ജല അതോരിറ്റി തന്നെയാണ് മനസിൽ

Share this post:

കേരളത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗം ഗവ. കരാറുകാരാണെന്ന് റിട്ട.ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഒരിക്കൽ പറയുകയുണ്ടായി. എന്നാലിപ്പോൾ, ഗവ. കരാറുകാരിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ജല അതോരിറ്റി കരാറുകാരാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. പൊതു മരാമത്ത് മാന്വലിലും എസ്.ബി.ഡിയിലും ഉള്ളതിനെക്കാൾ, കടുകട്ടിയായ നിബന്ധനകളാണ് , ജല അതോരിറ്റിയിൽ വൈകല്യ ബാദ്ധ്യതയ്ക്കുള്ളത്. എല്ലാ സിവിൾ വർക്കുകൾക്കും വാട്ടർ അതോരിറ്റി കരാറുകാർ അഞ്ചു വർഷത്തെ ഗ്യാരണ്ടി നൽകണം. ഉല്പാദകർ ഒരു വർഷത്തെ ഗ്യാരണ്ടി മാത്രം നൽകുന്ന പൈപ്പുകൾക്ക് , കരാറുകാർ 5 വർഷത്തെ ഗ്യാരണ്ടി എങ്ങനെ നൽകണമെന്ന് ജല അതോരിറ്റി തന്നെയാണ് വിശദീകരിക്കേണ്ടത്.

അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാരുടെ ബില്ലുകൾ 18 മാസത്തെ കുടിശ്ശികയാണ്. 2022-ൽ കരാറുകാരുടെ സമരം ഒത്തുതീർക്കുന്നതിന് വകുപ്പ് മന്ത്രി നൽകിയ ഉറപ്പ്, 2023 ൽ അറ്റകുറ്റപണിക്കാരുടെ ബില്ലുകൾ കുടിശ്ശിക രഹിതമാക്കാമെന്നായിരുന്നു. വാട്ടർ ചാർജ് വർദ്ധിപ്പിച്ചിട്ടും കുടിശ്ശിക ഇപ്പോഴും 18 മാസം. ഇഷ്ടം പോലെ പ്രവർത്തികൾ, രൊക്കം പണം എന്നാണ് ജൽ ജീവൻ പദ്ധതിയെക്കുറിച്ച് നൽകിയ പ്രചാരണം. ജല അതോരിറ്റിയിലെ സ്ഥിരം കരാറുകാർ മാത്രമല്ല, പൊതുമരാമത്ത് , ജലവിഭവം, എൽ.എസ്.ജി.ഡി. കരാറുകാർ മത്സരിച്ച് ജൽജീവൻ പ്രവർത്തികൾ ഏറ്റെടുത്തു. അതിഥി കരാറുകാരും “കൊക്കു നിറയെ ” പ്രവർത്തികൾ ഏറ്റെടുത്തു. 2024 – 25 അവസാനിക്കുമ്പോൾ കുടിശ്ശിക 4500 കോടിയിലധികമാകുമെന്ന് കണക്കാക്കപ്പെടുന്നു. കരാറുകാർ ,2025-26 വർഷത്തെ സംസ്ഥാന ബഡ്ജറ്റ് പ്രതീക്ഷയോടെ കാത്തിരുന്നു. ജൽജീവൻ പദ്ധതിക്ക് 560 കോടി രൂപമാത്രം! മുഖമന്ത്രി ജൽ ജീവൻ പദ്ധതിയുടെ കുരുക്കഴിക്കാൻ ഇടപെടുമെന്ന പ്രതീക്ഷയിലാണ് , കരാറുകാർ ഒന്നടങ്കം. ബിൽഡേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റക്കാട്, സമരസമിതി ചെയർമാൻ ജോസ് വാളോ ത്തിൽ തുടങ്ങിയവരുമായി ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ ചർച്ചയിലും മുഖമന്ത്രി ഇടപെട്ട് വായ്പ ശരിയാക്കുമെന്ന പ്രതീക്ഷയാണ് നൽകപ്പെട്ടത്. പണികൾ ഉപേക്ഷിക്കാതിരിക്കുന്നതിനുള്ള ഏക പ്രതീക്ഷയും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നതാണ്. നല്ലത് സംഭവിക്കട്ടെ.

വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *