പാറ പൊടിച്ച് മണലുണ്ടാക്കിയാൽ , കേരളം തന്നെ പൊടിഞ്ഞു പോകുമെന്നായിരുന്നു , പ്രചാരണം. മൂന്ന് പതിറ്റാണ്ട് മുൻപ് പാറ മണൽ ,എം. സാൻഡ് എന്നിവയൊന്നും കേരളീയർക്ക് പരിചിതമായിരുന്നില്ല. മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച്, നിർമ്മിക്കുന്ന എം.സാർഡ്, ആറ്റുമണലിനെക്കാൾ, മെച്ചമാണെന്ന് ബോധ്യപ്പെടുത്താൻ, എഞ്ചിനീയറിംഗ് കോളേജുകളുടെ സഹകരണത്തോടു കൂടി എത്രയെത്ര സെമിനാറുകൾ വേണ്ടി വന്നു. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻകൈ എടുത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽ മണൽ ഖനനത്തിന്റെ സാദ്ധ്യതയെക്കുറിച്ച് അക്കാലത്തു തന്നെ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. മാവേലിക്കര സുജാതൻ എന്ന വ്യക്തി , കടൽ മണൽ ഖനനത്തിനു വേണ്ടി കമ്പനി രൂപീകരിക്കുകയും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള കടൽ മണൽ വിപണിയിൽ എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ എം. സാൻഡ് വിപ്ലവത്തിനിടയിൽ അതൊക്കെ വിസ്മരിക്കപ്പെട്ടു. ഇന്നിപ്പോൾ.എം.സാൻഡും കേരളത്തിന് കിട്ടാക്കനി ആയിക്കൊണ്ടിരിക്കുന്നു. ഉയർന്ന സ്ട്രെന്തുള്ള കോൺക്രീറ്റിന് മണൽ ഏറ്റവും അനിവാര്യമാണ്. അഗ്രിഗേറ്റ് ഫ്രീ കോൺക്രീറ്റ് (മെറ്റിൽ ഇല്ലാതെ മണൽ മാത്രം ഉപയോഗിച്ചുള്ള കോൺക്രീറ്റ് ) വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഫെറോ സിമന്റ് ടാങ്കുകൾ കേരളത്തിൽ പരിചിതമായിട്ട് പതിറ്റാണ്ടുകളായി. ചുരുക്കത്തിൽ അംഗീകൃത മാനദണ്ഡങ്ങളനുസരിച്ചുള്ള മണലിന്റെ എല്ലാ ശ്രോതസുകളും ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കടൽ മണൽ ഖനനം എന്ന് കേൾക്കുമ്പോഴേ , മത്സ്യസമ്പത്തിന്റെ സമൂല നാശമെന്ന ആക്രോശവുമായി പ്രകൃതി സ്നേഹികൾ രംഗത്തു വരും.! സീപ്ലെയിനിന്റെ കാര്യത്തിലും മത്സ്യസമ്പത്തിന്റെ സർവ്വനാശമാണ് തടസം!. കേരള തീരത്തു നിന്നു ഏതാണ്ട് 40 കിലോ മീറ്റർ വരെ അകലത്തിൽ അഞ്ചോളം അതിവിപുലമായ .മണൽ കൂമ്പാരങ്ങൾ .ഉണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വണ്ട് ,പൂവിൽ നിന്നും തേൻ എടുക്കുന്നതുപോലെ , ഈ മണൽ കുമ്പാരങ്ങളിൽ നിന്നും മണൽ ശേഖരിക്കാനും സംസ്ക്കരിച്ച് വിപണിയിലെത്തിയ്ക്കാനും ഇപ്പോൾ ശാസ്ത്രീയ സംവിധാനങ്ങൾ ലഭ്യമാണ്. ഒട്ടേറെ രാജ്യങ്ങൾ സുരക്ഷിതമായി, വർഷങ്ങളായി നടത്തിവരുന്ന സംവിധാനങ്ങളാണവ.
” പ്രകൃതി സ്നേഹികൾ ” കഠിനാദ്ധ്വാനം നടത്തി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ക്വാറികളും പൂട്ടിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, അവിടങ്ങളിലെ സർക്കാരുകളുടെ ദയാദാക്ഷിണ്യത്തിൽ, ക്വാറി-ക്രഷർ ഉല്പന്നങ്ങൾ കൊണ്ടുവരേണ്ട ഗതികേടിലാണ് നിർമ്മാണ മേഖല. കടൽ മണൽ ഖനനത്തെ, മുൻ വിധിയില്ലാതെ പരിശോധിക്കാനും നൂറ് ശതമാനം ശാസ്ത്രീയമായി നടത്തുന്ന ഖനനങ്ങളെ അംഗീകരിക്കാനും കേരള സർക്കാരും ജനങ്ങളും തയ്യാറാകണം. അടിസ്ഥാന സൗകര്യവികസന മേഖല നേരിടുന്ന വിഭവ ക്ഷാമം പരിഹരിക്കാൻ,അന്ധമായ പ്രചാരണങ്ങൾ തടസമാകാൻ പാടില്ല.
വർഗീസ് കണ്ണമ്പള്ളി.