ആയിരം രൂപ തരാനുള്ളയാൾ, ഒരു മുന്നുറ്‌രൂപ മാത്രം തരുമ്പോഴും നമുക്ക് ഒരാശ്വാസമാണ്. അതാണ് 2021 ലെ ഡി.എസ്.ആർ നടപ്പാക്കുമ്പോൾ കേരള കരാറുകാർക്ക് ലഭിക്കുന്നത്. എല്ലാ വർഷവും പുതുക്കുന്ന KSR (കേരള ഷെഡ്യൂൾ ഓഫ് റേറ്റ് സ് ,) എന്നതാണ് പൊതുമരാമത്ത് മാന്വലിലെ വ്യവസ്ഥ. പ്രസ്തുത വ്യവസ്ഥ മാറ്റാതെ തന്നെ 2013 മുതൽ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് എന്ന DSR സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങി. എന്നാൽ പിന്നീട് DSR പരിഷ്കരിച്ചപ്പോഴൊന്നും തന്നെ ,കേരള സർക്കാർ അത് തത്സമയം കേരളത്തിൽ നടപ്പാക്കിയില്ല. ഇപ്പോഴും 2018 ലെ DSR-ൽ തന്നെ കേരളം അടകലുകൾ തയ്യാറാക്കുന്നു. 79 ശതമാനം PWD വർക്കുകളും 74% LSGD വർക്കുകളും ബിലോ നിരക്കുകളിലാണ് , ഇപ്പോൾ ടെണ്ടർ ചെയ്യപ്പെടുന്നതെന്നും അതുകൊണ്ട് , നിരക്ക് പരിഷ്ക്കരണം ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തീരുമാനം എടുക്കപ്പെട്ടു. അതിനിടയിൽ, എല്ലാവർഷവും പുതുക്കപ്പെടുന്ന KSR നടപ്പാക്കാമെന്ന നിർദ്ദേശവുമായി പൊതുമരാമത്തു വകുപ്പ് കരാറുകാരുടെ സംഘടനാ നേതാക്കളുമായി ചർച്ചകളുടെ പരമ്പര തന്നെ നടത്തി. ഓരോ വസ്തുവിന്റെയും വിപണി നിരക്ക് രേഖാമൂലം സംഘടിപ്പിപ്പ് , സംഘടനാ നേതാക്കൾ പൊതുമരാമത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വച്ചു. ഒടുവിൽ അംഗീകൃത KSR.2025 തയ്യാറായി. അപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തീരുമാനം ഒരു വെള്ളിടി പോലെ പതിച്ചതു്. 2025-26 ലെ സംസ്ഥാന ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി 2021 ലെ DSR നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. “അത്രയ്ക്കെങ്കിൽ അത്ര” എന്ന് സമാശ്വസിക്കാം.
ഭൂരിപക്ഷം വർക്കുകളും ബിലോയിൽ പോകുന്നു. അതുകൊണ്ട് മറ്റ് വർക്കു കൾക്കും ബിലോനിരക്കുകൾ മാത്രമേ നൽകു എന്നൊന്നും ഒരു സർക്കാരും ഇതുവരെ പറഞ്ഞിട്ടില്ല. ബഹുഭൂരിപക്ഷം വർക്കുകളും ബിലോ നിരക്കുകളിൽ പോകുമ്പോഴും 35 ഉം40ഉം ശതമാനം ഉയർന്ന നിരക്കുകളിൽ ഇപ്പോഴും ടെണ്ടറുകൾ, പാസാക്കി നൽകുന്നുമുണ്ട്. 10% മാത്രം ലാഭം അനുവദിക്കുന്നതും ഏറ്റവും കൂടുതൽ റിസ്ക് ഉള്ളതുമായ ഒരു തൊഴിലിൽ വിപണി നിരക്കുകളോട് പൊരുത്തപ്പെടുന്ന നിരക്ക് ലഭിക്കാനും കുടിശ്ശികയില്ലാതെ രൊക്കം പണം ലഭിക്കാനും കരാറുകാർക്ക് അർഹതയുണ്ട്. DSR ആയാലും KSR ആയാലും ഏറ്റവും പുതിയ വർഷത്തെ നിരക്കുകളിലാവണം ടെണ്ടർ നടക്കേണ്ടതു്. ടെണ്ടറിനുംശഷമുണ്ടാകുന്ന വിലവർദ്ധനവിനും കരാറുകാർക്ക് നഷ്ടപരിഹാരം ലഭിക്കണം. വില വർദ്ധനവിനെതിരെ , കളക്ടറേറ്റുകളിലും ക്വാറികളിലും, സിമന്റ് കച്ചവടക്കാരുടെ മുൻപിലും സമരം ചെയ്യേണ്ടവരല്ല, കരാറുകാർ. ഓരോ മാസത്തെയും വില നിലവാരം അടിസ്ഥാനമാക്കി വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണം. അതിന് അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ തടസമാകരുത്. പൊതു പണം ഉപയോഗിച്ച് നടത്തപ്പെടുന്ന കരാറുകൾ തികച്ചും ഭരണഘടനാധിഷ്ഠിതമാണ്. അക്കാര്യം ആദ്യം തിരിച്ചറിയേണ്ടതു് അധികാരികൾ തന്നെയാണ്.