സംസ്ഥാന ബഡ്ജറ്റ് ഇങ്ങനെ മതിയോ?

Share this post:

സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതിയുള്ള (Administrative sanction,) ഉള്ള പ്രവർത്തികളുടെയും ഇല്ലാത്ത പ്രവർത്തികളുടെയും നീണ്ട പട്ടിക ഉൾപ്പെടുത്താറുണ്ട്. ഭരണാനുമതി എന്നാൽ പണം എന്നാണ് സാധാരണ വിവക്ഷ. ഭരണാനുമതി നൽകുമ്പോൾ , പണം ഉണ്ടായിരിക്കുകയോ യഥാസമയം (ബില്ലുകൾ വരുമ്പോൾ) പണം ലഭ്യമാക്കുമെന്ന് മേലധികാരിയിൽ നിന്നും ഉറപ്പ് ലഭിക്കുകയാ ചെയ്താൽ മാത്രമേ ഒരു പ്രവർത്തിക്ക് ഭരണാനുമതി നൽകുമായിരുന്നുള്ളു.

ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ, അന്നത്തെ മുഖ്യമന്ത്രി പട്ടം എ.താണുപിള്ളയും വിദ്യാഭ്യാസ മന്ത്രിപി.പി. ഉമ്മർകോയയും സ്ക്കൂളിൽവച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തത് ഓർമ്മിക്കുന്നു. നീരേറ്റുപുറം പാലം ഉടനെ പണിയണമെന്ന നിവേദനം സംഘാടകർ മുഖ്യമന്ത്രിക്ക് നൽകി. ഈ വർഷത്തെ ബഡ്ജറ്റിൽ പണമില്ല. അടുത്ത വർഷം പാലം പണിക്കുള്ള പണം വകയിരുത്താം. ഇനി എടത്വായിൽ വരുന്നതു് നീരേറ്റുപുറം പാലത്തിലൂടെയായിരിക്കും. മുഖ്യമന്ത്രി പ്രസ്താവിച്ചു. അദ്ദേഹം വാക്കുപാലിച്ചു. നീരേറ്റുപുറം പാലം യാഥാർത്ഥ്യമായി.

പിന്നീട് പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ദിവാകരന് എടത്വായിൽ ഒരു പൗരസ്വീകരണം നൽകിയതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടി നേതാവും നാട്ടുകാരനുമായ മുല്ലപ്പള്ളിൽ കെ. ദിവാകരപ്പണിക്കരായിരുന്നു, മുഖ്യസംഘാടകൻ. എടത്വാ പാലവും തകഴി പാലവും ഉടനെ പണിയണമെന്ന നിവേദനം നാട്ടുകാർ, മന്ത്രിക്ക് നൽകി. എടത്വാ പാലം പണിക്കുള്ള ഫണ്ട് അടുത്ത വർഷത്തെ ബഡ്ജറ്റിൽ വകയിരുത്താമെന്ന് മന്ത്രി ഉറപ്പു നൽകി. ബഡ്ജറ്റിൽ പണം വകയിരുത്തപ്പെട്ടു. എടത്വാ പാലവും യാഥാർത്ഥ്യമായി.

എന്റെ ബാല്യകാലത്തും ചെറുപ്പകാലത്തും നടന്ന രണ്ടു സംഭവങ്ങൾ അവതരിപ്പിച്ചത്, ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തി മാത്രം ഭരണാനുമതി നൽകുകയും കരാറുകാർ , കുടിശികയില്ലാതെ, നിർമ്മാണപ്രവർത്തികൾ നടത്തുകയും ചെയ്തിരുന്ന കാലങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ്.
ഇപ്പോഴും, ഒരു പാലത്തിന് അല്ലെങ്കിൽ കെട്ടിടത്തിന് ഇത്ര കോടി രൂപ അനുവദിച്ചിരിരിക്കുന്നു വെന്ന മന്ത്രിയുടെയോ എം.എൽ.എൽ.എ യുടെയോ. പ്രസ്താവന കാണുമ്പോൾ, സാധാരണ ജനം ധരിക്കുന്നത് , ഫണ്ട് റെഡി എന്നു തന്നെയാണ്. പക്ഷേ ഫണ്ട് പലപ്പോഴും കടലാസിൽ മാത്രം. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് 44500 കോടിയുടെ ഭരണാനുമതിയാണ് നൽകപ്പെട്ടിട്ടുള്ളത്. അൻപത് ശതമാനം കേന്ദ്ര സർക്കാർ നൽകും. ബാക്കി സംസ്ഥാന സർക്കാർ കണ്ടെത്തണം. കാലാവധി അഞ്ചു വർഷമാണെങ്കിൽ ഓരോ വർഷവും സംസ്ഥാന വിഹിതമായ 22250 കോടി രൂപയുടെ .തുല്യ വിഹിതങ്ങൾ. ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ടതല്ലേ? വായ്പയാണെങ്കിൽ, അതും ഉറപ്പു വരുത്തി വേണമല്ലോ ഭരണാനുമതി നൽകേണ്ടത്.

കരാറുകാർക്ക് എത്ര കോടി രൂപ കൂടിശ്ശികയുണ്ടെന്ന് , ബഡ്ജറ്റ് രേഖകളിൽ വ്യക്തമല്ല. വർഷങ്ങളായി തുടരുന്ന സ്ഥിതിയാണിത്. മന്ത്രി കെ.എൻ.ബാലഗോപാലിനെ മാത്രം കുറ്റും പറയാനാവില്ല. എന്നാൽ, ഈ സ്ഥിതിക്ക് മാറ്റം വരുത്തേണ്ടേ? കക്ഷി രാഷ്ട്രീയത്തിനതീതമായി കേരള നിയമസഭാംഗങ്ങൾ ചിന്തിക്കേണ്ട പ്രശ്നമാണിത്.

വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *