടം. പിലാത്തോസിനും പോലും ഇത്ര വിദഗ്ദമായി കൈകഴുകാൻ അറിയില്ലായിരുന്നു. ഏകപക്ഷീയവും അധാർമ്മികവുമായ ഈ ഉത്തരവ് സർക്കാൻ പിൻവലിക്കണം. അല്ലാത്ത പക്ഷം കരാറുകാർ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകണം. ഒരു കോടതിയിലും ഈ ഉത്തരവ് നിലനില്ക്കില്ല.

വികാസ് മുദ്രയ്ക്ക് വേണ്ടി
വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *