റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (RKl)കരാറുകാർ ബുധനാഴ്ച പ്രോജക്ട് ഡയറക്ടറുടെ ആഫീസ് മുമ്പാകെ ധർണ്ണ നടത്തി. മനോജ് പാലത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ കേരളാ ഗവ.കോൺടാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ഉൽഘാടനം ചെയ്തു. കരാറുകാരുടെ കുടിശ്ശിക തീർക്കാനുള്ള പണം RK| യുടെ പക്കൽ ഉണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ കരാറുകാർക്ക് പണം കിട്ടുന്നില്ല. നിയമാനുസൃതം കാലാവധി നീട്ടി നൽകുക, റിവൈസ്ഡ് എസ്റ്റിമേറ്റ് പാസാക്കി നൽകുക, യഥാസമയം ബില്ലുകൾ തയ്യാറാക്കുക തുടങ്ങിയവയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പ്രശ്നമായിരിക്കുന്നത്. R KIപദ്ധതിയുടെ കാലാവധി ജൂൺ 30 -ന് അവസാനിക്കുമെന്നതിനാൽ, ഉടനെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ, കരാറുകാർ പ്രതിസന്ധിയിലാകും. അതിനാൽ ഉദ്യോഗസ്ഥരുടെ ഒരു ക്യാമ്പ് നടത്തി നടപടിക്രമങ്ങൾ പുർത്തീകരിച്ച്, എല്ലാ ബില്ലുകളും പാസാക്കി നൽകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. പണികൾ ഏറ്റെടുത്ത് നടത്തുന്ന ഏതാണ്ട് എല്ലാ കരാറുകാരും പ്രോജക്ട് ഡയറക്ടറുടെ ആഫീസ് വരാന്തയിലും മുറ്റത്തുമായി കുത്തിയിരുന്നത് കൗതുകമായി. പ്രോജക്ട് എഞ്ചിനീയർ വിഷ്ണു, കരാറുകാരുടെ ആവശ്യങ്ങൾ ഉടനടി നടപ്പാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് കരാറുകാർ ധർണ്ണ അവസാനിപ്പിച്ചത്. സമര കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് ഭാരവാഹികൾ, തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താ സമ്മേളനവും നടത്തി.




