ജൽ ജീവൻ പദ്ധതി പൂർത്തിയാക്കുന്നില്ലെങ്കിൽ കേരള സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ.മുരളീധരൻ.

Share this post:

യാതൊരു സാമ്പത്തിക മുന്നൊരുക്കവും നടത്താതെ 44500 കോടി രൂപയുടെ കുടിവെള്ള പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും ടെണ്ടർ നടത്താൻ,വാട്ടർ അതോരിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ , ഇപ്പോൾ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയിലാണെന്ന് കെ.മുരളീധരൻ എക്സ് എം.പി. പ്രസ്താവിച്ചു. ജൽ ജീവൻ കരാറുകാരുടെ സംയുക്ത സമിതി വാട്ടർ അതോരിറ്റി ആസ്ഥാനമായ ജലഭവനിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു, കെ.മുരളീധരൻ. സമിതി ചെയർമാൻ ജോസ് വാളോത്തിൽ അദ്ധ്യക്ഷനായിരുന്നു. അൻപത് ശതമാനം കേന്ദ്ര വിഹിതം ലഭിക്കുന്ന പദ്ധതിയിൽ ,കേരളം 31-ാം സ്ഥാനത്തു് പോയതിന്റെ കാരണം കേരള സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒറിജിനൽ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും കേരള വിഹിതത്തിന്റെ നാലിലൊന്നു പോലും സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടില്ല. തന്മൂലം നാലായിരത്തി അഞ്ഞുറിൽപരം കോടി രൂപ കരാറുകാർക്ക് കുടിശ്ശികയാണ്. കുടിശ്ശിക ബില്ലുകളുടെ ജാമ്യത്തിൽ , കരാറുകാർ കെട്ടിവച്ച സെക്യൂരിറ്റിതുകളും റിട്ടൻഷൻ തുകകളും റിലീസ് ചെയ്യണമെന്ന ആവശ്യം ഉയർന്നപ്പോൾ, ബാങ്കുകളിൽ നിന്നും മേൽ പറഞ്ഞതുകകൾ ട്രഷറികളിലേയ്ക്ക് മാറ്റാൻ ഉത്തരവിടുകയാണ് സർക്കാരെന്നും അദ്ദേഹം ആക്ഷേപിച്ചു. ജൽജീവൻ പദ്ധതിയുടെ കാലാവധി 2028 വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന വിഹിതമായി 17000 കോടിയോളം രൂപ കണ്ടെത്താതെ പണികൾ നടക്കില്ല കഴിഞ്ഞ അഞ്ചു വർഷവർഷത്തിനിടയിൽ 5000 കോടി രൂപ മാത്രം ചെലവഴിച്ച കേരള സർക്കാർ, അടുത്ത മൂന്നു വർഷം കൊണ്ട് 17000 കോടി രൂപ ചെലവഴിക്കുമെന്ന് വിശ്വസിക്കാനാവില്ല. 2025-26 വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് വിഹിതം കേവലം 560 കോടിയാണ്. ബാക്കി 16340 കോടി എങ്ങനെ , എപ്പോൾ കണ്ടെത്തുമെന്ന് കേരള സർക്കാർ വ്യക്തമാക്കണം.

സംസ്ഥാന സർക്കാർ ചെലവിടുന്നതിന് ആനുപാതികമായി മാത്രമേ കേന്ദ്രസർക്കാർ പണം ചെലവിടുകയുള്ളു. എണ്ണൂറോളം കരാറുകാർക്കായി കുടിശ്ശിക വരുത്തിയിട്ടുള്ള 4500 കോടിയിൽ പരം രൂപ അവർക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. ബാങ്കുകൾക്കുള്ള പലിശ പോലും മിക്ക കരാറുകാർക്കും അടയ്ക്കാൻ കഴിയുന്നില്ല. പലരും ജപ്തി ഭീഷണായി ലാണ്. ഏറ്റവും മികച്ച പ്രവർത്തന സമയമാണ് കരാറുകാർക്ക് പണമില്ലാത്തതു മൂലം നഷ്ടപ്പെടുത്തേണ്ടി വന്നിരി ക്കുന്നത്. മഴ ആരംഭിച്ചാൽ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് അനുമതിയും ലഭിക്കില്ല. അതിനാൽ 4500 കോടി രൂപയുടെ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും ബാക്കി പദ്ധതി ചെലവിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമുള്ള കരാറുകാരുടെ ആവശ്യം ന്യായമാണ്. സർക്കാരിന്റെ നിഷ്ക്രീയത്വം മൂലം കരാറുകാർ പണികൾ പുനരാരംഭിക്കുന്നില്ലെങ്കിൽ പദ്ധതി നാലിലൊന്നു വഴിയിൽ ഉപേക്ഷിക്കപ്പെടും. ഗ്രാമങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകും. കരാറുകാർ സ്ഥാപിച്ച പൈപ്പുകളിൽ പോലും വെള്ളം നൽകാൻ വാട്ടർ അതോരിറ്റിക്ക് കഴിയുന്നില്ല. നിരവധി വീട്ടുകാർ കണക്ഷനുകൾ ഉപേക്ഷിച്ചു കഴിഞ്ഞു. വെട്ടിപ്പൊളിച്ച റോഡുകളുടെ പുന:രുദ്ധാരണം പോലും നടക്കുന്നില്ല. ഇതിനൊക്കെ കേരള സർക്കാർ ജനങ്ങൾക്ക് മറുപടി നൽകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

സനീഷ് കുമാർ ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. സുരേഷ് പൊറ്റക്കാട്, വർഗീസ് കണ്ണമ്പള്ളി,പി.വി കൃഷ്ണൻ, കെ.എം.അക്ബർ, നാഗരത്നം, നജീബ് മണ്ണേൽ, പോൾ. ടി.മാത്യൂ , ഖാലിദ് കോഴിക്കോട്, സിദ്ധാർത്ഥൻ, കെ.കെ. ആന്റെണി , അബ്ബാസ് കുറ്റിപ്പുള, നൗഫൽ, വി.ഉണ്ണികൃഷ്ണൻ ,ലീസൺ ജോർജ്ജ്, തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുൻപ് വാട്ടർ അതോരിറ്റി ആസ്ഥാനത്ത് നടത്തപ്പെട്ട പ്രകടനത്തിന് ശ്രീജിത്ത് ലാൽ, പോളി വർഗീസ്, ഷാജി ഇലവത്തിൽ, റെജി.ടി. ചാക്കോ, മാത്യൂ കുഞ്ഞു മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകി.

വികാസ് മുദ്രയ്ക്കു വേണ്ടി
എഞ്ചി. കെ.സതീഷ് കുമാർ കോഴിക്കോട് &
എസ്. അനിൽകുമാർ നെയ്യാറ്റിൻകര .


Share this post:

Leave a Reply

Your email address will not be published. Required fields are marked *