ജൻ ജീവൻ കുടിവെള്ള പദ്ധതി ഏതാണ്ട് പൂർണ്ണമായും നിശ്ചലമായിട്ടും പരിഹാര നടപടികളൊന്നും സ്വീകരിച്ചു തുടങ്ങാത്തതിൽ പൊതു ജനങ്ങളും ജനപ്രതിനിധികളും കരാറുകാരും കടുത്ത ആശങ്കയിലാണെന്ന് , ജെ.ജെ. എം.സംയുക്ത സമിതി ചെയർമാൻ ജോസ് വാളോത്തിൽ.
എണ്ണൂറിൽപരം കരാറുകാർക്ക് താങ്ങാനാവാത്ത 4500 കോടിയിൽ പരം രൂപയുടെ കുടിശ്ശികയാണ് പ്രധാന പ്രശ്നം. മിക്ക കരാറുകാരുടെയും ബാങ്ക് അകൗണ്ടുകൾ പ്രവർത്തന രഹിതമായി. പലർക്കും ജപ്തി നോട്ടീസുകൾ ലഭിച്ചു. മഴയ്ക്ക് മുൻപുള്ള നല്ല പ്രവർത്തന സീസണാണ് പണം ഇല്ലാത്തതിന്റെ പേരിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ 2250 കോടി രൂപ നൽകിയാൽ മാത്രമേ തത്തുല്യമായ കേന്ദ്ര വിഹിതം കൂടി സമാഹരിച്ച്, വാട്ടർ അതോരിറ്റിക്ക് നിലവിലുള്ള കുടിശിക തീർക്കാനാവൂ. മുഖ്യമന്ത്രി ഇടപെടാതെ ഒന്നും നടക്കില്ലെന്നാണ് സെക്രട്ടറിയേറ്റിൽ നിന്നുള്ള സൂചന.
2028 ന് മുൻപ് സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതു് 17000 കോടിയോളം രൂപയാണ്.
2025-26 ലെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് കേവലം 560 കോടി രൂപ മാത്രം.
ഈ സാഹചര്യത്തിൽ സംസ്ഥാന വിഹിതം കണ്ടെത്താൻ വായ്പയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അതിനുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ല. മഴക്കാലം ആരംഭിച്ചു കഴിഞ്ഞാൽ, ഇപ്പോൾ മുടങ്ങി കിടക്കുന്ന പണികൾ തൽസ്ഥിതിയിൽ ഉപേക്ഷിച്ച്, നിയമ നടപടികൾ സ്വീകരിക്കുവാൻ കരാറുകാർ നിർബന്ധിതരാകും. ഇത് പൊതുജനങ്ങൾക്കും വലിയ പ്രയാസമുണ്ടാക്കും. ലഭിച്ച വാട്ടർ കണക്ഷനുകളിൽ വെള്ളം ലഭിക്കുന്നില്ല. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാകുന്നില്ല. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും എം.എൽ.എമാരും പദ്ധതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു.
കടക്കെണിയിൽ പെട്ടതിനാൽ, തുടർ പണികൾ ചെയ്യാൻ നിവർത്തിയില്ലെന്ന് കരാറുകാരും, മുഖ്യമന്ത്രി ഇടപെടാതെ പ്രശ്ന പരിഹാരമില്ലെന്ന് വാട്ടർ അതോരിറ്റി മാനേജ് മെന്റും പറയുന്നു. ഈ സാഹചര്യത്തിൽ കരാറുകാർ സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുവാൻ നിർബന്ധിതരായിരിക്കുകയാണെന്നും ജെ.ജെ. എം സംയുക്ത സമിതി ചെയർമാൻ ജോസ് വാളോത്തിൽ അറിയിച്ചു.
വികാസ് മുദ്രയ്ക്കു വേണ്ടി
ശ്രീജിത്ത് ലാൽ.