ജൽജീവൻ മിഷൻ , അറ്റകുറ്റ പണികൾ തുടങ്ങിയവയിൽ വാട്ടർ അതോരിറ്റി കരാറുകാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ട് കരാറുകാർ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ജോസ് വാളോത്തിൽ അറിയിച്ചു. ജൽ ജീവൻ പദ്ധതിയിൽ കുടിശ്ശിക നാലായിരം കോടി രൂപയിലധികമായി. അറ്റകുറ്റ പണികൾക്ക് 18 മാസത്തെ കുടിശ്ശികയും. ഇത് കരാറുകാർക്ക് താങ്ങാനാവാത്തതാണ്.
ജെ.ജെ.എം. പദ്ധതിയുടെ കാലാവധി 2028 വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള കുടിശ്ശിക ഉടനെ കരാറുകാർക്ക് നൽകുകയും തുടർ വർഷങ്ങളിൽ സമയബന്ധിതമായി പണം നൽകാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യാതെ ജെ.ജെ. എം പണികൾ തുടരാൻ കഴിയില്ല. സംസ്ഥാന വിഹിതമായി ആകെ വേണ്ടതു് 17250 കോടി രൂപയാണ്. രണ്ടായിരം കോടി രൂപ 2025 മാർച്ച് 31 – ന് മുൻപും ബാക്കി ഗഡുക്കളായി 2028 വരെയും നൽകണം. 2024-25 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ജെ.ജെ. എം – ന് ഒരു രൂപ പോലും ബാക്കിയില്ല. അതിനാൽ ഉപധനാഭ്യത്ഥനയിലൂടെയോ വായ്പയിലൂടെയോ സംസ്ഥാന വിഹിതമായി രണ്ടായിരം കോടി രൂപയെങ്കിലും ഉടനെ കണ്ടെത്തണം. സംസ്ഥാന വിഹിതം ഉടനെ നൽകിയാൽ മാത്രമേ മാർച്ച് 31 -ന് മുൻപ് കേന്ദ്രവിഹിതമായി 2000 കോടി രൂപ ലഭിക്കുകയുള്ളൂ. 2025-26, 2026-27, 2027 – 28 സാമ്പത്തിക വർഷങ്ങളിൽ 5000 കോടി രൂപ വീതം ലഭ്യമാക്കണം. 2025 – 26 വർഷത്തിലെ സംസ്ഥാന ബഡ്ജറ്റ് വിഹിതം കേവലം 560 കോടി രൂപയാണ്. അതിനാൽ ബാക്കി തുകയ്ക്ക് വായ്പ ഉറപ്പാക്കണം. വായ്പാ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടതാണ്. ഫെ: 11-ന് പ്രത്യേക യോഗവും വിളിച്ചിരുന്നു. എന്നാൽ യോഗം നടന്നില്ല. ഫെ: 28-ന് വീണ്ടും യോഗം ഉണ്ടാകുമെന്ന് അറിയുന്നു.
ജൽ ജീവൻ കരാറുകാർ പിടിച്ചു നില്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. മിക്കവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു. മേയ് മാസത്തിൽ വർക്കിംഗ് സീസൺ അവസാനിക്കും. റോഡ് കട്ടിംഗ് പിന്നീട് ഉടനെയെങ്ങും. നടക്കില്ല. കരാറുകാർ നിസഹായാവസ്ഥയിലാണ്. കേരള സർക്കാർ ഉണർന്ന്പ്ര വർത്തിക്കുന്നില്ലെങ്കിൽ കരാറുകാർക്ക് പണികൾ പുനരാരംഭിക്കാനാവില്ല. അറ്റകുറ്റ പണികളുടെ കാര്യവും തഥൈവ. 18 മാസത്തെ കുടിശ്ശിക ചെറുകിട കരാറുകാർക്ക് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. ഫെ: 19 – ന് ജലഭവനു മുൻപിൽ വീണ്ടും ധർണ്ണ നടത്തും. പണികൾ പൂർണ്ണമായും നിലയ്ക്കും മെന്നും ജോസ് വാളോത്തിൽ പ്രസ്താവിച്ചു.
വികാസ് മുദ്രയ്ക്കു വേണ്ടി
മാത്യു കുഞ്ഞു മാത്യ & ശ്രീജിത്ത് ലാൽ.