കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.

Share this post:

“വിനാശകാലേ, വ്യവസായ ബുദ്ധി” എന്നതായിരുന്നു , കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ മുന്നോട്ടു വന്നവരെക്കുറിച്ചുള്ള വിശേഷണം. തുടങ്ങിയിടത്തോളം വ്യവസായങ്ങൾ പൂട്ടപ്പെട്ടിട്ടുമുണ്ട്. പണം മുടക്കി തൊഴിൽ ചെയ്യുന്നവരെല്ലാം പെറ്റിബൂർഷകളും ബൂർഷകളും ചൂഷകരും പിന്തിരിപ്പന്മാരും .
തൊഴിലാളി നേതാക്കളെല്ലാം ആദർശ ധീരരും ഉല്പതിഷ്ണുക്കളും.
തൊഴിലാളി സംഘടനകളുടെ ഔദാര്യത്തിൽ വേണം സംരംഭകർ നിലനില്ക്കേണ്ടതെന്ന അലിഖിത നിയമം തന്നെ പ്രാബല്യത്തിലായി. നോക്കുകൂലി, ഭൂതപണം. തുടങ്ങിയവ അംഗീകൃത പദങ്ങളായി. ഒരു വ്യവസായത്തിന് (സംരംഭത്തിന് ) താങ്ങാവുന്ന തൊഴിൽ വ്യവസ്ഥകളെന്ന വാദം എങ്ങും അംഗീകരിക്കപ്പെട്ടില്ല. തൊഴിലാളി യൂണിയനുകൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് തൊഴിലാളികളെ നിയോഗിക്കേണ്ട സ്ഥിതി വരെ ഉണ്ടായി. അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുത്ത് പണികളിൽ നിയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും കരാറുകാരടക്കമുള്ള സംരംഭകൾക്ക് ലഭിച്ച രുന്നില്ല. കോടതികളിൽ നിന്നും ലഭിച്ച അനുകൂല വിധികൾ പോലും നടപ്പാക്കപ്പെട്ടില്ല.

ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന പി.കെ. രാമചന്ദനെ അനുസ്മരിക്കാതെ തരമില്ല. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് തൊഴിലാളി സംഘടനകൾ തടസം സൃഷ്ടിച്ചപ്പോൾ, കോടതിയിൽ നിന്നും അനുകൂല വിധി സ.മ്പാദിച്ച്, അദ്ദേഹം പണി പൂർത്തിയാക്കി. അദ്ദേഹത്തിന് ലഭിച്ച വിധിയുടെ അഭിസ്ഥാനത്തിൽ ആയിരക്കണക്കിന് വിധികളാണ് കോടതികളിൽ നിന്നും പില്ക്കാലത്ത് ഉണ്ടായത്. പോലീസിന്റെ സഹകരണക്കുറവുകൊണ്ട് പലതും നടപ്പാക്കാനായില്ല. എങ്കിലും അത് ക്രമേണ ഒരു ട്രെൻഡായി മാറി. നോക്കുകൂലിയ്ക്ക് എതിരെ സി.പി.എം തന്നെ മുന്നോട്ടു വന്നു.

തൊഴിലാളി വർഗ്ഗ സമരങ്ങളും അവകാശ വാദങ്ങളും മാത്രം നടത്തിയിരുന്നവർ, സംരംഭകരെന്ന പദം ഉപയോഗിച്ചു തുടങ്ങി. കേരള വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒരുപോലെ സ്വീകരിക്കേണ്ട ഒന്നാണ് സംരംഭകത്വ സൗഹൃദ സമീപനം. തൊഴിലാളികളെ അടിമകളാക്കണമെന്നല്ല, അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടു തന്നെ പണം മുടക്കുന്ന സംരംഭകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും എല്ലാവർക്കും ബാധ്യതയുണ്ട്. കാർഷികം ,വ്യവസായം,, നിർമ്മാണം, ഐ.ടി. തുടങ്ങിയ സർവ്വ മേഖലകളിലും മികച്ച സംരംഭങ്ങൾ ഉണ്ടാകാതെ കേരളത്തിന് നിലനില്പില്ല.

തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമെന്നത് കാലഹരണപ്പെട്ട മുദ്രാവാക്യമായി മാറി.
സംശുദ്ധമായ ഭരണ സംവിധാനവും ആരോഗ്യകരമായ സംരംഭക – തൊഴിലാളി ബന്ധങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. സംസ്ഥാന സർക്കാർ നടത്തുന്ന സംരംഭക വർഷാചരണങ്ങളും ഇന്‍വെസ്റ്റേഴ്സ് മീറ്റുകളും ഉച്ചകോടികളും പെട്ടെന്ന് ഫലം നൽകണമെന്നില്ല. എങ്കിലും അടിസ്ഥാനപരമായ ഒരു മാറ്റത്തിനുള്ള സൂചനകളായി അവയെ കാണണം. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കുടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നിർമ്മാണ മേഖലയിലാണ്. നിർഭാഗ്യവശാൽ നിർമ്മാണ സംരംഭകരായ കരാറുകാർ, മെഷിനറി ഉടമകൾ, സപ്ളെയേഴ്സ് തുടങ്ങിയവരെല്ലാം പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സംരംഭകത്വ നയത്തിൽ സ്വയം സംരംഭകരായ നിർമ്മാണ സംരംഭകരെയും കേരള വ്യാപാരികളെയും ഉൾക്കൊള്ളണം. അവരെ പാർശ്വവൽക്കരിക്കുന്ന നീതിരഹിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. സംരംഭക സംരക്ഷണം രാഷ്ട്രീയത്തിനതീതമായി കാണാൻ, ഭരണ-പ്രതിപക്ഷങ്ങളും തയ്യാറാകണം.

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അനിവാര്യമായ സംരംഭകത്വ വിസ്ഫോടനത്തിനായി ഏവരും ആത്മാർത്ഥതയോടു കൂടി മുന്നിട്ടിറങ്ങട്ടെ.

വികാസ് മുദ്രയ്ക്കു വേണ്ടി
വർഗീസ് കണ്ണമ്പള്ളി.


Share this post:

One Reply to “കേരളത്തിനു വേണ്ടത് സംരംഭകത്വ വിസ്‌ഫോടനം.”

  1. യൂണിയൻ കാരുടെ അതി പ്രസരം കൊണ്ടാണ് ആലപ്പുഴ നശിച്ചത് ഇനി എങ്കിലും ഇത് പോലെ ഉള്ള ആശയങ്ങൾ വരട്ടെ സിപിഎം വിചാരിച്ചാൽ മാത്രമേ പുതിയ നല്ല സംരംബങ്ങൾ നമ്മുടെ നാട്ടിൽ വരുകയുള്ളു ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *